JOHANA 1:35-50

JOHANA 1:35-50 MALCLBSI

പിറ്റേദിവസം യോഹന്നാൻ വീണ്ടും തന്റെ ശിഷ്യന്മാരിൽ രണ്ടുപേരോടുകൂടി അവിടെ നില്‌ക്കുമ്പോൾ, യേശു അതുവഴി കടന്നുപോകുന്നതു കണ്ടു. അപ്പോൾ യോഹന്നാൻ പറഞ്ഞു: “ഇതാ, ദൈവത്തിന്റെ കുഞ്ഞാട്!”. ഇതുകേട്ട് ആ ശിഷ്യന്മാർ രണ്ടുപേരും യേശുവിനെ അനുഗമിച്ചു. യേശു തിരിഞ്ഞു നോക്കി, തന്റെ പിന്നാലെ അവർ ചെല്ലുന്നതുകണ്ട് “നിങ്ങൾ എന്താണ് അന്വേഷിക്കുന്നത്?” എന്നു ചോദിച്ചു, അപ്പോൾ അവർ, “റബ്ബീ, അങ്ങ് എവിടെയാണു പാർക്കുന്നത്?” എന്നു ചോദിച്ചു. ‘റബ്ബീ’ എന്ന വാക്കിന് ‘ഗുരു’ എന്നർഥം. “വന്നു കാണുക” എന്ന് യേശു പറഞ്ഞു. അവർ ചെന്ന് അവിടുത്തെ വാസസ്ഥലം കണ്ടു; അപ്പോൾ ഏകദേശം നാലുമണി സമയം ആയിരുന്നതിനാൽ അന്ന് അവർ അദ്ദേഹത്തിന്റെ കൂടെ പാർത്തു. യോഹന്നാൻ പറഞ്ഞതുകേട്ട് യേശുവിനെ അനുഗമിച്ച രണ്ടുപേരിൽ ഒരാൾ ശിമോൻ പത്രോസിന്റെ സഹോദരനായ അന്ത്രയാസ് ആയിരുന്നു. അയാൾ ആദ്യമായി തന്റെ സഹോദരൻ ശിമോനെ കണ്ടു പറഞ്ഞു: “ഞങ്ങൾ മിശിഹായെ കണ്ടെത്തിയിരിക്കുന്നു.” ‘മിശിഹ’ എന്നതിനു ‘ക്രിസ്തു’ അഥവാ ‘അഭിഷിക്തൻ’ എന്നർഥം. അനന്തരം അന്ത്രയാസ് ശിമോനെ യേശുവിന്റെ അടുക്കൽ കൊണ്ടുചെന്നു; യേശു ശിമോനെ നോക്കിക്കൊണ്ടു പറഞ്ഞു: “നീ യോഹന്നാന്റെ പുത്രനായ ശിമോൻ അല്ലേ? നീ ഇനി കേഫാ എന്നു വിളിക്കപ്പെടും.” അതിനു പത്രോസ് അഥവാ പാറ എന്നർഥം. അടുത്ത ദിവസം യേശു ഗലീലയിലേക്കു പോകുവാൻ തീരുമാനിച്ചു. അവിടുന്നു ഫീലിപ്പോസിനെ കണ്ട് “എന്റെകൂടെ വരിക” എന്നു പറഞ്ഞു. പത്രോസിന്റെയും അന്ത്രയാസിന്റെയും പട്ടണമായ ബെത്‍സെയ്ദാ ആയിരുന്നു ഫീലിപ്പോസിന്റെയും ജന്മസ്ഥലം. ഫീലിപ്പോസ് നഥാനിയേലിനെ കണ്ടു പറഞ്ഞു: “മോശയുടെ നിയമഗ്രന്ഥത്തിലും പ്രവാചകന്മാരുടെ പുസ്തകങ്ങളിലും ആരെക്കുറിച്ച് എഴുതിയിരിക്കുന്നുവോ അവിടുത്തെ ഞങ്ങൾ കണ്ടെത്തിയിരിക്കുന്നു, യോസേഫിന്റെ പുത്രൻ നസറെത്തിൽനിന്നുള്ള യേശുവിനെത്തന്നെ.” അപ്പോൾ നഥാനിയേൽ ചോദിച്ചു: “നസറെത്തോ? അവിടെനിന്നു വല്ല നന്മയും ഉണ്ടാകുമോ?” ഫീലിപ്പോസ് അയാളോട്: “വന്നു കാണുക” എന്നു പറഞ്ഞു. നഥാനിയേൽ തന്റെ അടുക്കലേക്കു വരുന്നതു കണ്ട് യേശു പറഞ്ഞു: “ഇതാ, ഒരു യഥാർഥ ഇസ്രായേല്യൻ; ഇയാളിൽ യാതൊരു കാപട്യവുമില്ല.” നഥാനിയേൽ യേശുവിനോടു ചോദിച്ചു: “അവിടുന്ന് എന്നെ എങ്ങനെ അറിഞ്ഞു?” “ഫീലിപ്പോസ് നിന്നെ വിളിക്കുന്നതിനു മുമ്പ് നീ അത്തിവൃക്ഷത്തിന്റെ കീഴിൽ ഇരിക്കുമ്പോൾ ഞാൻ നിന്നെ കണ്ടു” എന്നു യേശു ഉത്തരമരുളി. നഥാനിയേൽ യേശുവിനോട്: “ഗുരോ, അങ്ങു ദൈവത്തിന്റെ പുത്രൻ; അങ്ങ് ഇസ്രായേലിന്റെ രാജാവുതന്നെ” എന്നു പറഞ്ഞു. യേശു ഇപ്രകാരം പ്രതിവചിച്ചു: “നിന്നെ ഞാൻ അത്തിയുടെ ചുവട്ടിൽവച്ചു കണ്ടു എന്നു പറഞ്ഞതുകൊണ്ടാണോ നീ വിശ്വസിക്കുന്നത്? ഇതിനെക്കാൾ വലിയ കാര്യങ്ങൾ നീ കാണും.”

JOHANA 1 വായിക്കുക