JOHANA 21:2-8

JOHANA 21:2-8 MALCLBSI

ശിമോൻ പത്രോസും ദിദിമോസ് എന്നു വിളിക്കുന്ന തോമസും ഗലീലയിലെ കാനായിലുള്ള നഥാനിയേലും സെബദിയുടെ പുത്രന്മാരും ശിഷ്യന്മാരിൽ വേറെ രണ്ടുപേരും ഒരുമിച്ചു കൂടിയിരിക്കുകയായിരുന്നു. അപ്പോൾ ശിമോൻ പത്രോസ് പറഞ്ഞു: “ഞാൻ മീൻ പിടിക്കാൻ പോകുകയാണ്.” അവർ അദ്ദേഹത്തോട് “ഞങ്ങളും വരുന്നു” എന്നു പറഞ്ഞു. അങ്ങനെ അവർ ഒരു വഞ്ചിയിൽ കയറിപ്പോയി. എന്നാൽ ആ രാത്രിയിൽ അവർക്ക് ഒന്നും കിട്ടിയില്ല. പ്രഭാതമായപ്പോൾ യേശു തടാകത്തിന്റെ കരയ്‍ക്കു നില്‌ക്കുകയായിരുന്നു. എന്നാൽ അത് യേശു ആണെന്നു ശിഷ്യന്മാർ മനസ്സിലാക്കിയില്ല. യേശു അവരോടു ചോദിച്ചു: “കുഞ്ഞുങ്ങളേ, മീൻ വല്ലതും കിട്ടിയോ?” “ഒന്നും കിട്ടിയില്ല” എന്ന് അവർ പറഞ്ഞു. അവിടുന്ന് അവരോട് അരുൾചെയ്തു: “നിങ്ങൾ വഞ്ചിയുടെ വലത്തുവശത്തു വലയിറക്കുക; അപ്പോൾ നിങ്ങൾക്കു കിട്ടും” അവർ അങ്ങനെ ചെയ്തു. വല വലിച്ചുകയറ്റാൻ കഴിയാത്തവിധം വലയിൽ മീൻ അകപ്പെട്ടു. യേശുവിന്റെ വത്സലശിഷ്യൻ അപ്പോൾ പത്രോസിനോട് “അതു കർത്താവാണ്” എന്നു പറഞ്ഞു. ശിമോൻപത്രോസ് അപ്പോൾ വസ്ത്രം ധരിച്ചിരുന്നില്ല. അതു കർത്താവാകുന്നു എന്നു കേട്ടമാത്രയിൽ പുറങ്കുപ്പായം അരയിൽചുറ്റി അദ്ദേഹം തടാകത്തിലേക്കു ചാടി. എന്നാൽ മറ്റു ശിഷ്യന്മാർ മത്സ്യം നിറഞ്ഞ വല വലിച്ചുകൊണ്ട് വഞ്ചിയിൽത്തന്നെ വന്നടുത്തു. അവർ കരയിൽനിന്നു വളരെ അകലെ അല്ലായിരുന്നു; ഏകദേശം തൊണ്ണൂറു മീറ്റർ ദൂരമേ ഉണ്ടായിരുന്നുള്ളൂ.

JOHANA 21 വായിക്കുക