ISAIA 60:6-9
ISAIA 60:6-9 MALCLBSI
ഒട്ടകങ്ങളുടെ വലിയഗണം; മിദ്യാനിലെയും ഏഫയിലെയും യുവപ്രായമായ ഒട്ടകങ്ങൾ നിന്നെ പൊതിയും. ശെബയിൽനിന്നും വരുന്നവർ പൊന്നും കുന്തുരുക്കവും കൊണ്ടുവരും. വരുന്നവരെല്ലാം സർവേശ്വരനു സ്തുതിഘോഷം ഉയർത്തും. കേദാരിലെ ആട്ടിൻപറ്റങ്ങളെ നിന്റെ അടുത്തുകൊണ്ടുവരും; നെബായോത്തിലെ ആണാടുകൾ യാഗമൃഗങ്ങളായി നിനക്കുപകരിക്കപ്പെടും. അവ എനിക്കു സ്വീകാര്യമായവിധം എന്റെ യാഗപീഠത്തിൽ എത്തും. എന്റെ തേജസ്സുറ്റ ആലയത്തെ ഞാൻ മഹത്ത്വപ്പെടുത്തും. മേഘങ്ങളെപ്പോലെയും കൂടണയാൻ വെമ്പുന്ന പ്രാക്കളെപ്പോലെയും പറന്നു വരുന്ന ഇവരാരാണ്? ഇവർ വിദൂരസ്ഥലങ്ങളിൽനിന്ന് എന്നെ ലക്ഷ്യമാക്കി വരുന്നവരാണ്. തർശ്ശീശുകപ്പലുകളാണു മുമ്പിൽ. നിന്റെ പുത്രന്മാർ തങ്ങളുടെ പൊന്നും വെള്ളിയുമായി വിദൂരത്തുനിന്നു വരുന്നു. ഇസ്രായേലിന്റെ ദൈവവും പരിശുദ്ധനുമായ സർവേശ്വരനുവേണ്ടിയാണ് അവർ ഇവയെല്ലാം കൊണ്ടുവരുന്നത്. അവിടുന്നു തന്റെ ജനത്തിനു മഹത്ത്വം കൈവരുത്തിയല്ലോ.

