JOHANA 9:13-33

JOHANA 9:13-33 MALCLBSI

അന്ധനായിരുന്ന ആ മനുഷ്യനെ അവർ പരീശന്മാരുടെ അടുത്ത് കൂട്ടിക്കൊണ്ടുപോയി. യേശു ചേറുണ്ടാക്കി അയാൾക്കു കാഴ്ച നല്‌കിയത് ഒരു ശബത്തു ദിവസമായിരുന്നു. പരീശന്മാരും ആ മനുഷ്യനോടു ചോദിച്ചു; “എങ്ങനെയാണ് നിനക്കു കാഴ്ച കിട്ടിയത്?” “അദ്ദേഹം എന്റെ കണ്ണിൽ ചേറു പൂശി; ഞാൻ അതു കഴുകിക്കളഞ്ഞു; എനിക്കിപ്പോൾ കാഴ്ചയുണ്ട്” എന്ന് അയാൾ പറഞ്ഞു. അപ്പോൾ പരീശന്മാരിൽ ചിലർ, “ആ മനുഷ്യൻ ദൈവത്തിൽ നിന്നുള്ളവനല്ല, അയാൾ ശബത്ത് ആചരിക്കുന്നില്ലല്ലോ” എന്നു പറഞ്ഞു. എന്നാൽ മറ്റു ചിലർ “പാപിയായ ഒരു മനുഷ്യന് ഇങ്ങനെയുള്ള അടയാളപ്രവൃത്തികൾ ചെയ്യുവാൻ എങ്ങനെ കഴിയും?” എന്നു ചോദിച്ചു. ഇങ്ങനെ അവരുടെ ഇടയിൽത്തന്നെ ഭിന്നാഭിപ്രായമുണ്ടായി. കാഴ്ച ലഭിച്ച ആ മനുഷ്യനോട് പരീശന്മാർ വീണ്ടും ചോദിച്ചു: “അയാളെക്കുറിച്ച് നീ എന്തു പറയുന്നു? അയാൾ നിനക്കു കാഴ്ച നല്‌കിയല്ലോ.” “അദ്ദേഹം ഒരു പ്രവാചകനാണ്” എന്ന് അയാൾ പറഞ്ഞു. അയാൾ അന്ധനായിരുന്നു എന്നും കാഴ്ച പ്രാപിച്ചു എന്നും മാതാപിതാക്കളിൽനിന്ന് അറിയുന്നതുവരെ യെഹൂദപ്രമുഖന്മാർ വിശ്വസിച്ചില്ല. അവർ ചോദിച്ചു: “പിറവിയിലേ അന്ധനായിരുന്നു എന്നു നിങ്ങൾ പറയുന്ന മകൻ ഇവൻ തന്നെയാണോ? എങ്കിൽ ഇപ്പോൾ അവനു കാഴ്ച ലഭിച്ചതെങ്ങനെ?” മാതാപിതാക്കൾ അതിനു മറുപടിയായി “ഇവൻ ഞങ്ങളുടെ മകനാണെന്നും പിറവിയിലേ ഇവൻ അന്ധനായിരുന്നുവെന്നും ഞങ്ങൾക്കറിയാം. എന്നാൽ ഇവന് ഇപ്പോൾ എങ്ങനെ കാഴ്ചയുണ്ടായെന്നോ, ആരാണ് ഇവനു കാഴ്ച നല്‌കിയതെന്നോ ഞങ്ങൾക്ക് അറിഞ്ഞുകൂടാ. അവനോടുതന്നെ ചോദിക്കുക; അവനു പ്രായമുണ്ടല്ലോ; അവൻതന്നെ പറയട്ടെ” എന്നു പറഞ്ഞു. യെഹൂദന്മാരെ ഭയന്നാണ് അവർ ഇങ്ങനെ പറഞ്ഞത്. എന്തെന്നാൽ യേശുവിനെ ആരെങ്കിലും ക്രിസ്തുവായി അംഗീകരിച്ചാൽ സുനഗോഗിൽനിന്ന് അയാളെ ബഹിഷ്കരിക്കണമെന്ന് യെഹൂദപ്രമുഖന്മാർ നേരത്തേ തീരുമാനിച്ചിരുന്നു. അതുകൊണ്ടാണ് “അവനു പ്രായമുണ്ടല്ലോ; അവനോടു തന്നെ ചോദിക്കുക” എന്ന് അവർ പറഞ്ഞത്. അന്ധനായിരുന്ന ആ മനുഷ്യനെ വീണ്ടും അവർ വിളിച്ചു: “ദൈവത്തെ പ്രകീർത്തിക്കുക. ആ മനുഷ്യൻ പാപിയാണെന്നു ഞങ്ങൾക്കറിയാം” എന്നു പറഞ്ഞു. “അദ്ദേഹം പാപിയാണോ അല്ലയോ എന്ന് എനിക്കറിഞ്ഞുകൂടാ; എന്നാൽ ഒരു കാര്യം എനിക്കറിയാം. മുമ്പു ഞാൻ അന്ധനായിരുന്നു; ഇപ്പോൾ എനിക്കു കാഴ്ചയുണ്ട്” എന്ന് അയാൾ ഉത്തരം പറഞ്ഞു. അവർ അവനോടു പിന്നെയും ചോദിച്ചു: “ആ മനുഷ്യൻ നിനക്ക് എന്തുചെയ്തു? അയാൾ നിനക്കു കാഴ്ച നല്‌കിയത് എങ്ങനെയാണ്?” അയാൾ പറഞ്ഞു: “അതു ഞാൻ നേരത്തെ പറഞ്ഞു കഴിഞ്ഞല്ലോ; നിങ്ങൾ ശ്രദ്ധിച്ചില്ല; വീണ്ടും കേൾക്കാൻ ആഗ്രഹിക്കുന്നതെന്ത്? നിങ്ങൾക്കും അദ്ദേഹത്തിന്റെ ശിഷ്യന്മാർ ആകണമെന്നുണ്ടോ?” അവർ അയാളെ ശകാരിച്ചുകൊണ്ട്: “നീ അവന്റെ ശിഷ്യനാണ്; ഞങ്ങൾ മോശയുടെ ശിഷ്യന്മാരാകുന്നു. ദൈവം മോശയോടു സംസാരിച്ചിട്ടുണ്ടെന്നു ഞങ്ങൾക്കറിയാം; എന്നാൽ ഇയാൾ എവിടെനിന്നു വന്നു എന്നു ഞങ്ങൾക്കറിഞ്ഞുകൂടാ” എന്നു പറഞ്ഞു. ഉടനെ അയാൾ പറഞ്ഞു: “ഇത് ആശ്ചര്യകരം തന്നെ! അദ്ദേഹം എന്റെ കണ്ണു തുറന്നുതന്നു. എന്നിട്ടും അദ്ദേഹം എവിടെനിന്നു വരുന്നു എന്നു നിങ്ങൾക്കറിഞ്ഞുകൂടെന്നോ! പാപികളുടെ പ്രാർഥന ദൈവം കേൾക്കുകയില്ലെന്നും അവിടുത്തെ ആരാധിക്കുകയും അവിടുത്തെ ഇഷ്ടം നിറവേറ്റുകയും ചെയ്യുന്നവരുടെ പ്രാർഥന ശ്രദ്ധിക്കുമെന്നും നമുക്കറിയാം. ജന്മനാ കാഴ്ച ഇല്ലാത്ത ഒരുവന് ആരെങ്കിലും കാഴ്ച നല്‌കിയതായി ലോകം ഉണ്ടായതിനുശേഷം ഇന്നുവരെ കേട്ടിട്ടില്ലല്ലോ. ഇദ്ദേഹം ദൈവത്തിൽനിന്നുള്ളവനല്ലെങ്കിൽ ഇങ്ങനെയൊന്നും ചെയ്യുവാൻ കഴിയുമായിരുന്നില്ല.”

JOHANA 9 വായിക്കുക