ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരാ എന്നൊരു പ്രവാചകി ആയിരുന്നു അക്കാലത്ത് ഇസ്രായേലിൽ ന്യായപാലനം നടത്തിയിരുന്നത്. എഫ്രയീംമലനാട്ടിൽ രാമായ്‍ക്കും ബേഥേലിനും ഇടയ്‍ക്കുള്ള ദെബോരായുടെ ഈന്തപ്പനയുടെ കീഴിൽ ദെബോരാ ഇരിക്കുക പതിവായിരുന്നു. ന്യായം നടത്തിക്കിട്ടാൻ ഇസ്രായേൽജനം അവരെ സമീപിച്ചിരുന്നു. അവർ അബീനോവാമിന്റെ പുത്രനായ ബാരാക്കിനെ കേദെശ്-നഫ്താലിയിൽനിന്നു വരുത്തിപ്പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ നിന്നോടു കല്പിക്കുന്നു. നഫ്താലി, സെബൂലൂൻ ഗോത്രങ്ങളിൽനിന്നു പതിനായിരം പേരെ താബോർ മലയിലേക്ക് കൂട്ടിക്കൊണ്ടു വരിക. യാബീനിന്റെ സൈന്യാധിപനായ സീസെരയെ രഥങ്ങളോടും സൈന്യത്തോടും കൂടെ കീശോൻതോട്ടിനരികെ നിന്റെ അടുക്കൽ ഞാൻ കൊണ്ടുവരും; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിക്കും.” ബാരാക് ദെബോരായോട് പറഞ്ഞു: “നിങ്ങൾ എന്നോടൊപ്പം വന്നാൽ ഞാൻ പോകാം; ഇല്ലെങ്കിൽ ഞാൻ പോകുകയില്ല.” ദെബോരാ പ്രതിവചിച്ചു: “ഞാൻ തീർച്ചയായും നിങ്ങളുടെകൂടെ വരാം; പക്ഷേ ഞാൻ വന്നാൽ വിജയത്തിന്റെ ബഹുമതി നിങ്ങൾക്കു ലഭിക്കുകയില്ല. സർവേശ്വരൻ സീസെരയെ ഒരു സ്‍ത്രീയുടെ കൈയിൽ ഏല്പിക്കും.” പിന്നീട് അവർ ബാരാക്കിന്റെ കൂടെ കേദെശിലേക്കു പുറപ്പെട്ടു; സെബൂലൂൻ, നഫ്താലി ഗോത്രക്കാരെ ബാരാക് കേദെശിൽ വിളിച്ചുകൂട്ടി; പതിനായിരം പേർ അയാളെ അനുഗമിച്ചു; ദെബോരായും അയാളുടെ കൂടെ ചെന്നു. കേന്യനായ ഹേബെർ മറ്റു കേന്യരെ വിട്ടുപോന്ന് കേദെശിനടുത്തുള്ള സാനന്നീമിലെ കരുവേലകത്തിനു സമീപം കൂടാരമടിച്ചു. അവർ മോശയുടെ ഭാര്യാപിതാവായ ഹോബാബിന്റെ പുത്രന്മാരായിരുന്നു. അബീനോവാമിന്റെ പുത്രനായ ബാരാക് താബോർ മലയിലേക്ക് കയറിപ്പോയിരിക്കുന്നു എന്നു സീസെരയ്‍ക്ക് അറിവു കിട്ടിയപ്പോൾ അയാൾ തന്റെ തൊള്ളായിരം ഇരുമ്പു രഥങ്ങളെയും സകല സൈന്യങ്ങളെയും വിജാതീയപട്ടണമായ ഹരോശെത്തിൽനിന്നു കീശോൻതോട്ടിനരികെ ഒന്നിച്ചുകൂട്ടി. ദെബോരാ ബാരാക്കിനോടു പറഞ്ഞു: “പുറപ്പെടുക; സർവേശ്വരൻ ഇന്നു സീസെരയെ നിന്റെ കൈയിൽ ഏല്പിച്ചിരിക്കുന്നു; അവിടുന്നുതന്നെയല്ലേ നിങ്ങളെ നയിക്കുന്നത്.” അപ്പോൾ ബാരാക്കും കൂടെയുള്ള പതിനായിരം പേരും താബോർമലയിൽനിന്ന് ഇറങ്ങിച്ചെന്നു. ബാരാക്കിന്റെ മുമ്പിൽവച്ച് സർവേശ്വരൻ സീസെരയുടെ സകല രഥങ്ങളെയും സൈന്യത്തെയും വാൾമുനയാൽ ചിതറിച്ചു. സീസെര രഥത്തിൽനിന്നിറങ്ങി ഓടി; ബാരാക്, രഥങ്ങളെയും സൈന്യത്തെയും വിജാതീയപട്ടണമായ ഹരോശെത്ത്‍വരെ പിന്തുടർന്നു, സീസെരയുടെ സൈന്യമെല്ലാം സംഹരിക്കപ്പെട്ടു; ഒരാൾപോലും ശേഷിച്ചില്ല.
RORELTUTE 4 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: RORELTUTE 4:4-16
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ