JOHANA 17:11-23

JOHANA 17:11-23 MALCLBSI

ഇനി ഞാൻ ലോകത്തിൽ ഉണ്ടായിരിക്കുകയില്ല. അവരാകട്ടെ ലോകത്തിൽ ആകുന്നു; അവിടുത്തെ സന്നിധിയിലേക്കു ഞാൻ വരുന്നു. പരിശുദ്ധപിതാവേ, നാം ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നാകുന്നതിന് അവിടുന്ന് എന്നെ ഏല്പിച്ചവരെയെല്ലാം അവിടുത്തെ നാമത്തിൽ കാത്തുകൊള്ളണമേ. അവരോടുകൂടി ആയിരുന്നപ്പോൾ അവിടുത്തെ നാമത്തിനു ചേർന്നവിധം ഞാൻ അവരെ കാത്തു; അവരെ സുരക്ഷിതമായി സൂക്ഷിക്കുകയും ചെയ്തു. ആ നാശയോഗ്യനല്ലാതെ അവരിൽ ആരുംതന്നെ നഷ്ടപ്പെട്ടിട്ടില്ല. വേദലിഖിതം നിറവേറേണ്ടതാണല്ലോ. ഇപ്പോൾ ഞാൻ അങ്ങയുടെ അടുക്കലേക്കു വരുന്നു. എന്റെ ആനന്ദം അവർക്കു സമ്പൂർണമായി ഉണ്ടാകുവാൻ ഞാൻ ലോകത്തിൽവച്ച് ഇതു സംസാരിക്കുന്നു. അവിടുത്തെ വചനം ഞാൻ അവർക്കു നല്‌കി. ഞാൻ ലോകത്തിന്റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്റെ വകയല്ലാത്തതുകൊണ്ട് ലോകം അവരെ വെറുത്തിരിക്കുന്നു. അവരെ ലോകത്തിൽനിന്നു നീക്കണമെന്നല്ല പൈശാചിക ശക്തിയിൽനിന്ന് അവരെ കാത്തു രക്ഷിക്കണം എന്നു ഞാൻ പ്രാർഥിക്കുന്നു. ഞാൻ ലോകത്തിന്റെ വകയല്ലാത്തതുപോലെ അവരും ലോകത്തിന്റെ വകയല്ലല്ലോ. സത്യത്താൽ അവരെ വിശുദ്ധീകരിക്കണമേ; അവിടുത്തെ വചനമാണല്ലോ സത്യം. അങ്ങ് എന്നെ ലോകത്തിലേക്ക് അയച്ചതുപോലെ ഞാനും അവരെ ലോകത്തിലേക്ക് അയച്ചിരിക്കുന്നു. സത്യത്താൽ അവർ അങ്ങേക്കു സമർപ്പിക്കപ്പെടുന്നതിനുവേണ്ടി ഞാൻ എന്നെത്തന്നെ സമർപ്പിക്കുന്നു. “അവർക്കുവേണ്ടി മാത്രമല്ല, അവരുടെ വചനംമൂലം എന്നിൽ വിശ്വസിക്കാനിരുന്നവർക്കുവേണ്ടിയും ഞാൻ പ്രാർഥിക്കുന്നു. പിതാവേ, അവിടുന്ന് എന്നിലും ഞാൻ അങ്ങയിലും ആയിരിക്കുന്നതുപോലെ അവരെല്ലാവരും ഒന്നായിത്തീരണമേ. അങ്ങനെ അങ്ങ് എന്നെ അയച്ചിരിക്കുന്നു എന്നു ലോകം വിശ്വസിക്കുവാൻവേണ്ടി അവർ നമ്മിലായിത്തീരണമേ. അങ്ങും ഞാനും ഒന്നായിരിക്കുന്നതുപോലെ അവരും ഒന്നായിരിക്കുവാൻവേണ്ടി അങ്ങ് എനിക്കു നല്‌കിയ മഹത്ത്വം ഞാൻ അവർക്കു നല്‌കിയിരിക്കുന്നു. അങ്ങനെ ഞാൻ അവരിലും അങ്ങ് എന്നിലും ആയിരിക്കുന്നതിനാൽ, അവർ സമ്പൂർണമായി ഐക്യത്തിൽ ആകണമേ. തന്മൂലം അവിടുന്ന് എന്നെ അയച്ചു എന്നും എന്നെ സ്നേഹിക്കുന്നതുപോലെ അങ്ങ് അവരെ സ്നേഹിക്കുന്നു എന്നും മനുഷ്യവർഗം അറിയുന്നതിന് ഇടയാകട്ടെ.

JOHANA 17 വായിക്കുക