അപ്പോൾ ഞാൻ പറഞ്ഞു: “എനിക്ക് ദുരിതം! ഞാൻ നശിച്ചു. ഞാൻ അശുദ്ധമായ അധരങ്ങളുള്ളവൻ; അശുദ്ധമായ അധരങ്ങളോടുകൂടിയ മനുഷ്യരുടെ മധ്യത്തിൽ വസിക്കുന്നു. സർവശക്തിയുള്ള സർവേശ്വരനായ രാജാവിനെ ഞാൻ കണ്ടുവല്ലോ!” അപ്പോൾ യാഗപീഠത്തിൽനിന്ന് ഒരു തീക്കട്ട കൊടിൽകൊണ്ട് എടുത്ത് സെറാഫുകളിൽ ഒന്ന് എന്റെ അടുക്കലേക്കു പറന്നുവന്നു. തീക്കട്ട എന്റെ വായിൽ തൊടുവിച്ചുകൊണ്ടു സെറാഫു പറഞ്ഞു: “ഇതാ, ഇതു നിന്റെ അധരങ്ങളെ സ്പർശിച്ചിരിക്കുന്നതിനാൽ നിന്റെ അകൃത്യങ്ങൾ നീങ്ങി, നിന്റെ പാപങ്ങൾ മോചിക്കപ്പെട്ടിരിക്കുന്നു.” പിന്നീടു സർവേശ്വരൻ അരുളിച്ചെയ്യുന്നതു ഞാൻ കേട്ടു: “ഞാൻ ആരെ അയയ്‍ക്കും? ആർ നമുക്കുവേണ്ടി പോകും?” അപ്പോൾ ഞാൻ പറഞ്ഞു: “ഇതാ ഞാൻ, എന്നെ അയച്ചാലും.” അവിടുന്ന് എന്നോട് അരുളിച്ചെയ്തു: “നീ ചെന്ന് ഈ ജനത്തോടു പറയുക; നിങ്ങൾ എത്ര കേട്ടിട്ടും ഗ്രഹിക്കുന്നില്ല; എത്ര കണ്ടിട്ടും മനസ്സിലാക്കുന്നുമില്ല. ഈ ജനം കണ്ണുകൊണ്ടു കാണുകയോ ചെവികൊണ്ടു കേൾക്കുകയോ ഹൃദയംകൊണ്ടു ഗ്രഹിക്കുകയോ മനം തിരിഞ്ഞു സൗഖ്യം പ്രാപിക്കുകയോ ചെയ്യാതിരിക്കത്തക്കവിധം അവരുടെ ഹൃദയം കഠിനമാക്കുകയും ചെവി മരവിപ്പിക്കുകയും കണ്ണു മൂടുകയും ചെയ്യുക.” “സർവേശ്വരാ, ഇത് എത്ര കാലത്തേക്ക്?” എന്നു ഞാൻ ചോദിച്ചു. അപ്പോൾ അവിടുന്ന് അരുളിച്ചെയ്തു: “നഗരങ്ങൾ ജനശൂന്യമാകയും വീടുകൾ ആൾപ്പാർപ്പില്ലാതെയും ദേശമാകെ ശൂന്യമായിത്തീരുകയും ചെയ്യുന്നതുവരെ, സർവേശ്വരൻ ജനത്തെ വിദൂരസ്ഥലങ്ങളിലേക്കു മാറ്റുകയും ദേശത്തു നിർജന പ്രദേശങ്ങൾ വളരെയധികമാവുകയും ചെയ്യുന്നതുവരെത്തന്നെ. പത്തിലൊന്നെങ്കിലും ശേഷിച്ചാൽ അതു വീണ്ടും അഗ്നിക്കിരയാകും. എങ്കിലും കത്തിക്കരിഞ്ഞ മരത്തിന്റെയോ വെട്ടിയിട്ട കരുവേലകത്തിന്റെയോ കുറ്റിപോലെ അത് അവശേഷിക്കും. ആ കുറ്റി വിശുദ്ധമായ ഒരു വിത്തായിരിക്കും.”
ISAIA 6 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ISAIA 6:5-13
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ