RORELTUTE 6:3-16

RORELTUTE 6:3-16 MALCLBSI

ഇസ്രായേൽജനം കൃഷിയിറക്കി കഴിയുമ്പോഴെല്ലാം മിദ്യാന്യരും അമാലേക്യരും കിഴക്കുള്ള മരുഭൂവാസികളും കൂടിവന്ന് അവരെ ആക്രമിച്ചിരുന്നു. അവർ ഇസ്രായേല്യർക്കെതിരെ താവളമടിച്ചുകൊണ്ട് ഗസ്സവരെയുള്ള സ്ഥലത്തെ വിളവു നശിപ്പിച്ചിരുന്നു; ഭക്ഷണപദാർഥങ്ങളെയോ ആടുമാടുകളെയോ കഴുതകളെയോ ശേഷിപ്പിച്ചില്ല. അവർ തങ്ങളുടെ കന്നുകാലികളും കൂടാരസാമഗ്രികളുമായി വെട്ടുക്കിളികളെപ്പോലെ അസംഖ്യമായി വന്നിരുന്നു. അവരും അവരുടെ ഒട്ടകങ്ങളും എണ്ണമറ്റവയായിരുന്നു. അവർ ദേശം ശൂന്യമാക്കി. അങ്ങനെ മിദ്യാന്യർ നിമിത്തം ഇസ്രായേൽജനം വളരെ ക്ഷയിച്ചു. അവർ സർവേശ്വരനോടു നിലവിളിച്ചു. മിദ്യാന്യരിൽനിന്നു രക്ഷിക്കാൻ ഇസ്രായേൽജനം സർവേശ്വരനെ വിളിച്ചപേക്ഷിച്ചപ്പോൾ അവിടുന്ന് ഒരു പ്രവാചകനെ അവരുടെ അടുക്കൽ അയച്ചു. അദ്ദേഹം അവരോടു പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ ഇപ്രകാരം അരുളിച്ചെയ്യുന്നു: അടിമവീടായ ഈജിപ്തിൽനിന്നു ഞാൻ നിങ്ങളെ മോചിപ്പിച്ചുകൊണ്ടുവന്നു. ഈജിപ്തുകാരുടെയും നിങ്ങളെ പീഡിപ്പിച്ച സകലരുടെയും കൈയിൽനിന്നു ഞാൻ നിങ്ങളെ വിടുവിച്ചു. നിങ്ങളുടെ മുമ്പിൽനിന്ന് ഞാൻ അവരെ തുരത്തി; അവരുടെ ദേശം നിങ്ങൾക്കു നല്‌കുകയും ചെയ്തു. “ഞാനാണ് നിങ്ങളുടെ ദൈവമായ സർവേശ്വരൻ. നിങ്ങൾ നിവസിക്കുന്ന ദേശത്തുള്ള അമോര്യരുടെ ദേവന്മാരെ ആരാധിക്കരുതെന്നു ഞാൻ നിങ്ങളോടു കല്പിച്ചു; എന്നാൽ നിങ്ങൾ അതു ഗണ്യമാക്കിയില്ല.” അബിയേസ്ര്യവംശജനായ യോവാശിന്റെ ഒഫ്രയിലുള്ള കരുവേലകത്തിന്റെ കീഴിൽ സർവേശ്വരന്റെ ദൂതൻ വന്നു. യോവാശിന്റെ പുത്രനായ ഗിദെയോൻ, മിദ്യാന്യർ കാണാതിരിക്കാൻവേണ്ടി മുന്തിരിച്ചക്കിൽ കോതമ്പു മെതിക്കുകയായിരുന്നു. സർവേശ്വരന്റെ ദൂതൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “ധീരനും ശക്തനുമായ മനുഷ്യാ, സർവേശ്വരൻ നിന്റെ കൂടെയുണ്ട്.” ഗിദെയോൻ ദൂതനോടു പറഞ്ഞു: “പ്രഭോ, സർവേശ്വരൻ ഞങ്ങളോടൊപ്പം ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഇതെല്ലാം സംഭവിക്കുന്നതെന്ത്? അവിടുന്നു ഞങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ചു കൊണ്ടുവന്നപ്പോൾ അദ്ഭുതങ്ങൾ പ്രവർത്തിച്ചു എന്നു ഞങ്ങളുടെ പിതാക്കന്മാർ ആവർത്തിച്ചു പ്രസ്താവിച്ചിട്ടുണ്ട്. അവിടുത്തെ ആ അദ്ഭുതപ്രവൃത്തികൾ എവിടെ? ഇപ്പോൾ സർവേശ്വരൻ ഞങ്ങളെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയിൽ ഞങ്ങളെ ഏല്പിച്ചിരിക്കുകയാണല്ലോ.” സർവേശ്വരൻ അയാളുടെ നേരെ തിരിഞ്ഞ് അരുളിച്ചെയ്തു: “നിന്റെ സർവശക്തിയോടുംകൂടെ പോയി ഇസ്രായേൽജനത്തെ മിദ്യാന്യരിൽനിന്നു രക്ഷിക്കുക. ഞാൻ തന്നെയാണു നിന്നെ അയയ്‍ക്കുന്നത്.” ഗിദെയോൻ പറഞ്ഞു: “സർവേശ്വരാ, ഇസ്രായേലിനെ ഞാൻ എങ്ങനെ മോചിപ്പിക്കും? മനശ്ശെഗോത്രത്തിൽ വച്ച് എന്റെ കുലം ദുർബലവും; ഞാനാകട്ടെ എന്റെ കുടുംബത്തിൽ ഏറ്റവും നിസ്സാരനും ആകുന്നു.” അവിടുന്നു പറഞ്ഞു: “ഞാൻ നിന്റെകൂടെ ഉണ്ട്; ഒറ്റയാളെ എന്നപോലെ മിദ്യാന്യരെയെല്ലാം നീ സംഹരിക്കും.”

RORELTUTE 6 വായിക്കുക