ISAIA 45:5-12

ISAIA 45:5-12 MALCLBSI

ഞാനാകുന്നു സർവേശ്വരൻ; ഞാനല്ലാതെ മറ്റൊരു ദൈവവുമില്ല. നിനക്ക് എന്നെ അറിഞ്ഞുകൂടെങ്കിലും ഞാൻ നിന്നെ കരുത്തനാക്കും. അങ്ങനെ ഭൂമിയുടെ കിഴക്കേ അറ്റംമുതൽ പടിഞ്ഞാറേ അറ്റംവരെയുള്ളവർ ഞാനാണു സർവേശ്വരൻ എന്നും ഞാനല്ലാതെ മറ്റൊരു ദൈവമില്ലെന്നും അറിയട്ടെ. വെളിച്ചവും ഇരുളും സൃഷ്‍ടിച്ചതു ഞാനാണ്. സുഖവും ദുഃഖവും ഏർപ്പെടുത്തിയതും ഞാൻതന്നെ. ഇവയ്‍ക്കെല്ലാം കാരണഭൂതനായ സർവേശ്വരൻ ഞാനാകുന്നു. ആകാശമേ, ഉയരത്തിൽനിന്നു വർഷിക്കുക. മേഘങ്ങൾ നീതി ചൊരിയട്ടെ. ഭൂതലം പൊട്ടിത്തുറക്കട്ടെ. രക്ഷ മുളച്ചുയരട്ടെ, നീതി മുളച്ചു പൊങ്ങാൻ ഇടയാകട്ടെ. സർവേശ്വരനായ ഞാനാണ് ഇതെല്ലാം സൃഷ്‍ടിച്ചത്. തന്റെ ഉടയവനോട് ഏറ്റുമുട്ടുന്നവനു ഹാ ദുരിതം! ഒരു മൺപാത്രം അതിന്റെ നിർമിതാവിനോട് ഏറ്റുമുട്ടുന്നതുപോലെയാണത്! “നീ ഉണ്ടാക്കുന്നത് എന്ത്? നീ നിർമിക്കുന്നതിനു കൈപ്പിടിയില്ലല്ലോ” എന്ന് അതിനു രൂപം നല്‌കിയവനോടു കളിമണ്ണു ചോദിക്കുമോ? “എന്തിനെനിക്കു ജന്മം നല്‌കി?” എന്നു പിതാവിനോടോ “എന്തിനെന്നെ പ്രസവിച്ചു?” എന്നു മാതാവിനോടോ ചോദിക്കാൻ തുനിയുന്നവനു ഹാ ദുരിതം! ഇസ്രായേലിന്റെ പരിശുദ്ധനും സ്രഷ്ടാവുമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു: “എന്റെ മക്കളെക്കുറിച്ച് എന്നോടു ചോദ്യം ചെയ്യാൻ നീ തുനിയുന്നുവോ? ഞാൻ എന്തു ചെയ്യണം എന്നതിനെ സംബന്ധിച്ചു നീ എനിക്ക് ആജ്ഞ നല്‌കുന്നുവോ? ഞാൻ ഭൂമിയെയും അതിലുള്ള മനുഷ്യരെയും സൃഷ്‍ടിച്ചു. ആകാശമേലാപ്പു നിവർത്തിയതു ഞാനാണ്. അതിലെ സകല നക്ഷത്രജാലങ്ങൾക്കും ഞാൻ ആജ്ഞ നല്‌കുന്നു.

ISAIA 45 വായിക്കുക