സിദെക്കീയാരാജാവ് ആളയച്ച് യിരെമ്യാ പ്രവാചകനെ ദേവാലയത്തിന്റെ മൂന്നാം കവാടത്തിലേക്കു വരുത്തി; രാജാവ് യിരെമ്യായോട് പറഞ്ഞു: “ഞാൻ നിന്നോട് ഒരു കാര്യം ചോദിക്കട്ടെ, ഒന്നും എന്നിൽനിന്നു മറച്ചു വയ്‍ക്കരുത്.” യിരെമ്യാ സിദെക്കീയായോടു പറഞ്ഞു: “ഞാൻ സത്യം പറഞ്ഞാൽ അങ്ങ് എന്നെ നിശ്ചയമായും വധിക്കുകയില്ലേ? എന്റെ ഉപദേശം അങ്ങ് സ്വീകരിക്കുകയില്ലല്ലോ.” സിദെക്കീയാ യിരെമ്യായോടു രഹസ്യമായി സത്യം ചെയ്തു പറഞ്ഞു: “നമുക്കു ജീവൻ നല്‌കിയ സർവേശ്വരന്റെ നാമത്തിൽ ശപഥം ചെയ്തു പറയുന്നു; ഞാൻ നിന്നെ വധിക്കുകയോ നിന്നെ കൊല്ലാൻ ശ്രമിക്കുന്നവരുടെ കൈയിൽ ഏല്പിച്ചു കൊടുക്കുകയോ ഇല്ല.” അപ്പോൾ യിരെമ്യാ സിദെക്കീയായോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവവും സർവശക്തനുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു; ബാബിലോൺ രാജാവിന്റെ പ്രഭുക്കന്മാർക്കു കീഴടങ്ങിയാൽ അങ്ങയുടെ ജീവൻ രക്ഷപെടും; ഈ നഗരം അഗ്നിക്ക് ഇരയാവുകയില്ല; അങ്ങയും അങ്ങയുടെ ഭവനവും ജീവിച്ചിരിക്കും. ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാർക്ക് അങ്ങ് കീഴടങ്ങുന്നില്ലെങ്കിൽ നഗരം ബാബിലോണ്യരുടെ കൈയിൽ ഏല്പിക്കപ്പെടുകയും അവർ അതിനെ അഗ്നിക്ക് ഇരയാക്കുകയും ചെയ്യും; അവരുടെ കൈയിൽനിന്ന് അങ്ങു രക്ഷപെടുകയുമില്ല.” സിദെക്കീയാരാജാവ് യിരെമ്യായോടു പറഞ്ഞു: “ബാബിലോണ്യരുടെ പക്ഷം ചേർന്ന യെഹൂദന്മാരെ എനിക്കു ഭയമാണ്; എന്നെ അവരുടെ കൈയിൽ ഏല്പിക്കുകയും അവർ എന്നെ ഉപദ്രവിക്കുകയും ചെയ്തേക്കാം.” യിരെമ്യാ പറഞ്ഞു: “അങ്ങയെ അവരുടെ കൈയിൽ ഏല്പിക്കയില്ല; സർവേശ്വരന്റെ വാക്കു കേൾക്കുക; എന്നാൽ അങ്ങേക്കു ശുഭമായിരിക്കും. അങ്ങു രക്ഷപെടുകയും ചെയ്യും. അവിടുന്ന് എനിക്ക് ഈ ദർശനം കാണിച്ചു തന്നിരിക്കുന്നു. അങ്ങു കീഴടങ്ങുന്നില്ലെങ്കിൽ, യെഹൂദാരാജാവിന്റെ കൊട്ടാരത്തിൽ അവശേഷിച്ച സ്‍ത്രീകളെയെല്ലാം ബാബിലോൺരാജാവിന്റെ പ്രഭുക്കന്മാരുടെ അടുക്കലേക്കു കൊണ്ടുപോകും; അപ്പോൾ അവർ ഇങ്ങനെ പറയും. “അങ്ങയുടെ ആപ്തമിത്രങ്ങൾ അങ്ങയെ വഞ്ചിച്ചു; അവർ അങ്ങയെ തോല്പിച്ചു; അങ്ങയുടെ കാൽ ചെളിയിൽ താണപ്പോൾ, അവർ അങ്ങയെ വിട്ടുപോയി. അങ്ങയുടെ എല്ലാ ഭാര്യമാരെയും പുത്രന്മാരെയും ബാബിലോണ്യരുടെ അടുക്കലേക്കു കൊണ്ടുപോകും; അങ്ങയും അവരുടെ കൈകളിൽനിന്നു രക്ഷപെടുകയില്ല; ബാബിലോൺരാജാവ് അങ്ങയെ പിടിക്കും; ഈ നഗരം അഗ്നിക്ക് ഇരയാക്കുകയും ചെയ്യും.” അപ്പോൾ സിദെക്കീയാ യിരെമ്യായോടു പറഞ്ഞു: “മറ്റാരും ഇക്കാര്യം അറിയരുത്; എന്നാൽ നീ മരിക്കുകയില്ല. ഞാൻ നിന്നോടു സംസാരിച്ച വിവരം പ്രഭുക്കന്മാർ അറിഞ്ഞ്, രാജാവ് നിന്നോട് എന്തു പറഞ്ഞു? നീ എന്താണു രാജാവിനോടു പറഞ്ഞത്? നീ ഒന്നും മറച്ചുവയ്‍ക്കരുത്; എന്നാൽ ഞങ്ങൾ നിന്നെ വധിക്കുകയില്ല എന്നു പറഞ്ഞാൽ, ‘ഞാൻ മരിച്ചുപോകാതെയിരിക്കേണ്ടതിനു, യോനാഥാന്റെ ഗൃഹത്തിലേക്ക് എന്നെ അയക്കരുതേ എന്നു രാജാവിനോടു ഞാൻ അപേക്ഷിക്കുകയായിരുന്നു’ എന്നു നീ അവരോടു പറയണം.” പ്രഭുക്കന്മാർ യിരെമ്യായെ ചോദ്യം ചെയ്തു; രാജാവ് കല്പിച്ചിരുന്നതുപോലെ യിരെമ്യാ അവരോടു പറഞ്ഞു; അപ്പോൾ അവർ അദ്ദേഹത്തെ വിട്ടുപോയി. കാരണം രാജാവും യിരെമ്യായും സംസാരിച്ചതു മറ്റാരും കേട്ടിരുന്നില്ല. ബാബിലോൺരാജാവ് യെരൂശലേം പിടിച്ചടക്കുന്നതുവരെ യിരെമ്യാ കാവല്‌ക്കാരുടെ അങ്കണത്തിൽതന്നെ പാർത്തു.
JEREMIA 38 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JEREMIA 38:14-28
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ