ISAIA 5:1-17

ISAIA 5:1-17 MALCLBSI

ഫലഭൂയിഷ്ഠമായ ഒരു കുന്നിൽ എന്റെ പ്രിയന് ഒരു മുന്തിരിത്തോട്ടമുണ്ടായിരുന്നു; എന്റെ പ്രിയനെയും അദ്ദേഹത്തിന്റെ മുന്തിരിത്തോട്ടത്തെയും കുറിച്ച് ഒരു പ്രേമഗാനം ഞാൻ ആലപിക്കട്ടെ. അവൻ നിലം കിളച്ചൊരുക്കി; കല്ലുകൾ നീക്കി, നല്ലയിനം മുന്തിരിവള്ളി നട്ടു. അതിന്റെ നടുവിൽ ഒരു കാവൽമാടം പണിതു. അതിലൊരു മുന്തിരിച്ചക്കും സ്ഥാപിച്ചു. മുന്തിരിക്കനിയും കാത്ത് അവനിരുന്നു, കായ്ച്ചതോ കാട്ടുമുന്തിരിങ്ങാ! യെരൂശലേംനിവാസികളേ, യെഹൂദാജനങ്ങളേ, എന്നെയും എന്റെ മുന്തിരിത്തോട്ടത്തെയും നിങ്ങൾത്തന്നെ വിധിക്കൂ. എന്റെ മുന്തിരിത്തോട്ടത്തിൽ ഇതിലധികം എന്താണു ഞാൻ ചെയ്യേണ്ടിയിരുന്നത്? ഇനി ഞാൻ ഈ മുന്തിരിത്തോട്ടത്തോട് എന്തു ചെയ്യും? അതിന്റെ വേലി ഞാൻ പൊളിച്ചുകളയും. അതങ്ങനെ നശിച്ചുപോകും; അതിന്റെ മതിൽ ഇടിച്ചു നിരത്തും; തോട്ടം ചവുട്ടിമെതിക്കപ്പെടും. ഞാൻ അതിനെ ശൂന്യമാക്കും. തോട്ടത്തിലെ വള്ളിത്തലപ്പുകൾ മുറിക്കുകയോ, മുന്തിരിത്തോട്ടം കിളയ്‍ക്കുകയോ ചെയ്യുകയില്ല. അതിൽ മുൾച്ചെടികളും മുള്ളും വളരും. അവിടെ മഴ ചൊരിയരുതെന്നു ഞാൻ മേഘങ്ങളോടു കല്പിക്കും. സർവശക്തനായ സർവേശ്വരന്റെ മുന്തിരിത്തോട്ടം ഇസ്രായേൽ ജനത! യെഹൂദാജനം അവിടുത്തെ പ്രിയപ്പെട്ട മുന്തിരിച്ചെടികൾ! അവിടുന്നു നീതിക്കായി കാത്തിരുന്നു; ഉണ്ടായതോ രക്തച്ചൊരിച്ചിൽ! ധർമനിഷ്ഠയ്‍ക്കു പകരം ഇതാ നിലവിളി! മറ്റാർക്കും പാർക്കാൻ ഇടം നല്‌കാതെ വീടിനോടു വീടും വയലിനോടു വയലും ചേർത്ത് ദേശത്തു തനിച്ചു പാർക്കുന്നവർക്ക് ദുരിതം. സർവശക്തനായ സർവേശ്വരൻ അരുളിച്ചെയ്യുന്നത് ഞാൻ കേട്ടു. നിരവധി ഗൃഹങ്ങൾ ശൂന്യമാകും. മനോഹരമായ വൻമന്ദിരങ്ങൾ നിർജനമാകും. പത്തേക്കർ മുന്തിരിത്തോട്ടത്തിൽനിന്ന് ഒരു ബത്ത് വീഞ്ഞും ഒരു ഹോമർ വിത്തിൽനിന്ന് ഒരു ഏഫാ ധാന്യവും മാത്രം വിളവു ലഭിക്കും. ലഹരി പിടിപ്പിക്കുന്ന മദ്യത്തിന്റെ പിന്നാലെ ഓടാൻ അതിരാവിലെ എഴുന്നേല്‌ക്കുകയും കുടിച്ചു മത്തരാകാൻ വളരെ വൈകുന്നതുവരെ കാത്തിരിക്കുകയും ചെയ്യുന്നവർക്കു ഹാ ദുരിതം! അവരുടെ വിരുന്നുകളിൽ വീണയും കിന്നരവും തപ്പും കുഴലും മാത്രമല്ല വീഞ്ഞും ഉണ്ട്. എന്നാൽ അവർ സർവേശ്വരന്റെ പ്രവൃത്തികളെ ഗൗനിക്കുന്നില്ല; അവിടുത്തെ കരങ്ങളുടെ പ്രവൃത്തി കാണുന്നുമില്ല. അങ്ങനെ എന്റെ ജനം അജ്ഞതയാൽ പ്രവാസത്തിലേക്കു നീങ്ങുന്നു. അവരുടെ നേതാക്കൾ പട്ടിണികൊണ്ടു മരിക്കുന്നു; അവരുടെ ജനങ്ങൾ ദാഹിച്ചു പൊരിയുന്നു. അതുകൊണ്ട് പാതാളം ആർത്തിയോടെ വിസ്താരത്തിൽ വായ് തുറന്നിരിക്കുന്നു. യെരൂശലേമിലെ പ്രഭുക്കന്മാരും സാമാന്യജനവും അവളിൽ ആഹ്ലാദിക്കുകയും അഭിമാനംകൊള്ളുകയും ചെയ്യുന്നവരും അതിൽ താണുപോകും. എല്ലാവരും അപമാനിതരാകും. അഹങ്കാരികൾ ലജ്ജിതരാകും. നീതിനിർവഹണത്തിൽ സർവശക്തനായ സർവേശ്വരൻ സമുന്നതനാണ്. പരിശുദ്ധനായ ദൈവം നീതിനിർവഹണത്തിലൂടെ അവിടുത്തെ വിശുദ്ധി വെളിപ്പെടുത്തുന്നു. അപ്പോൾ തടിച്ചുകൊഴുത്ത മൃഗങ്ങളും ആട്ടിൻകുട്ടികളും നാശാവശിഷ്ടങ്ങൾക്കിടയിൽ മേയും. കുഞ്ഞാടുകൾ മേച്ചിൽസ്ഥലങ്ങളിലെന്നപോലെ അവിടെ മേഞ്ഞുനടക്കും.

ISAIA 5 വായിക്കുക