JAKOBA 2:21-26
JAKOBA 2:21-26 MALCLBSI
നമ്മുടെ പിതാവായ അബ്രഹാം തന്റെ പുത്രനായ ഇസ്ഹാക്കിനെ ബലിപീഠത്തിൽ സമർപ്പിച്ചു. അങ്ങനെ പ്രവൃത്തികളിലൂടെയാണല്ലോ അദ്ദേഹം നീതികരിക്കപ്പെട്ടത്. അബ്രഹാമിന്റെ പ്രവൃത്തികളോടൊപ്പം വിശ്വാസവും വർത്തിച്ചു എന്നും, വിശ്വാസം പ്രവൃത്തികളാൽ പൂർണമാക്കപ്പെട്ടു എന്നും നിങ്ങൾ അറിയുന്നുവല്ലോ. അങ്ങനെ ‘അബ്രഹാം ദൈവത്തെ വിശ്വസിച്ചു; അതുകൊണ്ട് അദ്ദേഹത്തെ നീതിമാനായി അംഗീകരിച്ചു’ എന്ന വേദലിഖിതം സത്യമായി; അദ്ദേഹം ദൈവത്തിന്റെ സ്നേഹിതൻ എന്നു വിളിക്കപ്പെടുകയും ചെയ്തു. അങ്ങനെ, മനുഷ്യൻ പ്രവൃത്തികൾകൊണ്ടാണ് നീതിമാനായി അംഗീകരിക്കപ്പെടുന്നതെന്ന് നിങ്ങൾ അറിയുന്നു; കേവലം വിശ്വാസംകൊണ്ടല്ല. റാഹാബ് എന്ന വേശ്യയും അംഗീകരിക്കപ്പെട്ടത് പ്രവൃത്തികളിൽ കൂടിയാണ്. അവൾ ഇസ്രായേല്യചാരന്മാരെ സ്വീകരിക്കുകയും മറ്റൊരു വഴിയിലൂടെ അവരെ പുറത്തേക്കു പറഞ്ഞയയ്‍ക്കുകയും ചെയ്തു. ആത്മാവില്ലാത്ത ശരീരം നിർജീവമായിരിക്കുന്നതുപോലെ പ്രവൃത്തികൂടാതെയുള്ള വിശ്വാസവും നിർജീവമായിരിക്കും.

