JOHANA 8:21-47
JOHANA 8:21-47 MALCLBSI
യേശു വീണ്ടും അവരോട് അരുൾചെയ്തു: “ഞാൻ പോകുന്നു; നിങ്ങൾ എന്നെ അന്വേഷിക്കും; നിങ്ങളുടെ പാപത്തിൽ നിങ്ങൾ മരിക്കുകയും ചെയ്യും. ഞാൻ പോകുന്നിടത്തു വരുവാൻ നിങ്ങൾക്കു സാധ്യമല്ല.” യെഹൂദപ്രമുഖന്മാർ പറഞ്ഞു: “ഇയാൾ ആത്മഹത്യ ചെയ്യാൻ പോകുകയാണോ? ‘ഞാൻ പോകുന്നിടത്തു നിങ്ങൾക്കു വരുവാൻ സാധ്യമല്ല’ എന്ന് ഇയാൾ പറയുന്നല്ലോ.” യേശു അവരോട് അരുൾചെയ്തു: “നിങ്ങൾ മണ്ണിൽ നിന്നുള്ളവർ, ഞാൻ വിണ്ണിൽനിന്നുള്ളവനും; നിങ്ങൾ ഈ ലോകത്തിൽ നിന്നുള്ളവർ; ഞാൻ ഈ ലോകത്തിൽ നിന്നുള്ളവനല്ല.” “നിങ്ങളുടെ പാപങ്ങളിൽ നിങ്ങൾ മരിക്കുമെന്നു ഞാൻ പറഞ്ഞുവല്ലോ. ഞാനാകുന്നവൻ ഞാൻതന്നെ എന്ന് നിങ്ങൾ വിശ്വസിക്കുന്നില്ലെങ്കിൽ നിങ്ങൾ നിങ്ങളുടെ പാപങ്ങളിൽ മരിക്കും.” അപ്പോൾ അവർ ചോദിച്ചു: “താങ്കൾ ആരാണ്?” അതിന് യേശു, “ആദിമുതൽ ഞാൻ നിങ്ങളോടു പറഞ്ഞിട്ടുള്ള ആൾതന്നെ” എന്നു പ്രതിവചിച്ചു. “നിങ്ങളെപ്പറ്റി എനിക്കു വളരെയധികം പറയുവാനും വിധിക്കുവാനുമുണ്ട്. എന്നാൽ എന്നെ അയച്ചവൻ സത്യസ്വരൂപനാകുന്നു. അവിടുത്തെ അടുക്കൽ നിന്നു കേട്ടതുമാത്രം ഞാൻ ലോകത്തോടു പ്രസ്താവിക്കുന്നു.” യേശു അവരോടു പറഞ്ഞത് പിതാവിനെക്കുറിച്ചാണെന്ന് അവർ മനസ്സിലാക്കിയില്ല. അതുകൊണ്ട് അവിടുന്നു വീണ്ടും പറഞ്ഞു: “മനുഷ്യപുത്രനെ നിങ്ങൾ ഉയർത്തുമ്പോൾ ഞാനാകുന്നവൻ ഞാൻ തന്നെ ആണെന്നു നിങ്ങൾക്കു മനസ്സിലാകും. ഞാൻ സ്വയമായി ഒന്നും ചെയ്യാതെ എന്റെ പിതാവു പ്രബോധിപ്പിക്കുന്നതു മാത്രം പ്രസ്താവിക്കുന്നു എന്നു നിങ്ങൾക്കു ബോധ്യമാകും. എന്നെ അയച്ചവൻ എന്നോടുകൂടിയുണ്ട്; അവിടുത്തേക്കു പ്രസാദകരമായത് ഞാൻ എപ്പോഴും ചെയ്യുന്നതിനാൽ അവിടുന്ന് എന്നെ ഏകനായി വിട്ടിട്ടില്ല.” ഇതു പറഞ്ഞപ്പോൾ അനേകം ആളുകൾ യേശുവിൽ വിശ്വസിച്ചു. തന്നിൽ വിശ്വസിച്ച യെഹൂദന്മാരോട് യേശു പറഞ്ഞു: “എന്റെ വചനത്തിൽ നിങ്ങൾ നിലനില്‌ക്കുന്നെങ്കിൽ യഥാർഥത്തിൽ നിങ്ങൾ എന്റെ ശിഷ്യന്മാർ തന്നെ. നിങ്ങൾ സത്യം അറിയുകയും ആ സത്യം നിങ്ങളെ സ്വതന്ത്രരാക്കുകയും ചെയ്യും.” അവർ ചോദിച്ചു: “ഞങ്ങൾ അബ്രഹാമിന്റെ സന്താനങ്ങളാണ്; ഞങ്ങൾ ഒരിക്കലും ആരുടെയും അടിമകളായിരുന്നിട്ടില്ല; പിന്നെ ഞങ്ങളെ സ്വതന്ത്രരാക്കും എന്നു താങ്കൾ പറയുന്നതിന്റെ അർഥം എന്താണ്?” അതിന് യേശു ഉത്തരമരുളി: “ഞാൻ നിങ്ങളോട് ഉറപ്പിച്ചു പറയുന്നു. പാപം ചെയ്യുന്ന ഏതൊരുവനും പാപത്തിന്റെ അടിമയാകുന്നു. അടിമ, വീട്ടിൽ സ്ഥിരമായി വസിക്കുന്നില്ല. എന്നാൽ പുത്രൻ എന്നും അവിടെ വസിക്കുന്നു. അതുകൊണ്ട് പുത്രൻ നിങ്ങളെ സ്വതന്ത്രരാക്കിയാൽ നിങ്ങൾ യഥാർഥത്തിൽ സ്വതന്ത്രരായിരിക്കും. നിങ്ങൾ അബ്രഹാമിന്റെ സന്താനങ്ങളാണെന്ന് എനിക്കറിയാം. എന്നിട്ടും നിങ്ങൾ എന്നെ കൊല്ലുവാൻ ആലോചിക്കുന്നു. എന്തുകൊണ്ടെന്നാൽ എന്റെ വചനം നിങ്ങൾ ഗ്രഹിക്കുന്നില്ല. എന്റെ പിതാവിൽ ദർശിച്ചിട്ടുള്ളത് ഞാൻ നിങ്ങളോടു സംസാരിക്കുന്നു. എന്നാൽ നിങ്ങളുടെ പിതാവിൽനിന്നു കേട്ടിട്ടുള്ളത് നിങ്ങൾ ചെയ്യുന്നു.” അവർ യേശുവിനോടു പറഞ്ഞു: “അബ്രഹാമാണു ഞങ്ങളുടെ പിതാവ്.” യേശു പറഞ്ഞു: “നിങ്ങൾ അബ്രഹാമിന്റെ മക്കളായിരുന്നെങ്കിൽ അബ്രഹാമിന്റെ പ്രവൃത്തികൾ നിങ്ങൾ ചെയ്യുമായിരുന്നു. എന്നാൽ ദൈവത്തിൽനിന്നു കേട്ട സത്യം നിങ്ങളെ അറിയിക്കുക മാത്രം ചെയ്ത എന്നെ നിങ്ങൾ കൊല്ലുവാൻ ഭാവിക്കുന്നു. അബ്രഹാം അങ്ങനെയൊന്നും ചെയ്തില്ലല്ലോ. നിങ്ങളുടെ പിതാവിന്റെ പ്രവൃത്തികളത്രേ നിങ്ങൾ ചെയ്യുന്നത്.” “ഞങ്ങൾ ജാരസന്തതികളല്ല; ഞങ്ങൾക്ക് ഒരു പിതാവേയുള്ളൂ; ദൈവം മാത്രം” എന്ന് അതിന് അവർ മറുപടി പറഞ്ഞു. യേശു അവരോടു പറഞ്ഞു: “ദൈവം യഥാർഥത്തിൽ നിങ്ങളുടെ പിതാവായിരുന്നെങ്കിൽ നിങ്ങൾ എന്നെ സ്നേഹിക്കുമായിരുന്നു. എന്തെന്നാൽ ഞാൻ ദൈവത്തിൽനിന്നു വന്നിരിക്കുന്നു. ഞാൻ സ്വമേധയാ വന്നതല്ല, എന്നെ ദൈവം അയച്ചതാണ്. ഞാൻ പറയുന്നത് നിങ്ങൾ മനസ്സിലാക്കാത്തത് എന്തുകൊണ്ട്? എന്റെ വചനം ഗ്രഹിക്കുവാൻ നിങ്ങൾക്കു കഴിയാത്തതുകൊണ്ടു തന്നെ. പിശാച് ആണ് നിങ്ങളുടെ പിതാവ്. നിങ്ങളുടെ പിതാവിന്റെ ദുർമോഹം നിറവേറ്റുവാൻ നിങ്ങൾ ഇച്ഛിക്കുന്നു. അവൻ ആദിമുതൽ കൊലപാതകി ആയിരുന്നു. അവൻ ഒരിക്കലും സത്യത്തിന്റെ പക്ഷത്തു നിന്നിട്ടില്ല. എന്തെന്നാൽ അവനിൽ സത്യമില്ല. അവൻ അസത്യം പറയുമ്പോൾ അവന്റെ സ്വഭാവമാണു പ്രകടമാകുന്നത്. അവൻ അസത്യവാദിയും അസത്യത്തിന്റെ പിതാവുമാകുന്നു. എന്നാൽ ഞാൻ സത്യം പറയുന്നതുകൊണ്ട് നിങ്ങൾ എന്നെ വിശ്വസിക്കുന്നില്ല. ഞാൻ പാപിയാണെന്ന് എന്നെ ബോധ്യപ്പെടുത്തുവാൻ നിങ്ങളിൽ ആർക്കു കഴിയും? ഞാൻ പറയുന്നതു സത്യം ആണെങ്കിൽ നിങ്ങൾ എന്തുകൊണ്ട് എന്നെ വിശ്വസിക്കുന്നില്ല? ദൈവത്തിൽ നിന്നുള്ളവൻ ദൈവത്തിന്റെ വാക്കുകൾ ശ്രവിക്കുന്നു. നിങ്ങൾ ദൈവത്തിൽനിന്നുള്ളവരല്ലാത്തതുകൊണ്ടാണ് അവിടുത്തെ വചനങ്ങൾ ശ്രവിക്കാത്തത്.”

