മറിയം കല്ലറയുടെ വെളിയിൽ കരഞ്ഞുകൊണ്ടുനിന്നു. കരയുന്നതിനിടയ്‍ക്ക് കല്ലറയ്‍ക്കുള്ളിലേക്കു കുനിഞ്ഞു നോക്കി; യേശുവിന്റെ ശരീരം വച്ചിരുന്ന സ്ഥലത്ത് ശുഭ്രവസ്ത്രധാരികളായ രണ്ടു മാലാഖമാർ ഒരാൾ തലയ്‍ക്കലും മറ്റെയാൾ കാല്‌ക്കലും ആയി ഇരിക്കുന്നതു കണ്ടു. അവർ മറിയമിനോട്, “എന്തിനാണു കരയുന്നത്” എന്നു ചോദിച്ചു. മറിയം പറഞ്ഞു: “എന്റെ കർത്താവിനെ അവർ എടുത്തു കൊണ്ടുപോയി; അദ്ദേഹത്തെ എവിടെവച്ചു എന്ന് എനിക്കറിഞ്ഞുകൂടാ.” ഇതു പറഞ്ഞിട്ട് മറിയം പിറകോട്ടു തിരിഞ്ഞപ്പോൾ യേശു നില്‌ക്കുന്നതു കണ്ടു; പക്ഷേ യേശുവാണ് അതെന്നു മനസ്സിലാക്കിയില്ല. യേശു മറിയമിനോട് “നീ എന്തിനാണു കരയുന്നത്?” എന്നു ചോദിച്ചു. അതു തോട്ടക്കാരനായിരിക്കുമെന്നു വിചാരിച്ച് “അങ്ങ് അദ്ദേഹത്തെ എടുത്തുകൊണ്ടുപോയെങ്കിൽ എവിടെയാണു വച്ചിരിക്കുന്നത് എന്നു പറഞ്ഞാലും; ഞാൻ അദ്ദേഹത്തെ എടുത്തുകൊണ്ടു പൊയ്‍ക്കൊള്ളാം” എന്ന് അവൾ പറഞ്ഞു. അപ്പോൾ യേശു “മറിയം” എന്നു വിളിച്ചു. അവൾ തിരിഞ്ഞ് എബ്രായഭാഷയിൽ “റബ്ബൂനീ” എന്നു പറഞ്ഞു. അതിന്റെ അർഥം ‘ഗുരോ’ എന്നാണ്. അപ്പോൾ യേശു മറിയമിനോട്, “എന്നെ തൊടരുത്; ഞാൻ ഇതുവരെ പിതാവിന്റെ അടുക്കലേക്കു കയറിപ്പോയില്ല. എന്റെ പിതാവും നിങ്ങളുടെ പിതാവും എന്റെ ദൈവവും നിങ്ങളുടെ ദൈവവുമായവന്റെ അടുക്കലേക്കു ഞാൻ കയറിപ്പോകുകയാണെന്ന് എന്റെ സഹോദരന്മാരോടു പോയി പറയുക” എന്നു പറഞ്ഞു. മഗ്ദലേനമറിയം പോയി ശിഷ്യന്മാരോട് “ഞാൻ കർത്താവിനെ കണ്ടു” എന്നു പറഞ്ഞു. തന്നോട് അദ്ദേഹം പറഞ്ഞ കാര്യങ്ങളും മറിയം അവരെ അറിയിച്ചു. ആഴ്ചയുടെ ആദ്യദിവസമായ അന്നു വൈകുന്നേരം യെഹൂദന്മാരെ ഭയന്ന് ശിഷ്യന്മാർ ഇരുന്ന മുറിയുടെ വാതിൽ അടച്ചിരുന്നു. യേശു തത്സമയം അവരുടെ മധ്യത്തിൽ വന്നുനിന്നുകൊണ്ട് “നിങ്ങൾക്കു മംഗളം ഭവിക്കട്ടെ” എന്ന് അരുൾചെയ്തു.
JOHANA 20 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JOHANA 20:11-19
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ