ISAIA 26:1-19

ISAIA 26:1-19 MALCLBSI

അന്ന് യെഹൂദാദേശത്ത് ഈ ഗാനം ആലപിക്കപ്പെടും. നമുക്ക് ഉറപ്പുള്ള ഒരു നഗരം ഉണ്ട്. നമ്മെ രക്ഷിക്കാൻ കോട്ടകളും കൊത്തളങ്ങളും നിർമിച്ചിട്ടുണ്ട്. നഗരവാതിൽ തുറക്കുവിൻ, വിശ്വസ്തത പാലിക്കുന്ന നീതിമാന്മാർ പ്രവേശിക്കട്ടെ. അങ്ങയിൽ മനസ്സ് ഉറപ്പിച്ചവനെ, പൂർണസമാധാനം നല്‌കി അങ്ങ് കാക്കും. അവൻ അങ്ങയിൽ ആശ്രയിച്ചിരിക്കുന്നുവല്ലോ. സർവേശ്വരനായ ദൈവം ശാശ്വതമായ അഭയമാകയാൽ സർവേശ്വരനിൽ എന്നും ആശ്രയിക്കുവിൻ. അവിടുന്ന് ഉന്നതനഗരിയിൽ നിവസിക്കുന്ന ഗർവിഷ്ഠരെ നിലംപരിചാക്കി, പൊടിയിൽ തള്ളിയിരിക്കുന്നു. ദരിദ്രരുടെയും എളിയവരുടെയും കാൽക്കീഴിൽ അവരുടെ നഗരം ചവുട്ടിമെതിക്കപ്പെടുന്നു. നീതിമാന്മാരുടെ വഴി നിരപ്പുള്ളതാണ്. അവിടുന്ന് അതു സുഗമമാക്കുന്നു. സർവേശ്വരാ, അവിടുത്തെ നിയമം അനുസരിച്ചു ജീവിക്കുന്ന ഞങ്ങൾ അങ്ങയെ കാത്തിരിക്കുന്നു. അങ്ങും അങ്ങയെക്കുറിച്ചുള്ള സ്മരണയുമാണ് ഞങ്ങളുടെ ഹൃദയത്തിന്റെ വാഞ്ഛ. രാത്രിയിൽ എന്റെ ഹൃദയം അങ്ങേക്കുവേണ്ടി ദാഹിക്കുന്നു. എന്റെ അന്തരാത്മാവ് ആകാംക്ഷയോടെ അങ്ങയെ തേടുന്നു. അവിടുത്തെ ന്യായവിധികൾ ഭൂമിയിൽ നടപ്പാക്കുന്നതിനാൽ ഭൂവാസികൾ നീതി പഠിക്കുന്നു. ദുഷ്ടനോടു കരുണ കാട്ടിയാലും അവൻ നീതി പഠിക്കുകയില്ല. നീതിമാന്മാരുടെ ദേശത്തും അവൻ വക്രത കാട്ടും; സർവേശ്വരന്റെ മഹത്ത്വം കാണുകയുമില്ല. സർവേശ്വരാ, അവിടുന്നു കരങ്ങൾ ഉയർത്തിയിരിക്കുന്നെങ്കിലും ദുഷ്ടന്മാർ അതു കാണുന്നില്ല. സ്വന്തം ജനത്തോട് അവിടുത്തേക്കുള്ള സ്നേഹാധിക്യം കണ്ട് അവർ ലജ്ജിക്കട്ടെ. ശത്രുക്കൾക്കുവേണ്ടി അവിടുന്ന് ഒരുക്കിയിരിക്കുന്ന അഗ്നി അവരെ ദഹിപ്പിക്കട്ടെ. സർവേശ്വരാ, അവിടുന്നു ഞങ്ങൾക്കു സമാധാനം കല്പിച്ചരുളുന്നു. ഞങ്ങൾ പ്രവർത്തിക്കേണ്ടതെല്ലാം ഞങ്ങൾക്കുവേണ്ടി അവിടുന്നു നിർവഹിച്ചിരിക്കുന്നു. ഞങ്ങളുടെ ദൈവമായ സർവേശ്വരാ, മറ്റു പലരും ഞങ്ങളെ ഭരിച്ചിട്ടുണ്ട്. എങ്കിലും അവിടുന്നു മാത്രമാണ് ഞങ്ങളുടെ സർവേശ്വരൻ. അവർ മരിച്ചു; ഇനി ജീവിക്കുകയില്ല. അവർ നിഴലുകളാണ്; ഇനി എഴുന്നേല്‌ക്കുകയില്ല. അത്രത്തോളം അവിടുന്ന് അവരെ ശിക്ഷിച്ച് നശിപ്പിച്ചിരിക്കുന്നു. അവരുടെ ഓർമപോലും അവിടുന്നു തുടച്ചുനീക്കിയിരിക്കുന്നു. അവിടുന്ന് ഈ ജനതയെ വർധിപ്പിച്ചു. ദേശത്തിന്റെ അതിർത്തികൾ എല്ലാം വിപുലമാക്കി. അങ്ങനെ അവിടുത്തെ നാമം മഹത്ത്വപ്പെട്ടിരിക്കുന്നു. സർവേശ്വരാ, കഷ്ടതയിൽ അവർ അങ്ങയെ അന്വേഷിച്ചു. അവിടുത്തെ ശിക്ഷ അവരുടെമേൽ പതിച്ചപ്പോൾ അവർ പ്രാർഥിച്ചു. പ്രസവം അടുക്കുമ്പോൾ വേദനകൊണ്ടു പുളഞ്ഞുകരയുന്ന ഗർഭിണിയെപ്പോലെ ഞങ്ങൾ അവിടുത്തെ സന്നിധിയിൽ കരഞ്ഞു. ഞങ്ങൾ ഗർഭംധരിച്ച് നൊന്തുപ്രസവിച്ചു. എന്നാൽ കാറ്റിനെ പ്രസവിച്ചതുപോലെ ആയിരുന്നു അത്. ദേശത്തെ നയിക്കാൻ ഞങ്ങൾക്കു കഴിഞ്ഞില്ല. ഭൂമിയിൽ വസിക്കാൻ ആരും പിറന്നില്ല. എന്നാൽ അങ്ങയുടെ മൃതന്മാർ ജീവിക്കും. അവരുടെ ശരീരം ഉയിർത്തെഴുന്നേല്‌ക്കും. പൊടിയിൽ കിടക്കുന്നവരേ, എഴുന്നേറ്റ് ആനന്ദഗീതം ആലപിക്കുവിൻ. അവിടുത്തെ മഞ്ഞുതുള്ളി പ്രകാശം ചൊരിയുന്നതാകുന്നു. മൃതന്മാർ നിഴലുകളായി കഴിയുന്ന ദേശത്ത് അതു വീഴുവാനിടയാകും.

ISAIA 26 വായിക്കുക