JOHANA 7:14-46

JOHANA 7:14-46 MALCLBSI

ഉത്സവകാലം പകുതി ആയപ്പോൾ യേശു ദേവാലയത്തിൽ ചെന്നു പഠിപ്പിച്ചു. യെഹൂദന്മാർ ആശ്ചര്യഭരിതരായി. “ഒരു പഠിപ്പുമില്ലാത്ത ഈ മനുഷ്യന് എങ്ങനെയാണീ പാണ്ഡിത്യമുണ്ടായത്?” എന്ന് അവർ ചോദിച്ചു. യേശു അവരോടു പറഞ്ഞു: “എന്റെ പ്രബോധനം എൻറേതല്ല; എന്നെ അയച്ചവന്റെതത്രേ. എന്റെ പ്രബോധനം ദൈവത്തിൽ നിന്നുള്ളതോ എന്റെ സ്വന്തമോ എന്ന് ദൈവഹിതം നിറവേറ്റുവാൻ ഇച്ഛിക്കുന്നവൻ അറിയും. സ്വമേധയാ സംസാരിക്കുന്നവൻ സ്വന്തം മഹത്ത്വം തേടുന്നു; തന്നെ അയച്ചവന്റെ മഹത്ത്വം തേടുന്നവനാകട്ടെ, സത്യവാനാകുന്നു; അവനിൽ അനീതിയില്ല. മോശ നിങ്ങൾക്കു നിയമസംഹിത നല്‌കിയിട്ടില്ലേ? എങ്കിലും നിങ്ങളിൽ ആരുംതന്നെ അതനുസരിക്കുന്നില്ലല്ലോ. നിങ്ങൾ എന്നെ കൊല്ലുവാൻ ശ്രമിക്കുന്നതെന്തിന്?” ജനങ്ങൾ അതിനു മറുപടിയായി “താങ്കളിൽ ഒരു ഭൂതമുണ്ട്! ആരാണു താങ്കളെ കൊല്ലാൻ ശ്രമിക്കുന്നത്?” എന്നു ചോദിച്ചു. യേശു പ്രതിവചിച്ചു: “ഞാൻ ഒരു പ്രവൃത്തിചെയ്തു; നിങ്ങൾ എല്ലാവരും അതിൽ ആശ്ചര്യപ്പെടുന്നു. മോശ പരിച്ഛേദനം എന്ന കർമം നിങ്ങൾക്കു നല്‌കി - മോശയല്ല, പൂർവപിതാക്കളത്രേ അത് ആരംഭിച്ചത്. നിങ്ങൾ ശബത്തിലും പരിച്ഛേദനകർമം നടത്തുന്നു. മോശയുടെ നിയമം ലംഘിക്കപ്പെടാതിരിക്കുവാൻ ശബത്തിൽ ഒരുവനു പരിച്ഛേദനം സ്വീകരിക്കാമെങ്കിൽ ഞാൻ ഒരു മനുഷ്യനെ ശബത്തിൽ സുഖപ്പെടുത്തിയതിന് നിങ്ങൾ എന്തിനാണ് എന്നോടു കോപിക്കുന്നത്? ബാഹ്യമായ കാഴ്ചപ്രകാരം വിധിക്കരുത്; ശരിയായ മാനദണ്ഡം ഉപയോഗിച്ചു നിങ്ങൾ വിധിക്കുക.” ഇതു കേട്ടപ്പോൾ യെരൂശലേംനിവാസികളിൽ ചിലർ പറഞ്ഞു: “ഈ മനുഷ്യനെയല്ലേ അവർ കൊല്ലുവാൻ അന്വേഷിക്കുന്നത്? ഇതാ അവിടുന്ന് പരസ്യമായി സംസാരിക്കുന്നു. എന്നിട്ടും അവർ ഇദ്ദേഹത്തോട് ഒന്നും പറയുന്നില്ലല്ലോ. ഇദ്ദേഹം ക്രിസ്തു ആണെന്ന് അധികാരികൾ ഗ്രഹിച്ചിരിക്കുമോ? എങ്കിലും ഇദ്ദേഹം എവിടെനിന്നുള്ളവൻ എന്നു നമുക്കറിയാം. ക്രിസ്തു വരുമ്പോഴാകട്ടെ അദ്ദേഹം എവിടെനിന്നു വരുന്നു എന്ന് ആരും അറിയുകയില്ലല്ലോ.” യേശു ദേവാലയത്തിൽവച്ചു ജനങ്ങളെ പ്രബോധിപ്പിക്കുമ്പോൾ ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: “നിങ്ങൾക്ക് എന്നെ അറിയാം; ഞാൻ എവിടെനിന്നു വരുന്നു എന്നും നിങ്ങൾ അറിയുന്നു. എന്നാൽ ഞാൻ സ്വമേധയാ വന്നവനല്ല. എന്നെ അയച്ചവൻ സത്യസ്വരൂപനാണ്. അവിടുത്തെ നിങ്ങൾ അറിയുന്നില്ല. എന്നാൽ ഞാൻ അവിടുത്തെ അറിയുന്നു, എന്തെന്നാൽ ഞാൻ അവിടുത്തെ അടുക്കൽ നിന്നാണു വന്നിരിക്കുന്നത്. എന്നെ അയച്ചതും അവിടുന്നാണ്.” അപ്പോൾ അവർ യേശുവിനെ പിടിക്കുവാൻ ശ്രമിച്ചു. പക്ഷേ, അവിടുത്തെ സമയം അപ്പോഴും വന്നുകഴിഞ്ഞിരുന്നില്ല. അതുകൊണ്ട് ആർക്കും അവിടുത്തെമേൽ കൈവയ്‍ക്കുവാൻ കഴിഞ്ഞില്ല. ജനങ്ങളിൽ പലരും യേശുവിൽ വിശ്വസിച്ചു: “ക്രിസ്തു പ്രത്യക്ഷനാകുമ്പോൾ ഇദ്ദേഹം ചെയ്തതിനെക്കാൾ അധികം അടയാളപ്രവൃത്തികൾ ചെയ്യുമോ?” എന്ന് അവർ ചോദിച്ചു. യേശുവിനെപ്പറ്റി ജനങ്ങളുടെ ഇടയിൽ നടക്കുന്ന കുശുകുശുപ്പിനെക്കുറിച്ച് പരീശന്മാർ കേട്ടു. അതിനാൽ അവിടുത്തെ പിടിക്കുവാൻ പുരോഹിതമുഖ്യന്മാരും പരീശന്മാരും ദേവാലയ ഭടന്മാരെ നിയോഗിച്ചു. അപ്പോൾ യേശു: “ഞാൻ ഇനി അല്പസമയംകൂടി മാത്രമേ നിങ്ങളുടെകൂടെ ഉണ്ടായിരിക്കൂ; പിന്നീട് എന്നെ അയച്ച പിതാവിന്റെ അടുക്കലേക്കു ഞാൻ പോകും. നിങ്ങൾ എന്നെ അന്വേഷിക്കും, എന്നാൽ കണ്ടെത്തുകയില്ല. ഞാൻ എവിടെയായിരിക്കുമോ അവിടെ നിങ്ങൾക്കു വരുവാൻ കഴിയുകയുമില്ല” എന്നു പറഞ്ഞു. അപ്പോൾ യെഹൂദന്മാർ പരസ്പരം പറഞ്ഞു: “നാം കണ്ടെത്താതവണ്ണം ഇയാൾ എവിടെ പോകാനാണു ഭാവിക്കുന്നത്? നമ്മുടെ ആളുകൾ പാർക്കുന്ന ഗ്രീക്കുനഗരങ്ങളിൽ പോയി ഗ്രീക്കുകാരെ പഠിപ്പിക്കുവാനാണോ ഉദ്ദേശ്യം? ‘നിങ്ങൾ എന്നെ അന്വേഷിക്കും, എന്നെ കണ്ടെത്തുകയില്ലതാനും; ഞാൻ എവിടെ ആയിരിക്കുന്നുവോ അവിടെ വരുവാൻ നിങ്ങൾക്കു കഴിയുകയില്ല’ എന്ന് ഇയാൾ പറഞ്ഞതിന്റെ അർഥമെന്താണ്?” ഉത്സവത്തിന്റെ ഏറ്റവും പ്രധാനപ്പെട്ട സമാപനദിവസം യേശു എഴുന്നേറ്റു നിന്നുകൊണ്ട് ഇപ്രകാരം ഉച്ചത്തിൽ വിളിച്ചു പറഞ്ഞു: “ദാഹിക്കുന്ന ഏതൊരുവനും എന്റെ അടുക്കൽ വന്നു പാനം ചെയ്യട്ടെ. വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നതുപോലെ എന്നിൽ വിശ്വസിക്കുന്നവന്റെ ഉള്ളിൽനിന്നു ജീവജലത്തിന്റെ നദികൾ പ്രവഹിക്കും.” തന്നിൽ വിശ്വസിക്കുന്നവർക്കു ലഭിക്കുന്ന പരിശുദ്ധാത്മാവിനെ ഉദ്ദേശിച്ചത്രേ അവിടുന്ന് ഇങ്ങനെ പ്രസ്താവിച്ചത്. അതുവരെയും യേശു മഹത്ത്വം പ്രാപിച്ചിരുന്നില്ല. അതിനാൽ അവർക്ക് ആത്മാവു നല്‌കപ്പെട്ടിരുന്നുമില്ല. ഈ വാക്കുകൾ കേട്ട ചിലർ പറഞ്ഞു: “ഇത് യഥാർഥത്തിൽ ആ പ്രവാചകൻ തന്നെയാണ്.” മറ്റുചിലർ: “ഇദ്ദേഹം ക്രിസ്തുതന്നേ” എന്നു പറഞ്ഞു. “ഗലീലയിൽനിന്നു ക്രിസ്തു വരുമോ? ദാവീദിന്റെ വംശത്തിൽനിന്നു ജനിച്ച് അദ്ദേഹത്തിന്റെ ഗ്രാമമായ ബേത്‍ലഹേമിൽനിന്ന് ക്രിസ്തു വരുന്നു എന്നല്ലേ വേദഗ്രന്ഥത്തിൽ രേഖപ്പെടുത്തിയിരിക്കുന്നത്?” എന്നു വേറെ ചിലർ ചോദിച്ചു. ഇങ്ങനെ യേശുവിനെ സംബന്ധിച്ച് ജനമധ്യത്തിൽ ഭിന്നാഭിപ്രായമുണ്ടായി. അവരിൽ ചിലർക്ക് അവിടുത്തെ ബന്ധനസ്ഥനാക്കണമെന്നുണ്ടായിരുന്നെങ്കിലും ആരും അവിടുത്തെമേൽ കൈവച്ചില്ല. ദേവാലയഭടന്മാർ പുരോഹിതമുഖ്യന്മാരുടെയും പരീശന്മാരുടെയും അടുക്കൽ മടങ്ങിച്ചെന്നു. “നിങ്ങൾ എന്തുകൊണ്ട് അയാളെ പിടിച്ചുകൊണ്ടു വന്നില്ല?” എന്ന് അവർ ഭടന്മാരോടു ചോദിച്ചു. “ആ മനുഷ്യൻ സംസാരിക്കുന്നതുപോലെ ആരും ഒരിക്കലും സംസാരിച്ചു കേട്ടിട്ടില്ല” എന്ന് അവർ മറുപടി പറഞ്ഞു.

JOHANA 7 വായിക്കുക