JOSUA 1:1-11

JOSUA 1:1-11 MALCLBSI

സർവേശ്വരന്റെ ദാസനായ മോശയുടെ മരണശേഷം അദ്ദേഹത്തിന്റെ ശുശ്രൂഷകനും നൂനിന്റെ പുത്രനുമായ യോശുവയോട് അവിടുന്ന് അരുളിച്ചെയ്തു: “എന്റെ ദാസനായ മോശ മരിച്ചു; നീയും ഇസ്രായേൽജനം മുഴുവനും യോർദ്ദാൻനദി കടന്ന് അവർക്കു ഞാൻ നല്‌കാൻ പോകുന്ന ദേശത്തു പ്രവേശിക്കുക. മോശയോടു വാഗ്ദാനം ചെയ്തിരുന്നതുപോലെ നിങ്ങളുടെ കാലടി വയ്‍ക്കുന്ന സ്ഥലമൊക്കെയും ഞാൻ നിങ്ങൾക്കു നല്‌കും. നിങ്ങളുടെ ദേശത്തിന്റെ അതിരുകൾ തെക്ക് മരുഭൂമിയും വടക്ക് ലെബാനോനും കിഴക്ക് മഹാനദിയായ യൂഫ്രട്ടീസ് ഒഴുകുന്ന ഹിത്യരുടെ ദേശവും പടിഞ്ഞാറ് മെഡിറ്ററേനിയൻ സമുദ്രവും ആയിരിക്കും. നിന്റെ ആയുഷ്കാലമത്രയും ആർക്കും നിന്നെ തോല്പിക്കാൻ കഴിയുകയില്ല. ഞാൻ മോശയുടെകൂടെ ഉണ്ടായിരുന്നതുപോലെ നിന്റെ കൂടെയും ഇരിക്കും. ഞാൻ നിന്നെ വിട്ടുപോകുകയില്ല; ഉപേക്ഷിക്കുകയുമില്ല. ശക്തനും ധീരനുമായിരിക്കുക; ഞാൻ ഈ ജനത്തിനു കൊടുക്കുമെന്നു പിതാക്കന്മാരോടു വാഗ്ദത്തം ചെയ്തിരുന്ന ദേശം നീയാണ് അവർക്കു വിഭജിച്ചു കൊടുക്കേണ്ടത്. നീ ശക്തനും ധീരനുമായി ഇരുന്നാൽ മാത്രം മതി; എന്റെ ദാസനായ മോശ നിങ്ങൾക്കു നല്‌കിയിട്ടുള്ള കല്പനകൾ അനുസരിക്കുന്നതിന് നീ ജാഗ്രത പുലർത്തണം; അവയിൽ ഒന്നുപോലും അവഗണിക്കാതെയിരുന്നാൽ നീ നിന്റെ ഉദ്യമങ്ങളിലെല്ലാം വിജയം വരിക്കും. ധർമശാസ്ത്രഗ്രന്ഥം നിന്റെ അധരങ്ങളിൽ എപ്പോഴും ഉണ്ടായിരിക്കട്ടെ; അതിൽ രേഖപ്പെടുത്തിയിട്ടുള്ളതെല്ലാം ശ്രദ്ധയോടെ അനുസരിക്കാൻ ഉതകുംവിധം രാവും പകലും അതു ധ്യാനിക്കണം. അപ്പോൾ നിനക്ക് അഭിവൃദ്ധിയുണ്ടാകുകയും ഏർപ്പെടുന്ന എല്ലാ കാര്യങ്ങളിലും നീ വിജയം വരിക്കുകയും ചെയ്യും. ശക്തനും ധീരനും ആയിരിക്കുക എന്നു ഞാൻ കല്പിച്ചിട്ടില്ലേ! ഭയപ്പെടുകയോ അധൈര്യപ്പെടുകയോ അരുത്; നീ പോകുന്നിടത്തെല്ലാം നിന്റെ ദൈവമായ സർവേശ്വരൻ നിന്റെകൂടെ ഉണ്ടായിരിക്കും.” പിന്നീട് യോശുവ ജനനേതാക്കന്മാരോടു കല്പിച്ചു: “നിങ്ങളുടെ ദൈവമായ സർവേശ്വരൻ നിങ്ങൾക്ക് നല്‌കുവാൻ പോകുന്ന ദേശം കൈവശമാക്കുന്നതിനു മൂന്നു ദിവസത്തിനുള്ളിൽ നിങ്ങൾ യോർദ്ദാൻനദി കടക്കണം. അതിനാൽ ആവശ്യമായിരിക്കുന്ന ഭക്ഷണസാധനങ്ങൾ ഒരുക്കിക്കൊള്ളുവിൻ എന്ന് പാളയത്തിൽ കടന്നു ജനത്തോടു പറയുക.”

JOSUA 1 വായിക്കുക