RORELTUTE 4:1-10

RORELTUTE 4:1-10 MALCLBSI

ഏഹൂദിന്റെ മരണശേഷം വീണ്ടും ഇസ്രായേൽജനം സർവേശ്വരന് ഹിതകരമല്ലാത്തതു പ്രവർത്തിച്ചു. അപ്പോൾ അവരെ അവിടുന്ന് ഹാസോരിൽ വാണിരുന്ന കനാന്യരാജാവായ യാബീനിന് ഏല്പിച്ചുകൊടുത്തു. വിജാതീയ പട്ടണമായ ഹാരോശെത്തിൽ പാർത്തിരുന്ന സീസെര ആയിരുന്നു അയാളുടെ സൈന്യാധിപൻ. അയാൾക്കു തൊള്ളായിരം ഇരുമ്പു രഥങ്ങളുണ്ടായിരുന്നു. ഇരുപതു വർഷം അയാൾ ഇസ്രായേൽജനത്തെ കഠിനമായി പീഡിപ്പിച്ചു. അതുകൊണ്ട് അവർ സഹായത്തിനുവേണ്ടി സർവേശ്വരനോടു നിലവിളിച്ചു. ലപ്പീദോത്തിന്റെ ഭാര്യയായ ദെബോരാ എന്നൊരു പ്രവാചകി ആയിരുന്നു അക്കാലത്ത് ഇസ്രായേലിൽ ന്യായപാലനം നടത്തിയിരുന്നത്. എഫ്രയീംമലനാട്ടിൽ രാമായ്‍ക്കും ബേഥേലിനും ഇടയ്‍ക്കുള്ള ദെബോരായുടെ ഈന്തപ്പനയുടെ കീഴിൽ ദെബോരാ ഇരിക്കുക പതിവായിരുന്നു. ന്യായം നടത്തിക്കിട്ടാൻ ഇസ്രായേൽജനം അവരെ സമീപിച്ചിരുന്നു. അവർ അബീനോവാമിന്റെ പുത്രനായ ബാരാക്കിനെ കേദെശ്-നഫ്താലിയിൽനിന്നു വരുത്തിപ്പറഞ്ഞു: “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ നിന്നോടു കല്പിക്കുന്നു. നഫ്താലി, സെബൂലൂൻ ഗോത്രങ്ങളിൽനിന്നു പതിനായിരം പേരെ താബോർ മലയിലേക്ക് കൂട്ടിക്കൊണ്ടു വരിക. യാബീനിന്റെ സൈന്യാധിപനായ സീസെരയെ രഥങ്ങളോടും സൈന്യത്തോടും കൂടെ കീശോൻതോട്ടിനരികെ നിന്റെ അടുക്കൽ ഞാൻ കൊണ്ടുവരും; ഞാൻ അവരെ നിന്റെ കൈയിൽ ഏല്പിക്കും.” ബാരാക് ദെബോരായോട് പറഞ്ഞു: “നിങ്ങൾ എന്നോടൊപ്പം വന്നാൽ ഞാൻ പോകാം; ഇല്ലെങ്കിൽ ഞാൻ പോകുകയില്ല.” ദെബോരാ പ്രതിവചിച്ചു: “ഞാൻ തീർച്ചയായും നിങ്ങളുടെകൂടെ വരാം; പക്ഷേ ഞാൻ വന്നാൽ വിജയത്തിന്റെ ബഹുമതി നിങ്ങൾക്കു ലഭിക്കുകയില്ല. സർവേശ്വരൻ സീസെരയെ ഒരു സ്‍ത്രീയുടെ കൈയിൽ ഏല്പിക്കും.” പിന്നീട് അവർ ബാരാക്കിന്റെ കൂടെ കേദെശിലേക്കു പുറപ്പെട്ടു; സെബൂലൂൻ, നഫ്താലി ഗോത്രക്കാരെ ബാരാക് കേദെശിൽ വിളിച്ചുകൂട്ടി; പതിനായിരം പേർ അയാളെ അനുഗമിച്ചു; ദെബോരായും അയാളുടെ കൂടെ ചെന്നു.

RORELTUTE 4 വായിക്കുക