സർവേശ്വരൻ അരുളിച്ചെയ്യുന്നു: അക്കാലത്ത് ഇസ്രായേലിലെ എല്ലാ കുടുംബങ്ങളുടെയും ദൈവം ഞാനായിരിക്കും; അവർ എന്റെ ജനമായിരിക്കും. സർവേശ്വരൻ അരുളിച്ചെയ്യുന്നു: “വാളിനെ അതിജീവിച്ച ജനം മരുഭൂമിയിൽ കാരുണ്യം കണ്ടെത്തി, ഇസ്രായേൽജനം വിശ്രമം ആഗ്രഹിച്ചപ്പോൾ, ഞാൻ വിദൂരത്തുനിന്ന് അവർക്കു പ്രത്യക്ഷനായി, ശാശ്വതസ്നേഹത്താൽ ഞാൻ നിങ്ങളെ സ്നേഹിച്ചു, അതുകൊണ്ട് നിങ്ങളോടുള്ള എന്റെ വിശ്വസ്തത അചഞ്ചലമായി തുടരുന്നു. കന്യകയായ ഇസ്രായേലേ, ഞാൻ നിന്നെ വീണ്ടും പണിയും, നീ പണിയപ്പെടുകയും ചെയ്യും; തപ്പുകളെടുത്ത് അലംകൃതയായി ആനന്ദഘോഷക്കാരോടൊത്തു നീ നൃത്തം ചെയ്യും. ശമര്യയിൽ നിങ്ങൾ വീണ്ടും മുന്തിരിത്തോട്ടം നട്ടുണ്ടാക്കും; കൃഷിക്കാർ കൃഷിചെയ്തു ഫലമനുഭവിക്കും; എഴുന്നേല്‌ക്കൂ, നമുക്കു സീയോനിൽ, നമ്മുടെ ദൈവമായ സർവേശ്വരന്റെ സന്നിധിയിലേക്കു പോകാം എന്നു കാവല്‌ക്കാർ എഫ്രയീംമലനാട്ടിൽ വിളിച്ചു പറയുന്ന ദിനം വരുന്നു.” സർവേശ്വരൻ അരുളിച്ചെയ്യുന്നു: “യാക്കോബിനുവേണ്ടി സന്തോഷഗാനം ഉറക്കെ പാടുവിൻ, ജനതകളുടെ തലവനായ ഇസ്രായേലിന് ആർപ്പുവിളിക്കുവിൻ; സർവേശ്വരൻ തന്റെ ജനത്തെ രക്ഷിച്ചിരിക്കുന്നു, ഇസ്രായേലിലെ ശേഷിപ്പിനെത്തന്നെ എന്നു പ്രഘോഷിച്ചു സ്തുതി പാടുവിൻ. ഉത്തരദേശത്തുനിന്നു ഞാൻ അവരെ കൂട്ടിക്കൊണ്ടു വരും, ഭൂമിയുടെ അതിർത്തികളിൽനിന്ന് അവരെ ഒരുമിച്ചുകൂട്ടും. അവരോടൊപ്പം മുടന്തരും ഗർഭിണികളും ഈറ്റുനോവിലായിരിക്കുന്നവരും ഉണ്ടായിരിക്കും; ഒരു വലിയ കൂട്ടമായി അവർ മടങ്ങിവരും. കരഞ്ഞുകൊണ്ട് അവർ വരും; ആശ്വസിപ്പിച്ചുകൊണ്ടു ഞാൻ അവരെ നയിക്കും, നീർത്തോടുകൾക്കരികെ, നേർപാതകളിലൂടെ ഞാൻ അവരെ വഴി നടത്തും; അവർ ഇടറിവീഴുകയില്ല. ഇസ്രായേലിനു ഞാൻ പിതാവാണ്; എഫ്രയീം എന്റെ ആദ്യജാതനും. “ജനതകളേ, സർവേശ്വരന്റെ വാക്കു കേൾക്കുവിൻ, വിദൂരത്തുള്ള ദ്വീപുകളിൽ അവ പ്രഘോഷിക്കുവിൻ, ഇസ്രായേലിനെ ചിതറിച്ചവൻ അതിനെ ഒരുമിച്ചുകൂട്ടുകയും അതിനെ ഇടയൻ ആട്ടിൻപറ്റത്തെ എന്നപോലെ സൂക്ഷിക്കുകയും ചെയ്യും. സർവേശ്വരൻ ഇസ്രായേലിനെ വീണ്ടെടുത്തിരിക്കുന്നു. അവനെക്കാൾ ബലമേറിയവരുടെ കരങ്ങളിൽനിന്നു വിമോചിപ്പിച്ചിരിക്കുന്നു. സീയോൻമലയിൽ വന്ന് അവർ ഉച്ചത്തിൽ പാടും; സർവേശ്വരന്റെ വിശിഷ്ടദാനങ്ങളാകുന്ന ധാന്യം, വീഞ്ഞ്, എണ്ണ, കുഞ്ഞാടുകൾ, കാളക്കുട്ടികൾ എന്നിവയാൽ അവർ സന്തുഷ്ടരാകും; അവരുടെ പ്രാണൻ ജലസമൃദ്ധമായ തോട്ടംപോലെ ആയിരിക്കും; ഇനി അവർ ക്ഷീണിച്ചു പോകയില്ല. അന്ന് കന്യകമാർ നൃത്തം ചെയ്ത് ആനന്ദിക്കും, യുവാക്കന്മാരും വൃദ്ധരും ഒരുപോലെ സന്തോഷിക്കും; അവരുടെ വിലാപം ഞാൻ സന്തോഷമായി മാറ്റും; അവരെ ഞാൻ ആശ്വസിപ്പിക്കും; ദുഃഖത്തിനു പകരം സന്തോഷം നല്‌കും. ഞാൻ പുരോഹിതന്മാരെ സമൃദ്ധികൊണ്ടു സംതൃപ്തരാക്കും; എന്റെ നന്മകളാൽ എന്റെ ജനത്തിനു തൃപ്തിവരും” എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. സർവേശ്വരൻ അരുളിച്ചെയ്യുന്നു: രാമയിൽ ഒരു ശബ്ദം കേൾക്കുന്നു; വിലാപത്തിന്റെയും അതിവേദനയുടെയും കരച്ചിൽ. റാഹേൽ തന്റെ മക്കളെ ചൊല്ലി വിലപിക്കുന്നു; അവർ ആരും അവശേഷിക്കായ്കയാൽ അവൾ ആശ്വാസംകൊള്ളാൻ വിസമ്മതിക്കുന്നു. സർവേശ്വരൻ അരുളിച്ചെയ്യുന്നു: “കരച്ചിൽ നിർത്തി നിന്റെ ശബ്ദവും കണ്ണുനീരൊഴുക്കാതെ നിന്റെ കണ്ണുകളും സൂക്ഷിക്കുക; നിന്റെ പ്രവൃത്തിക്കു പ്രതിഫലം ലഭിക്കും; ശത്രുവിന്റെ ദേശത്തുനിന്ന് അവർ മടങ്ങിവരും എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. നിന്റെ ഭാവിയെക്കുറിച്ചു പ്രത്യാശിക്കാൻ വകയുണ്ടെന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു; നിന്റെ മക്കൾ സ്വദേശത്തേക്കു മടങ്ങിവരും.
JEREMIA 31 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JEREMIA 31:1-17
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ