JAKOBA 3:2-18

JAKOBA 3:2-18 MALCLBSI

നാമെല്ലാവരും പലവിധത്തിൽ തെറ്റുകൾ ചെയ്യുന്നു. സംഭാഷണത്തിൽ പിഴ വരുത്താത്തവൻ ശരീരത്തെ മുഴുവൻ കടിഞ്ഞാണിട്ടു നയിക്കുവാൻ കഴിവുള്ള ഉത്തമ മനുഷ്യനായിരിക്കും. കുതിരയെ അധീനമാക്കുന്നതിനുവേണ്ടി അതിന്റെ വായിൽ കടിഞ്ഞാണിടുന്നു; അങ്ങനെ അതിന്റെ ശരീരത്തെ മുഴുവനും നാം നിയന്ത്രിക്കുന്നുവല്ലോ. കപ്പലിന്റെ കാര്യംതന്നെ നോക്കുക. അത് എത്ര വലുതായാലും, ശക്തമായ കാറ്റിന്റെ സഹായംകൊണ്ട് ഓടുന്നതായാലും ഒരു ചെറിയ ചുക്കാൻകൊണ്ട് അമരക്കാരൻ ബോധിച്ച ദിക്കിലേക്കു തിരിക്കുന്നു. അതുപോലെ നാവും വളരെ ചെറിയ ഒരവയവമാണെങ്കിലും വലിയ കാര്യങ്ങളെക്കുറിച്ചു വീരവാദം നടത്തുന്നു. എത്ര വലിയ വനമായാലും മുഴുവൻ കത്തി നശിക്കുവാൻ ഒരു തീപ്പൊരി മതി. നാവും ഒരു അഗ്നി തന്നെ. അതു നമ്മുടെ അവയവങ്ങളുടെ മധ്യത്തിൽ തിന്മയുടെ ഒരു പ്രപഞ്ചമാണ്. നമ്മുടെ സത്തയെ ആകമാനം അതു മലിനമാക്കുന്നു. അതു ജീവിതത്തെ സമൂലം നരകാഗ്നിക്ക് ഇരയാക്കുന്നു. ഏതു തരം മൃഗത്തെയും പക്ഷിയെയും ഇഴജന്തുവിനെയും ജലജീവിയെയും മനുഷ്യനു മെരുക്കിയെടുക്കാം; മെരുക്കിയിട്ടുമുണ്ട്. എന്നാൽ നാവിനെ മെരുക്കുവാൻ ഒരു മനുഷ്യനും സാധ്യമല്ല. അത് അടക്കാനാവാത്ത ദോഷവും മാരകമായ വിഷവും നിറഞ്ഞതാണ്. നമ്മുടെ പിതാവായ സർവേശ്വരനെ നാവുകൊണ്ട് നാം സ്തുതിക്കുന്നു. ദൈവത്തിന്റെ സാദൃശ്യത്തിൽ സൃഷ്‍ടിക്കപ്പെട്ടിരിക്കുന്ന മനുഷ്യനെ അതേ നാവുകൊണ്ടു ശപിക്കുകയും ചെയ്യുന്നു. ഒരേ വായിൽനിന്നു തന്നെ ഈശ്വരസ്തുതിയും ശാപവും പുറപ്പെടുന്നു. എന്റെ സഹോദരരേ, ഇത് ഉചിതമല്ല. ഒരേ നീരുറവ് ശുദ്ധജലവും ഉപ്പുവെള്ളവും പുറപ്പെടുവിക്കുമോ? എന്റെ സഹോദരരേ, അത്തിവൃക്ഷത്തിൽ ഒലിവുഫലമോ, മുന്തിരിവള്ളിമേൽ അത്തിപ്പഴമോ ഉണ്ടാകുമോ? ഉപ്പുവെള്ളം പുറപ്പെടുവിക്കുന്ന നീരുറവിന് അതിലെ ജലത്തെ മധുരിപ്പിക്കുവാൻ സാധ്യമാണോ? നിങ്ങളിൽ ജ്ഞാനവും വിവേകവും ഉള്ളവൻ ആരാണ്? ജ്ഞാനത്തിന്റെ ലക്ഷണം വിനയമാണ്. വിനയത്തോടുകൂടി ചെയ്യുന്ന പ്രവൃത്തികളാൽ അവൻ തന്റെ ഉത്തമജീവിതത്തിൽ അതു കാണിക്കട്ടെ. എന്നാൽ നിങ്ങളുടെ ഹൃദയത്തിൽ കയ്പു നിറഞ്ഞ അസൂയയും സ്വാർഥനിഷ്ഠമായ താത്പര്യങ്ങളും ഉണ്ടെങ്കിൽ ജ്ഞാനത്തെക്കുറിച്ച് ആത്മപ്രശംസ ചെയ്യരുത്. അത് സത്യത്തിനു നിരക്കാത്തതാണ്. ഇങ്ങനെ ആത്മപ്രശംസ ചെയ്യുന്ന ജ്ഞാനം ദൈവത്തിൽനിന്നുള്ളതല്ല. അത് ഭൗമികവും, അനാത്മികവും, പൈശാചികവുമാണ്. എവിടെ അസൂയയും സ്വാർഥതാത്പര്യവും ഉണ്ടോ, അവിടെ ക്രമക്കേടും എല്ലാവിധ തിന്മകളും ഉണ്ടായിരിക്കും. എന്നാൽ ഉന്നതത്തിൽനിന്നുള്ള ജ്ഞാനം ഒന്നാമത് നിർമ്മലമാണ്, പിന്നെ സമാധാനപ്രദവും സൗമ്യവും അനുരഞ്ജകവും കരുണാമയവും സൽഫലങ്ങൾ ഉളവാക്കുന്നതും ആകുന്നു. അതു പക്ഷപാതവും കാപട്യവും ജനിപ്പിക്കുന്നില്ല. സമാധാനം ഉണ്ടാക്കുന്നവൻ സമാധാനം വിതച്ച് നന്മ കൊയ്തെടുക്കുന്നു.

JAKOBA 3 വായിക്കുക