RORELTUTE 6:11-32

RORELTUTE 6:11-32 MALCLBSI

അബിയേസ്ര്യവംശജനായ യോവാശിന്റെ ഒഫ്രയിലുള്ള കരുവേലകത്തിന്റെ കീഴിൽ സർവേശ്വരന്റെ ദൂതൻ വന്നു. യോവാശിന്റെ പുത്രനായ ഗിദെയോൻ, മിദ്യാന്യർ കാണാതിരിക്കാൻവേണ്ടി മുന്തിരിച്ചക്കിൽ കോതമ്പു മെതിക്കുകയായിരുന്നു. സർവേശ്വരന്റെ ദൂതൻ പ്രത്യക്ഷപ്പെട്ടു പറഞ്ഞു: “ധീരനും ശക്തനുമായ മനുഷ്യാ, സർവേശ്വരൻ നിന്റെ കൂടെയുണ്ട്.” ഗിദെയോൻ ദൂതനോടു പറഞ്ഞു: “പ്രഭോ, സർവേശ്വരൻ ഞങ്ങളോടൊപ്പം ഉണ്ടെങ്കിൽ ഞങ്ങൾക്ക് ഇതെല്ലാം സംഭവിക്കുന്നതെന്ത്? അവിടുന്നു ഞങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ചു കൊണ്ടുവന്നപ്പോൾ അദ്ഭുതങ്ങൾ പ്രവർത്തിച്ചു എന്നു ഞങ്ങളുടെ പിതാക്കന്മാർ ആവർത്തിച്ചു പ്രസ്താവിച്ചിട്ടുണ്ട്. അവിടുത്തെ ആ അദ്ഭുതപ്രവൃത്തികൾ എവിടെ? ഇപ്പോൾ സർവേശ്വരൻ ഞങ്ങളെ ഉപേക്ഷിച്ചു മിദ്യാന്യരുടെ കൈയിൽ ഞങ്ങളെ ഏല്പിച്ചിരിക്കുകയാണല്ലോ.” സർവേശ്വരൻ അയാളുടെ നേരെ തിരിഞ്ഞ് അരുളിച്ചെയ്തു: “നിന്റെ സർവശക്തിയോടുംകൂടെ പോയി ഇസ്രായേൽജനത്തെ മിദ്യാന്യരിൽനിന്നു രക്ഷിക്കുക. ഞാൻ തന്നെയാണു നിന്നെ അയയ്‍ക്കുന്നത്.” ഗിദെയോൻ പറഞ്ഞു: “സർവേശ്വരാ, ഇസ്രായേലിനെ ഞാൻ എങ്ങനെ മോചിപ്പിക്കും? മനശ്ശെഗോത്രത്തിൽ വച്ച് എന്റെ കുലം ദുർബലവും; ഞാനാകട്ടെ എന്റെ കുടുംബത്തിൽ ഏറ്റവും നിസ്സാരനും ആകുന്നു.” അവിടുന്നു പറഞ്ഞു: “ഞാൻ നിന്റെകൂടെ ഉണ്ട്; ഒറ്റയാളെ എന്നപോലെ മിദ്യാന്യരെയെല്ലാം നീ സംഹരിക്കും.” ഗിദെയോൻ പറഞ്ഞു: “അവിടുന്ന് എന്നിൽ പ്രസാദിച്ചിരിക്കുന്നെങ്കിൽ അവിടുന്നു തന്നെയാണ് എന്നോടു സംസാരിക്കുന്നത് എന്നതിന് ഒരു അടയാളം കാണിച്ചുതന്നാലും. ഞാൻ അടുത്തുവന്ന് തിരുമുമ്പിൽ കാഴ്ച സമർപ്പിക്കുന്നതുവരെ അങ്ങ് ഇവിടെനിന്നു പോകരുതേ!” “നീ മടങ്ങി വരുന്നതുവരെ ഞാൻ ഇവിടെത്തന്നെ ഉണ്ടായിരിക്കും.” സർവേശ്വരൻ പറഞ്ഞു. ഗിദെയോൻ വീട്ടിൽ ചെന്ന് ഒരാട്ടിൻകുട്ടിയെ പാകം ചെയ്തു; ഒരു ഏഫാ മാവുകൊണ്ട് പുളിപ്പു ചേർക്കാത്ത അപ്പവും ഉണ്ടാക്കി; മാംസം ഒരു കുട്ടയിലും ചാറ് ഒരു കലത്തിലും എടുത്തു കരുവേലകത്തിന്റെ ചുവട്ടിൽ അവിടുത്തെ മുമ്പാകെ കാഴ്ചവച്ചു. അപ്പോൾ സർവേശ്വരന്റെ ദൂതൻ കല്പിച്ചു: “മാംസവും അപ്പവും പാറമേൽ വച്ച് മീതേ ചാറ് ഒഴിക്കുക.” ഗിദെയോൻ അങ്ങനെ ചെയ്തു. സർവേശ്വരന്റെ ദൂതൻ തന്റെ വടിയുടെ അറ്റംകൊണ്ട് മാംസവും പുളിപ്പു ചേരാത്ത അപ്പവും സ്പർശിച്ചു. ഉടൻതന്നെ പാറയിൽനിന്നു തീ പുറപ്പെട്ടു മാംസവും അപ്പവും ദഹിപ്പിച്ചു. പിന്നീടു ദൂതൻ അപ്രത്യക്ഷനായി. താൻ കണ്ടത് സർവേശ്വരന്റെ ദൂതനെത്തന്നെ ആയിരുന്നു എന്നു ഗിദെയോൻ മനസ്സിലാക്കി; “ദൈവമായ സർവേശ്വരാ, അവിടുത്തെ ദൂതനെ ഞാൻ അഭിമുഖം കണ്ടുപോയല്ലോ” എന്നു പറഞ്ഞു. സർവേശ്വരൻ അവനോടു പറഞ്ഞു: “നിനക്ക് സമാധാനം; ഭയപ്പെടേണ്ടാ; നീ മരിക്കുകയില്ല.” ഗിദെയോൻ അവിടെ സർവേശ്വരന് ഒരു യാഗപീഠം നിർമ്മിച്ചു; ‘യാഹ്ശാലോം’ എന്ന് അതിനു പേരിട്ടു. അബിയേസ്ര്യകുലക്കാരുടെ വകയായ ഒഫ്രയിൽ അത് ഇന്നും നിലനില്‌ക്കുന്നു. ആ രാത്രിയിൽ സർവേശ്വരൻ ഗിദെയോനോടു കല്പിച്ചു: “നിന്റെ പിതാവ് ആരാധിക്കുന്ന ബാലിന്റെ ബലിപീഠം ഇടിച്ചു നിരത്തുകയും അതിന്റെ അടുത്തുള്ള അശേരാപ്രതിഷ്ഠ വെട്ടിവീഴ്ത്തുകയും ചെയ്യുക. ഈ കോട്ടയുടെ മുകളിൽ കല്ലുകൾ യഥാക്രമം അടുക്കി നിന്റെ ദൈവമായ സർവേശ്വരന് ഒരു യാഗപീഠം നിർമ്മിക്കുക; നിന്റെ പിതാവിന്റെ ഏഴു വയസ്സായ രണ്ടാമത്തെ കാളയെ അവിടെ ഹോമയാഗമായി അർപ്പിക്കണം. വെട്ടിവീഴ്ത്തിയ അശേരാപ്രതിഷ്ഠയുടെ വിറക് അതിന് ഉപയോഗിക്കാം. ഗിദെയോൻ തന്റെ ഭൃത്യന്മാരിൽ പത്തു പേരെ കൂട്ടിക്കൊണ്ടുപോയി അവിടുന്നു തന്നോടു കല്പിച്ചതുപോലെ പ്രവർത്തിച്ചു. സ്വന്തം കുടുംബക്കാരെയും പട്ടണവാസികളെയും ഭയപ്പെട്ടിരുന്നതുകൊണ്ട് പകൽ സമയത്തല്ല, രാത്രിയിലായിരുന്നു അതു ചെയ്തത്. അടുത്ത ദിവസം പട്ടണവാസികൾ ഉണർന്നപ്പോൾ ബാലിന്റെ ബലിപീഠം തകർന്നു കിടക്കുന്നതും അശേരാപ്രതിഷ്ഠ വെട്ടി വീഴ്ത്തപ്പെട്ടിരിക്കുന്നതും പുതുതായി നിർമ്മിച്ച യാഗപീഠത്തിൽ രണ്ടാമത്തെ കാളയെ യാഗമായി അർപ്പിച്ചിരിക്കുന്നതും കണ്ടു. ആരാണ് ഇതു ചെയ്തത് എന്ന് അവർ പരസ്പരം ചോദിച്ചു; യോവാശിന്റെ പുത്രനായ ഗിദെയോനാണ് ഇതു ചെയ്തതെന്ന് അവർക്കു മനസ്സിലായി. അപ്പോൾ പട്ടണവാസികൾ യോവാശിനോടു പറഞ്ഞു: “നിന്റെ മകനെ ഇവിടെ കൊണ്ടുവരിക; അവൻ മരിക്കണം; അവൻ ബാലിന്റെ ബലിപീഠം തകർക്കുകയും അശേരാപ്രതിഷ്ഠ വെട്ടിക്കളയുകയും ചെയ്തിരിക്കുന്നുവല്ലോ.” തനിക്കെതിരെ അണിനിരന്നവരോടു യോവാശ് പറഞ്ഞു: “ബാലിനുവേണ്ടി നിങ്ങളാണോ വാദിക്കുന്നത്? നിങ്ങളാണോ അവനെ രക്ഷിക്കുന്നത്? ബാലിനുവേണ്ടി വാദിക്കുന്നവൻ നേരം വെളുക്കുന്നതിനു മുമ്പുതന്നെ കൊല്ലപ്പെടണം. ബാൽ ദൈവമാണെങ്കിൽ, അവൻ സ്വയം പോരാടട്ടെ; ബാലിന്റെ ബലിപീഠം അല്ലേ തകർക്കപ്പെട്ടത്.” ബാലിന്റെ ബലിപീഠം തകർത്തതിനാൽ ബാൽതന്നെ അവനെതിരായി പോരാടട്ടെ എന്നർഥമുള്ള ‘യെരുബ്ബാൽ’ എന്നു ഗിദെയോനു പേരുണ്ടായി.

RORELTUTE 6 വായിക്കുക