ISAIA 11:1-11

ISAIA 11:1-11 MALCLBSI

വൃക്ഷത്തിന്റെ കുറ്റിയിൽനിന്നു പൊട്ടി കിളിർക്കുന്ന നാമ്പുപോലെയും അതിന്റെ വേരിൽനിന്നു മുളയ്‍ക്കുന്ന ശാഖപോലെയും ദാവീദിന്റെ വംശത്തിൽനിന്ന് ഒരു രാജാവ് ഉയർന്നുവരും. സർവേശ്വരന്റെ ആത്മാവ് അവന്റെമേൽ ആവസിക്കും; ജ്ഞാനത്തിന്റെയും വിവേകത്തിന്റെയും ആത്മാവ്; ആലോചനയുടെയും ശക്തിയുടെയും ആത്മാവ്; അറിവിന്റെയും ദൈവഭക്തിയുടെയും ആത്മാവ്; ദൈവഭക്തിയിൽ അവൻ ആനന്ദംകൊള്ളും. അവൻ കണ്ണുകൊണ്ടു കാണുന്നതനുസരിച്ചു വിധിക്കുകയോ ചെവികൊണ്ടു കേൾക്കുന്നതനുസരിച്ചു തീരുമാനിക്കുകയോ ചെയ്യുകയില്ല. അവൻ ദരിദ്രർക്കു ധർമനിഷ്ഠയോടും എളിയവർക്കു നീതിബോധത്തോടുംകൂടി വിധി കല്പിക്കുന്നു. അവൻ തന്റെ ആജ്ഞകൊണ്ടു മനുഷ്യരെ ശിക്ഷിക്കും. അധരചലനംകൊണ്ടു ദുഷ്ടരെ നിഗ്രഹിക്കും. നീതികൊണ്ടും വിശ്വസ്തതകൊണ്ടും അവൻ അര മുറുക്കും. അന്നു ചെന്നായ് ആട്ടിൻകുട്ടിയുടെ കൂടെ വസിക്കും. പുള്ളിപ്പുലി കോലാട്ടിൻകുട്ടിയുടെകൂടെ കിടക്കും. സിംഹക്കുട്ടിയും പശുക്കിടാവും കൊഴുത്ത മൃഗവും ഒരുമിച്ചു പാർക്കും. ഒരു കൊച്ചുകുട്ടി അവയെ നയിക്കും. പശു കരടിയോടൊത്തു മേയും. അവയുടെ കുട്ടികൾ ഒരുമിച്ചു കിടക്കും. സിംഹം കാളയെപ്പോലെ വയ്‍ക്കോൽ തിന്നും. പിഞ്ചുപൈതൽ സർപ്പപ്പൊത്തിനു മുകളിൽ കളിക്കും. മുലകുടി മാറിയ ശിശു അണലിയുടെ മാളത്തിൽ കൈ ഇടും. ദൈവത്തിന്റെ വിശുദ്ധപർവതമായ സീയോനിൽ ആരും നാശമോ ദ്രോഹമോ വരുത്തുകയില്ല. സമുദ്രം വെള്ളം കൊണ്ടെന്നപോലെ ഭൂമി സർവേശ്വരനെക്കുറിച്ചുള്ള ജ്ഞാനംകൊണ്ടു നിറഞ്ഞിരിക്കുന്നു. അന്നു ദാവീദിന്റെ വംശത്തിലെ രാജാവ് ജനങ്ങൾക്ക് ഒരടയാളമായിരിക്കും. വിജാതീയർ അദ്ദേഹത്തെ അന്വേഷിച്ചുവരും. അദ്ദേഹത്തിന്റെ പാർപ്പിടം തേജസ്സുറ്റതായിരിക്കും. സർവേശ്വരൻ തന്റെ ജനത്തിൽ ശേഷിച്ചവരെ അന്ന് അസ്സീറിയ, ഈജിപ്ത്, പത്രോസ്, എത്യോപ്യ, ഏലാം, ശീനാർ, ഹാമാത്ത്, കടൽത്തീരദേശങ്ങൾ എന്നിവിടങ്ങളിൽനിന്നു തിരിച്ചു കൊണ്ടുവരാൻ തന്റെ ശക്തി വീണ്ടും പ്രയോഗിക്കും.

ISAIA 11 വായിക്കുക