ഇസ്രായേൽഭവനമേ, സർവേശ്വരന്റെ വാക്കു കേൾക്കുക. അവിടുന്ന് അരുളിച്ചെയ്യുന്നു: “മറ്റു ജനതകളുടെ മാർഗം നീ അനുകരിക്കരുത്; ആകാശത്തിലെ അടയാളങ്ങൾ കണ്ടു സംഭ്രമിക്കരുത്. ജനതകളാണ് അതു കണ്ടു പരിഭ്രാന്തരാകുന്നത്. ജനതകളുടെ മതാചാരങ്ങൾ വ്യർഥമാണ്. ഒരാൾ വനത്തിലെ മരം മുറിച്ചെടുക്കുന്നു; അതിൽ ശില്പി ഉളികൊണ്ടു പണിയുന്നു. സ്വർണവും വെള്ളിയുംകൊണ്ടു മനുഷ്യർ അതു പൊതിയുന്നു; ഇളകി പോകാതിരിക്കാൻ ആണിയടിച്ച് ഉറപ്പിക്കുന്നു. വെള്ളരിത്തോട്ടത്തിൽ വയ്‍ക്കുന്ന കോലങ്ങൾപോലെയാണ് അവരുടെ വിഗ്രഹങ്ങൾ; അവ സംസാരിക്കുന്നില്ല; തനിയെ നടക്കാൻ കഴിവില്ലാത്തതിനാൽ ആരെങ്കിലും അവയെ ചുമക്കണം; നിങ്ങൾ അവയെ ഭയപ്പെടരുത്; നന്മയോ, തിന്മയോ ചെയ്യാൻ അവയ്‍ക്കു കഴിവില്ലല്ലോ.” സർവേശ്വരാ, അങ്ങയെപ്പോലെ മറ്റാരുമില്ല; അങ്ങു വലിയവനാണ്; അവിടുത്തെ ശക്തി മഹത്ത്വമേറിയതാണ്. ജനതകളുടെ രാജാവേ, ആര് അങ്ങയെ ഭയപ്പെടാതിരിക്കും? അവിടുന്ന് അതിനു യോഗ്യനാണല്ലോ; ജനതകളുടെ ഇടയിലെ സകല ജ്ഞാനികളിലും അവരുടെ സകല രാജ്യങ്ങളിലും അങ്ങയെപ്പോലെ ആരുമില്ല. അവർ ബുദ്ധിഹീനരും ഭോഷന്മാരുമാണ്; ഏതൊരു വിഗ്രഹത്തെക്കുറിച്ച് അവർ പ്രഘോഷിക്കുന്നുവോ അതു വെറും മരക്കഷണമത്രേ. തർശ്ശീശിൽനിന്നു കൊണ്ടുവന്ന വെള്ളിത്തകിടുകളും ഊഫാസിൽനിന്നു കൊണ്ടുവന്ന സ്വർണവുംകൊണ്ട് ശില്പിയും സ്വർണപ്പണിക്കാരും അവ പണിയുന്നു. നീലയും ധൂമ്രവുമായ വസ്ത്രങ്ങൾ അവയെ അണിയിക്കുന്നു. അവയെല്ലാം വിദഗ്ധപണിക്കാരുടെ ജോലിയാണ്. എന്നാൽ സർവേശ്വരനാണ് സത്യദൈവം; ജീവിക്കുന്ന ദൈവവും നിത്യനായ രാജാവും അവിടുന്നാണ്; അവിടുന്നു കോപിക്കുമ്പോൾ ഭൂമി വിറയ്‍ക്കുന്നു; അവിടുത്തെ ഉഗ്രകോപം സഹിക്കാൻ ജനതകൾക്കു കഴിവില്ല. നിങ്ങൾ അവരോട് ഇങ്ങനെ പറയണം: “ആകാശത്തിന്റെയും ഭൂമിയുടെയും സ്രഷ്ടാക്കളല്ലാത്ത ദേവന്മാർ ഭൂമിയിൽനിന്നും ആകാശത്തിൻ കീഴിൽനിന്നും നശിച്ചുപോകും.” സ്വന്തം ശക്തിയാൽ ഭൂമിയെ സൃഷ്‍ടിച്ചതും; സ്വന്തം ജ്ഞാനത്താൽ അതിനെ സ്ഥാപിച്ചതും സ്വന്തം വിവേകത്താൽ ആകാശത്തെ വിരിച്ചതും അവിടുന്നാണ്. അവിടുന്നു ശബ്ദിക്കുമ്പോൾ, ആകാശത്തു വെള്ളത്തിന്റെ മുഴക്കം ഉണ്ടാകുന്നു; ഭൂമിയുടെ അതിർത്തികളിൽനിന്ന് അവിടുന്നു മേഘങ്ങളെ ഉയർത്തുന്നു; മഴയ്‍ക്കായി മിന്നൽപ്പിണരുകളെ അവിടുന്നു സൃഷ്‍ടിക്കുന്നു; അവിടുത്തെ ഭണ്ഡാരങ്ങളിൽനിന്നു കാറ്റു പുറപ്പെടുവിക്കുന്നു. മനുഷ്യരെല്ലാം ബുദ്ധിഹീനരും ഭോഷരുമാണ്; താൻ നിർമിച്ച വിഗ്രഹങ്ങൾ നിമിത്തം സ്വർണപ്പണിക്കാരൻ ലജ്ജിതനാകും. അവർ നിർമിച്ച വിഗ്രഹങ്ങൾ വ്യാജമാണ്; അവയിൽ ജീവശ്വാസമില്ല. അവ വിലയില്ലാത്തതും അർഥശൂന്യവുമാണ്; ശിക്ഷാസമയത്ത് അവയെല്ലാം നശിക്കും. യാക്കോബിന്റെ അവകാശമായ ദൈവം അങ്ങനെയല്ല, അവിടുന്നാണ് എല്ലാറ്റിനും രൂപം നല്‌കിയത്; ഇസ്രായേൽഗോത്രം അവിടുത്തെ അവകാശമാണ്; സർവശക്തനായ സർവേശ്വരനെന്നാണ് അവിടുത്തെ നാമം. ഉപരോധിക്കപ്പെട്ടിരിക്കുന്നവരേ, ഭാണ്ഡം മുറുക്കി ഓടിപ്പോകുവിൻ; സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: “കവിണയിൽ വച്ച് എറിയുന്നതുപോലെ ദേശവാസികളെയെല്ലാം എറിഞ്ഞുകളയാൻ പോകുകയാണ്; അവരുടെമേൽ ഞാൻ ദുരിതം വരുത്തും; അത് അവർ അനുഭവിക്കുകയും ചെയ്യും.” എന്റെ മുറിവു നിമിത്തം എനിക്കു ഹാ ദുരിതം! അതു വളരെ ദാരുണമാണ്; ഈ ദുരിതം ഞാൻ സഹിച്ചേ തീരൂ. എന്റെ കൂടാരം നശിച്ചുപോയി; അതിന്റെ ചരടുകളെല്ലാം പൊട്ടിയിരിക്കുന്നു; എന്റെ മക്കൾ എന്നെ വിട്ടുപോയി; അവരിൽ ആരും ജീവിച്ചിരിക്കുന്നില്ല; എന്റെ കൂടാരം നിവർത്താനും അതിന്റെ ശീലകൾ വിരിക്കാനും ഇനി ആരുമില്ല. ഇടയന്മാർ ബുദ്ധിഹീനരാണ്; അവർ സർവേശ്വരനെ അന്വേഷിക്കുന്നില്ല; അതുകൊണ്ട് അവർക്കു ഐശ്വര്യമുണ്ടാകുന്നില്ല; അവരുടെ ആട്ടിൻപറ്റം ചിതറിപ്പോയിരിക്കുന്നു. ഇതാ, ഒരു ആരവം അടുത്തു കേൾക്കുന്നു; വടക്കുദേശത്തുനിന്നു വരുന്ന ഇരമ്പൽ യെഹൂദാനഗരങ്ങൾ നശിപ്പിച്ച് അവയെ കുറുനരികളുടെ താവളമാക്കും.
JEREMIA 10 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: JEREMIA 10:1-22
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ