JOHANA 21:7-17

JOHANA 21:7-17 MALCLBSI

യേശുവിന്റെ വത്സലശിഷ്യൻ അപ്പോൾ പത്രോസിനോട് “അതു കർത്താവാണ്” എന്നു പറഞ്ഞു. ശിമോൻപത്രോസ് അപ്പോൾ വസ്ത്രം ധരിച്ചിരുന്നില്ല. അതു കർത്താവാകുന്നു എന്നു കേട്ടമാത്രയിൽ പുറങ്കുപ്പായം അരയിൽചുറ്റി അദ്ദേഹം തടാകത്തിലേക്കു ചാടി. എന്നാൽ മറ്റു ശിഷ്യന്മാർ മത്സ്യം നിറഞ്ഞ വല വലിച്ചുകൊണ്ട് വഞ്ചിയിൽത്തന്നെ വന്നടുത്തു. അവർ കരയിൽനിന്നു വളരെ അകലെ അല്ലായിരുന്നു; ഏകദേശം തൊണ്ണൂറു മീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ. അവർ കരയ്‍ക്കിറങ്ങിയപ്പോൾ തീക്കനൽ കൂട്ടി അതിന്മേൽ മീൻ വച്ചിരിക്കുന്നതും അപ്പവും കണ്ടു. യേശു അവരോട് “ഇപ്പോൾ നിങ്ങൾ പിടിച്ച മീനും കുറെ ഇങ്ങു കൊണ്ടുവരൂ” എന്നു പറഞ്ഞു. ശിമോൻപത്രോസ് വഞ്ചിയിൽ കയറി വല വലിച്ചുകയറ്റി. നൂറ്റിഅമ്പത്തിമൂന്നു വലിയ മീനുണ്ടായിരുന്നു. അത്ര വളരെ ഉണ്ടായിരുന്നിട്ടും വല കീറിപ്പോയില്ല. യേശു അവരോട്, വന്നു പ്രാതൽ കഴിക്കൂ എന്നു പറഞ്ഞു. “അങ്ങ് ആരാകുന്നു?” എന്ന് അവിടുത്തോടു ചോദിക്കാൻ ശിഷ്യന്മാർ ആരും മുതിർന്നില്ല. അതു കർത്താവാണെന്ന് അവർക്ക് അറിയാമായിരുന്നു. യേശു ചെന്ന് അപ്പമെടുത്ത് അവർക്കു കൊടുത്തു; അതുപോലെതന്നെ മീനും. മരിച്ചവരിൽനിന്ന് ഉയിർത്തെഴുന്നേറ്റശേഷം യേശു ശിഷ്യന്മാർക്കു പ്രത്യക്ഷനായത് ഇതു മൂന്നാം പ്രാവശ്യമായിരുന്നു. പ്രാതൽ കഴിഞ്ഞപ്പോൾ യേശു ശിമോൻ പത്രോസിനോടു ചോദിച്ചു: “യോഹന്നാന്റെ മകനായ ശിമോനേ, ഇവരെക്കാൾ അധികമായി നീ എന്നെ സ്നേഹിക്കുന്നുണ്ടോ?” “ഉവ്വ് കർത്താവേ എനിക്ക് അങ്ങയോടു പ്രിയമുണ്ട് എന്ന് അങ്ങ് അറിയുന്നുണ്ടല്ലോ” എന്നു പത്രോസ് പറഞ്ഞു. യേശു പത്രോസിനോട് “എന്റെ കുഞ്ഞാടുകളെ മേയ്‍ക്കുക” എന്ന് അരുൾചെയ്തു. യേശു രണ്ടാം പ്രാവശ്യവും “യോഹന്നാന്റെ മകനായ ശിമോനേ, നീ എന്നെ സ്നേഹിക്കുന്നുവോ?” എന്നു ചോദിച്ചു. “ഉവ്വ് കർത്താവേ എനിക്ക് അങ്ങയോട് പ്രിയമുണ്ടെന്ന് അങ്ങ് അറിയുന്നുണ്ടല്ലോ” എന്നു പത്രോസ് പ്രതിവചിച്ചു. “എന്റെ ആടുകളെ പരിപാലിക്കുക” എന്ന് യേശു അരുൾചെയ്തു. മൂന്നാംപ്രാവശ്യം യേശു, “യോഹന്നാന്റെ മകനായ ശിമോനേ, നിനക്ക് എന്നോടു പ്രിയമുണ്ടോ?” എന്നു ചോദിച്ചു. മൂന്നാം പ്രാവശ്യവും നിനക്ക് എന്നോടു പ്രിയമുണ്ടോ? എന്ന് യേശു ചോദിച്ചതിനാൽ പത്രോസിനു വ്യസനമുണ്ടായി. “കർത്താവേ, അങ്ങു സകലവും അറിയുന്നു; എനിക്ക് അങ്ങയോടു പ്രിയമുണ്ടെന്ന് അങ്ങ് അറിയുന്നുവല്ലോ” എന്നു പത്രോസ് പറഞ്ഞു. ഉടനെ യേശു അരുൾചെയ്തു: “എന്റെ ആടുകളെ മേയ്‍ക്കുക

JOHANA 21 വായിക്കുക