ISAIA 37:8-38

ISAIA 37:8-38 MALCLBSI

രബ്-ശാക്കേ തിരിച്ചുപോയി അസ്സീറിയാ രാജാവിനെ കണ്ടു. രാജാവ് ലാഖീശ് വിട്ടുപോയെന്നും ലിബ്നയ്‍ക്കെതിരെ യുദ്ധം ചെയ്യുന്നു എന്നും അയാൾ കേട്ടിരുന്നു. എത്യോപ്യരാജാവായ തിർഹാക്ക തനിക്കെതിരെ യുദ്ധം ചെയ്യാൻ വരുന്നു എന്നു കേട്ടിട്ട് അസ്സീറിയാരാജാവ് ഹിസ്ക്കിയായുടെ അടുക്കൽ ദൂതന്മാരെ അയച്ച് അറിയിച്ചു: “നിങ്ങൾ യെഹൂദാരാജാവായ ഹിസ്ക്കിയായോട് പറയുക: യെരൂശലേം അസ്സീറിയാരാജാവിന്റെ കൈയിൽ ഏല്പിക്കുകയില്ല എന്നും പറഞ്ഞ് താങ്കൾ ആശ്രയിക്കുന്ന ദൈവം താങ്കളെ കബളിപ്പിക്കാൻ ഇടവരരുത്. അസ്സീറിയാരാജാക്കന്മാർ എല്ലാ രാജ്യങ്ങളോടും പ്രവർത്തിച്ചതും അവയ്‍ക്ക് ഉന്മൂലനാശം വരുത്തിയതും താങ്കൾ കേട്ടിട്ടില്ലേ? പിന്നെ താങ്കൾ വിടുവിക്കപ്പെടുമെന്നോ? എന്റെ പൂർവികർ ഗോസാൻ, ഹാരാൻ, രേസെഫ് എന്നീ നഗരങ്ങളെയും തെലസ്സാരിലെ എദേന്യരെയും നശിപ്പിച്ചല്ലോ? അവരുടെ ദേവന്മാർ അവരെ വിടുവിച്ചുവോ? ഹാമാത്ത്, അർപ്പാദ്, സെഫർവ്വയീം, ഹേന, ഇവ്വ എന്നിവിടങ്ങളിലെ രാജാക്കന്മാർ ഇപ്പോൾ എവിടെ? ഹിസ്കിയാ ദൂതന്മാരുടെ കൈയിൽനിന്നും കത്തു വാങ്ങി വായിച്ചു. അയാൾ സർവേശ്വരന്റെ ആലയത്തിൽ പ്രവേശിച്ച് സർവേശ്വരസന്നിധിയിൽ അതു നിവർത്തി ഇപ്രകാരം പ്രാർഥിച്ചു: സർവശക്തനായ സർവേശ്വരാ, കെരൂബുകളുടെമേൽ ആരൂഢനായിരിക്കുന്ന ഇസ്രായേലിന്റെ ദൈവമേ, ഭൂമിയിലെ സകല രാജ്യങ്ങളുടെയും ദൈവം അവിടുന്നാകുന്നു; അവിടുന്നു മാത്രം. അവിടുന്ന് ആകാശത്തെയും ഭൂമിയെയും സൃഷ്‍ടിച്ചു. സർവേശ്വരാ, ശ്രദ്ധിച്ചാലും, തൃക്കണ്ണുകൾ തുറന്നു കടാക്ഷിക്കേണമേ. ജീവിക്കുന്ന ദൈവത്തെ അധിക്ഷേപിച്ചുകൊണ്ടുള്ള സെൻഹേരീബിന്റെ കത്തിലെ വാക്കുകൾ കേൾക്കണമേ. അസ്സീറിയാരാജാക്കന്മാർ എല്ലാ ജനതകളെയും അവരുടെ ദേശങ്ങളെയും ശൂന്യമാക്കി, അവരുടെ ദേവന്മാരെ തീയിൽ എരിച്ചുകളഞ്ഞു. ഇതു വാസ്തവംതന്നെ. കാരണം, അവർ ദൈവങ്ങളായിരുന്നില്ല. മനുഷ്യകരങ്ങൾ നിർമിച്ച കല്ലും മരവും കൊണ്ടുള്ള വിഗ്രഹങ്ങൾ മാത്രം. അതുകൊണ്ട് ഞങ്ങളുടെ ദൈവമായ സർവേശ്വരാ, അവരുടെ കൈയിൽനിന്നു ഞങ്ങളെ രക്ഷിക്കണമേ. അങ്ങനെ ഭൂമിയിലെ സർവരാജ്യങ്ങളും അവിടുന്നു മാത്രമാണ് ദൈവം എന്നറിയട്ടെ. അപ്പോൾ ആമോസിന്റെ പുത്രനായ യെശയ്യാ ഒരു ദൂതൻ വശം ഹിസ്കിയാരാജാവിനൊരു സന്ദേശം അയച്ചു; “ഇസ്രായേലിന്റെ ദൈവമായ സർവേശ്വരൻ അരുളിച്ചെയ്യുന്നു. അസ്സീറിയായിലെ സെൻഹേരീബ് രാജാവിനെ സംബന്ധിച്ചു നീ എന്നോടു പ്രാർഥിച്ചല്ലോ. അയാളെപ്പറ്റി സർവേശ്വരൻ അരുളിച്ചെയ്യുന്നു. “നിന്നെ കന്യകയായ സീയോൻപുത്രി വെറുക്കുകയും പരിഹസിക്കുകയും ചെയ്യുന്നു; നിന്റെ പിറകിൽനിന്നു യെരൂശലേംപുത്രി പരിഹാസത്തോടെ തല ആട്ടുന്നു. ആരെയാണു നീ നിന്ദിക്കുകയും ദുഷിക്കുകയും ചെയ്തത്? ആരുടെ നേരെയാണു നീ സ്വരം ഉയർത്തിയത്? ആരുടെ നേർക്കാണു നീ ധിക്കാരപൂർവം ദൃഷ്‍ടി ഉയർത്തിയത്? ഇസ്രായേലിന്റെ പരിശുദ്ധനായ സർവേശ്വരന് എതിരെയല്ലേ? നിന്റെ ഭൃത്യന്മാർ മുഖാന്തരം നീ സർവേശ്വരനെ പരിഹസിച്ചു: അനേകം രഥങ്ങളോടുകൂടി ഞാൻ പർവതശിഖരങ്ങളിൽ ലെബാനോന്റെ വിദൂരസങ്കേതങ്ങളിൽ കയറി; അവിടെയുള്ള ഏറ്റവും ഉയർന്ന ദേവദാരുക്കളും വിശിഷ്ടമായ സരളവൃക്ഷങ്ങളും ഞാൻ വെട്ടിവീഴ്ത്തി. ഞാൻ അതിന്റെ ഏറ്റവും ഉയരമുള്ള ഇടതൂർന്ന വനത്തിലേക്കു ചെന്നു. ഞാൻ കിണറുകൾ കുഴിച്ച് വെള്ളം കുടിച്ചു. എന്റെ കാലടികൾകൊണ്ട് ഈജിപ്തിലെ സകല നദികളെയും വറ്റിച്ചു” എന്നു നീ പറഞ്ഞു. ഞാൻ പണ്ടു പണ്ടേ ഇതൊക്കെ നിശ്ചയിച്ചതാണെന്നു നീ കേട്ടിട്ടില്ലേ? പണ്ടേ നിശ്ചയിച്ചിട്ടുള്ളതാണ് ഇപ്പോൾ നടപ്പാക്കുന്നത്. കോട്ടകൾ കെട്ടി സുരക്ഷിതമാക്കിയ നഗരങ്ങളെ നീ തകർത്തു പാഴ്കൂമ്പാരമാക്കണം. അപ്പോൾ തദ്ദേശവാസികൾ മനഃശക്തി ക്ഷയിച്ചു പരിഭ്രാന്തരായും ആകുലചിത്തരായും തീരും. അവർ വയലിലെ സസ്യംപോലെയും ഇളംപുല്ലുപോലെയും നാമ്പു നീട്ടും മുമ്പു കരിഞ്ഞുപോകുന്ന മട്ടുപ്പാവിലെ പുല്ലുപോലെയും ആകും. നിന്റെ നില്പും ഇരിപ്പും നിന്റെ പ്രവൃത്തികളും എന്റെ നേരെ നിനക്കുള്ള ഉഗ്രകോപവും എനിക്കറിയാം. നീ എന്നോടു കുപിതനാകയാലും നിന്റെ അഹങ്കാരത്തെക്കുറിച്ചു ഞാൻ കേട്ടിരിക്കുന്നതിനാലും നിന്റെ മൂക്കിൽ കൊളുത്തും വായിൽ കടിഞ്ഞാണും ഇട്ടു നിന്നെ വന്നവഴിയെ ഞാൻ തിരിച്ചയയ്‍ക്കും.” പിന്നീട് യെശയ്യാ ഹിസ്കിയാരാജാവിനോടു പറഞ്ഞു: “ഇതായിരിക്കും നിനക്കുള്ള അടയാളം. ഈ വർഷവും അടുത്ത വർഷവും നിങ്ങൾ തനിയെ മുളച്ചുണ്ടാകുന്ന ധാന്യങ്ങൾ ഭക്ഷിക്കും. മൂന്നാം കൊല്ലം വിത്തു വിതയ്‍ക്കുകയും കൊയ്യുകയും മുന്തിരിത്തോട്ടം നട്ടുവളർത്തി ഫലമെടുക്കുകയും ചെയ്യും. യെഹൂദാഭവനത്തിൽ അവശേഷിക്കുന്നവർ ആഴത്തിൽ വേരുന്നുകയും ഫലം കായ്‍ക്കുകയും ചെയ്യും. യെരൂശലേമിൽനിന്ന്, സീയോൻപർവതത്തിൽനിന്ന് അവശേഷിക്കുന്നവരുടെ ഒരു ഗണം പുറപ്പെടും. സർവശക്തനായ സർവേശ്വരൻ ഇതു നിറവേറ്റാൻ നിശ്ചയിച്ചിരിക്കുന്നു.” അസ്സീറിയാ രാജാവിനെക്കുറിച്ച് സർവേശ്വരൻ അരുളിച്ചെയ്തതിപ്രകാരമാണ്: അയാൾ ഈ നഗരത്തിൽ പ്രവേശിക്കുകയോ അമ്പ് എയ്യുകയോ പരിചയുമായി മുന്നേറുകയോ ഉപരോധത്തിനുള്ള മൺകൂന നിർമിക്കുകയോ ചെയ്യുകയില്ല. വന്നവഴിതന്നെ അയാൾ മടങ്ങിപ്പൊയ്‍ക്കൊള്ളും. അയാൾ ഈ നഗരത്തിലേക്കു കടക്കുകയില്ല എന്നു സർവേശ്വരൻ അരുളിച്ചെയ്യുന്നു. കാരണം എനിക്കുവേണ്ടിയും എന്റെ ദാസനായ ദാവീദിനുവേണ്ടിയും ഈ നഗരത്തെ ഞാൻ കാത്തുസൂക്ഷിക്കും. സർവേശ്വരന്റെ ദൂതൻ അസ്സീറിയൻ പാളയത്തിലേക്കു ചെന്ന് ഒരുലക്ഷത്തിയെപത്തയ്യായിരം ഭടന്മാരെ വധിച്ചു. രാവിലെ ജനം ഉണർന്നു നോക്കുമ്പോൾ അവരെല്ലാവരും മരിച്ചു കിടക്കുന്നതു കണ്ടു. അപ്പോൾ അസ്സീറിയാരാജാവായ സെൻഹേരീബ് പിൻവാങ്ങി നീനെവേയിൽ പാർത്തു. അയാൾ തന്റെ ദേവനായ നിസ്രോക്കിന്റെ ക്ഷേത്രത്തിൽ ആരാധിച്ചുകൊണ്ടിരിക്കെ തന്റെ പുത്രന്മാരായ അദ്രമേലെക്കും ശരേസെറും ചേർന്ന് അദ്ദേഹത്തെ വാളിനിരയാക്കി. അവർ അരാരാത്തു ദേശത്തേക്ക് ഓടി രക്ഷപെട്ടു. പിന്നീട് സെൻഹേരീബിന്റെ മറ്റൊരു പുത്രൻ ഏസർ ഹദ്ദോൻ അസ്സീറിയായിൽ രാജ്യഭാരം കൈയേറ്റു.

ISAIA 37 വായിക്കുക