JOBA 42:1-9

JOBA 42:1-9 MALCLBSI

അപ്പോൾ ഇയ്യോബ് സർവേശ്വരനോടു പറഞ്ഞു: “അവിടുത്തേക്കു സകലവും ചെയ്യാൻ കഴിയുമെന്നും അവിടുത്തെ ഉദ്ദേശ്യത്തെ പരാജയപ്പെടുത്താൻ സാധ്യമല്ലെന്നും എനിക്കറിയാം. ‘അറിവില്ലാതെ ഉപദേശം മറച്ചുവയ്‍ക്കുന്ന ഇവനാര്?’ എന്ന് അവിടുന്നു ചോദിച്ചുവല്ലോ? എനിക്കു ദുർഗ്രഹമായ അദ്ഭുതകാര്യങ്ങൾ തിരിച്ചറിയാതെ ഞാൻ അങ്ങനെ പറഞ്ഞുപോയി. ഞാൻ പറയാം; നീ കേൾക്കണം; ഞാൻ ചോദിക്കും; നീ ഉത്തരം പറയണം എന്ന് അവിടുന്നു പറഞ്ഞു. ഞാൻ അവിടുത്തെക്കുറിച്ചു കേട്ടിട്ടേയുള്ളൂ; എന്നാൽ ഇപ്പോൾ എന്റെ കണ്ണുകൾ അങ്ങയെ കാണുന്നു. അതിനാൽ ഞാൻ എന്നെക്കുറിച്ചു ലജ്ജിക്കുന്നു. പൊടിയിലും ചാരത്തിലും കിടന്നു അനുതപിക്കുന്നു. ഇയ്യോബിനോടു സംസാരിച്ചശേഷം, സർവേശ്വരൻ തേമാന്യനായ എലീഫസിനോട് ഇങ്ങനെ അരുളിച്ചെയ്തു: “നിന്റെയും നിന്റെ സ്നേഹിതന്മാരുടെയും നേർക്ക് എന്റെ രോഷം ജ്വലിച്ചിരിക്കുന്നു; കാരണം, എന്റെ ദാസനായ ഇയ്യോബ് സംസാരിച്ചതുപോലെ, എന്നെക്കുറിച്ചു നിങ്ങൾ ശരിയായിട്ടല്ല സംസാരിച്ചത്. അതുകൊണ്ടു നിങ്ങൾ ഏഴു കാളകളെയും ഏഴു മുട്ടാടുകളെയും എന്റെ ദാസനായ ഇയ്യോബിന്റെ അടുക്കൽ കൊണ്ടുചെന്ന് നിങ്ങൾക്കുവേണ്ടി ഹോമയാഗം അർപ്പിക്കുക. ഇയ്യോബ് നിങ്ങൾക്കുവേണ്ടി പ്രാർഥിക്കും. ഞാൻ അവന്റെ പ്രാർഥന കേൾക്കും. എന്റെ ദാസനായ ഇയ്യോബിനെപ്പോലെ നിങ്ങൾ എന്നെക്കുറിച്ചു യോഗ്യമായതു സംസാരിച്ചില്ലെങ്കിലും നിങ്ങളുടെ ആ ഭോഷത്തത്തിന് ഞാൻ നിങ്ങളെ ശിക്ഷിക്കുകയില്ല. തേമാന്യനായ എലീഫസും ശൂഹ്യനായ ബിൽദാദും നയമാത്യനായ സോഫറും സർവേശ്വരൻ കല്പിച്ചതുപോലെ ചെയ്തു. സർവേശ്വരൻ ഇയ്യോബിന്റെ പ്രാർഥന സ്വീകരിച്ചു.

JOBA 42 വായിക്കുക