HOSEA 11:1-9

HOSEA 11:1-9 MALCLBSI

ഇസ്രായേൽ ബാലനായിരുന്നപ്പോൾ ഞാൻ അവനെ സ്നേഹിച്ചു; ഈജിപ്തിൽനിന്നു ഞാൻ എന്റെ മകനെ വിളിച്ചു. ഞാൻ വിളിക്കുന്തോറും അവർ അകന്നുപൊയ്‍ക്കൊണ്ടിരുന്നു. അകന്നുപോകുന്തോറും അവർ ബാൽദേവന്മാർക്കു ബലിയും വിഗ്രഹങ്ങൾക്കു ധൂപവും അർപ്പിച്ചുകൊണ്ടിരുന്നു. ഞാനാണ് എഫ്രയീമിനെ നടക്കാൻ ശീലിപ്പിച്ചത്; എന്റെ കൈകളിൽ ഞാൻ അവരെ എടുത്തുകൊണ്ടു നടന്നു. എന്നിട്ടും ഞാൻ ആണ് അവർക്കു സൗഖ്യം നല്‌കിയതെന്ന് അവർ അറിഞ്ഞില്ല. സ്നേഹത്തിന്റെ കയർകൊണ്ടും കരുണയുടെ പാശംകൊണ്ടും ഞാൻ അവരെ നയിച്ചു. അവരുടെ താടിയെല്ലിൽനിന്നു നുകം അയച്ചുകൊടുക്കുന്നവനെപ്പോലെ ഞാൻ വർത്തിച്ചു. ഞാൻ കുനിഞ്ഞ് അവർക്ക് ആഹാരം നല്‌കി. അവർ എങ്കലേക്കു തിരിയാൻ വിസമ്മതിക്കുന്നതുകൊണ്ട് അവർ ഈജിപ്തിലേക്കു മടങ്ങിപ്പോകും. അസ്സീറിയാ അവരെ ഭരിക്കും. അവരുടെ നഗരങ്ങൾക്കു നേരെ വാൾ ആഞ്ഞുവീശും. നഗരകവാടങ്ങളുടെ ഓടാമ്പലുകൾ തകർക്കും. അവരുടെ ആലോചനയാൽ തന്നെ അവർ നശിക്കും. എന്റെ ജനം എന്നെ വിട്ടു പിന്തിരിയാൻ ഒരുങ്ങിയിരിക്കുന്നതിനാൽ അവർക്കു നുകം വച്ചിരിക്കുന്നു. ആരും അത് എടുത്തുമാറ്റുകയില്ല. എഫ്രയീമേ, ഞാൻ എങ്ങനെ നിന്നെ ഉപേക്ഷിക്കും? ഇസ്രായേലേ, ഞാൻ എങ്ങനെ നിന്നെ കൈവിടും? നിന്നെ ഞാൻ എങ്ങനെ അദ്മായെപ്പോലെ ആക്കും? നിന്നോടു ഞാൻ എങ്ങനെ സെബോയീമിനോടെന്നപോലെ പെരുമാറും? എന്റെ ഹൃദയം അതിന് എന്നെ അനുവദിക്കുന്നില്ല. എന്റെ അനുകമ്പ ഊഷ്മളവും ആർദ്രവുമായിത്തീരുന്നു. ഞാൻ കോപം അഴിച്ചുവിടുകയില്ല. എഫ്രയീമിനെ വീണ്ടും ഞാൻ നശിപ്പിക്കുകയില്ല. കാരണം ഞാൻ ദൈവമാണ്, മനുഷ്യനല്ല. ഞാൻ നിങ്ങളുടെ മധ്യേ ഉള്ള പരിശുദ്ധൻ തന്നെ; ഞാൻ നിങ്ങളെ നശിപ്പിക്കാൻ വരികയില്ല.

HOSEA 11 വായിക്കുക