സർവേശ്വരന് ഇസ്രായേലിനോടു കരുണയുണ്ടാകും, അവിടുന്ന് അവരെ വീണ്ടും തിരഞ്ഞെടുത്ത് സ്വദേശത്തു പാർപ്പിക്കും. പരദേശികൾ അവരോടു ചേരും. അവർ ഇസ്രായേൽഭവനത്തിൽ ലയിക്കും. ജനതകൾ ഇസ്രായേലിനെ സ്വീകരിച്ച് അവരുടെ ദേശത്തേക്ക് ആനയിക്കും. വിജാതീയർ സർവേശ്വരന്റെ ദേശത്ത് ഇസ്രായേലിന്റെ ദാസീദാസന്മാരായിത്തീരും. തങ്ങളെ അടിമകളാക്കിയവരെ അവർ അടിമകളാക്കും. തങ്ങളെ പീഡിപ്പിച്ചവരെ അവർ ഭരിക്കും. കഷ്ടതകളിൽനിന്നും വേദനകളിൽനിന്നും നിർബന്ധപൂർവം ചെയ്യേണ്ടിവന്ന കഠിനാധ്വാനങ്ങളിൽനിന്നും സർവേശ്വരൻ നിങ്ങൾക്കു സ്വസ്ഥത നല്‌കുമ്പോൾ ബാബിലോൺരാജാവിനെക്കുറിച്ച് ഈ പരിഹാസഗാനം പാടുക: മർദകൻ എങ്ങനെ ഇല്ലാതായി! ഗർവം എങ്ങനെ നിലച്ചു. സർവേശ്വരൻ ദുർജനത്തിന്റെ ദണ്ഡും ഭരണാധികാരികളുടെ ചെങ്കോലും ഒടിച്ചുകളഞ്ഞു. അവൻ ജനങ്ങളെ നിരന്തരം പ്രഹരിക്കുകയും നിർദയം പീഡിപ്പിച്ചു ഭരിക്കുകയും ചെയ്തിരുന്നല്ലോ. സർവലോകവും സ്വസ്ഥവും ശാന്തവുമായിരിക്കുന്നു. എല്ലാവരും ആനന്ദഗീതം പാടുന്നു. ലെബാനോനിലെ ദേവദാരുമരങ്ങളും സരളവൃക്ഷങ്ങളും നിന്നെക്കുറിച്ച് ആഹ്ലാദിച്ചു പറയുന്നു: “നീ വീണു കിടക്കുന്നതിനാൽ ഒരു മരംവെട്ടുകാരനും ഞങ്ങൾക്കെതിരെ വരുന്നില്ല. നിന്നെ എതിരേല്‌ക്കാൻ അധോലോകം ഇളകിയിരിക്കുന്നു. ഭൂപാലകരായിരുന്ന എല്ലാവരുടെയും പ്രേതങ്ങളെ അത് ഉണർത്തും. ജനതകളുടെ രാജാക്കന്മാരെ അവരുടെ സിംഹാസനങ്ങളിൽനിന്ന് അത് എഴുന്നേല്പിക്കും. അവരൊക്കെയും ഞങ്ങളെപ്പോലെ ദുർബലരായിത്തീർന്നല്ലോ, നീയും ഞങ്ങൾക്കു തുല്യരായിത്തീർന്നുവോ എന്നു പറയും. നിന്റെ പ്രതാപവും വീണയുടെ നാദവും അധോലോകത്തിലേക്കു താഴ്ത്തപ്പെട്ടിരിക്കുന്നു. പുഴുക്കളാണ് നിന്റെ കിടക്ക. കൃമികളാണ് നിന്റെ പുതപ്പ്.
ISAIA 14 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: ISAIA 14:1-11
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ