HEBRAI 9:11-22

HEBRAI 9:11-22 MALCLBSI

എന്നാൽ വരാനിരിക്കുന്ന നന്മകളുടെ മഹാപുരോഹിതനായി ക്രിസ്തു വന്നിരിക്കുന്നു. അവിടുന്നു ശുശ്രൂഷ ചെയ്യുന്ന കൂടാരം കൂടുതൽ മഹത്തരവും അന്യൂനവുമാണ്. അതു മനുഷ്യനിർമിതമല്ല; അതായത് ഭൗമികമല്ല എന്നു സാരം. ക്രിസ്തു കൂടാരത്തിലൂടെ കടന്ന് ഒരിക്കൽ മാത്രമായി അതിവിശുദ്ധസ്ഥലത്തു പ്രവേശിച്ചു. കോലാടിന്റെയോ കാളക്കിടാവിന്റെയോ രക്തത്തോടു കൂടിയല്ല, പിന്നെയോ, സ്വന്തം രക്തത്തോടുകൂടിയത്രേ അവിടുന്ന് അവിടെ പ്രവേശിച്ചത്. അങ്ങനെ അവിടുന്ന് നമുക്ക് ശാശ്വതമായ വീണ്ടെടുപ്പ് നേടിത്തന്നു. മതാചാരവിധിപ്രകാരം അശുദ്ധരായ ജനത്തിന്റെമേൽ കോലാടിന്റെയും കാളക്കിടാക്കളുടെയും രക്തം തളിച്ചും പശുക്കുട്ടികളുടെ ഭസ്മം വിതറിയും അശുദ്ധരെ ശുദ്ധീകരിക്കുന്നു. ഇത് ശരിയാണെങ്കിൽ, ക്രിസ്തുവിന്റെ രക്തം എത്രയധികമായി നമ്മെ ശുദ്ധീകരിക്കും! നിത്യാത്മാവിൽകൂടി ദൈവത്തിനർപ്പിക്കുന്ന അന്യൂനയാഗമായി തന്നെത്തന്നെ അവിടുന്നു സമർപ്പിച്ചു. ജീവിക്കുന്ന ദൈവത്തെ സേവിക്കേണ്ടതിനു പ്രയോജനശൂന്യമായ അനുഷ്ഠാനമുറകളിൽനിന്നു നമ്മുടെ മനസ്സാക്ഷിയെ ക്രിസ്തുവിന്റെ രക്തം ശുദ്ധീകരിക്കും. ആദ്യത്തെ ഉടമ്പടി പ്രാബല്യത്തിലിരുന്നപ്പോൾ തങ്ങൾ ചെയ്ത നിയമലംഘനങ്ങളിൽനിന്ന് ജനത്തെ വീണ്ടെടുക്കുന്നതിന് ക്രിസ്തു മരിച്ചു. അങ്ങനെ ദൈവം വിളിച്ചിട്ടുള്ളവർക്കു വാഗ്ദാനം ചെയ്തിട്ടുള്ള അനശ്വരമായ അവകാശങ്ങൾ പ്രാപിക്കേണ്ടതിന്, ക്രിസ്തു ഒരു പുതിയ ഉടമ്പടിയുടെ മധ്യസ്ഥനായിത്തീർന്നു. മരണപത്രത്തിന്റെ കാര്യത്തിൽ, അത് എഴുതിയ ആൾ മരിച്ചു എന്നു സ്ഥാപിക്കേണ്ടത് ആവശ്യമാണല്ലോ. മരണപത്രം എഴുതിയ ആൾ ജീവിച്ചിരിക്കുമ്പോൾ അതിനു സാധുതയൊന്നുമില്ല; അയാളുടെ മരണശേഷം മാത്രമേ അതു പ്രാബല്യത്തിൽ വരികയുള്ളൂ. രക്തം അർപ്പിക്കാതെയല്ലല്ലോ ആദ്യത്തെ ഉടമ്പടിതന്നെയും ഉറപ്പിക്കപ്പെട്ടത്. നിയമസംഹിതയിൽ ആവിഷ്കരിക്കപ്പെട്ട കല്പനകൾ മോശ ജനത്തോട് ആദ്യം പ്രഖ്യാപനം ചെയ്തു. അതിനുശേഷം കാളക്കിടാക്കളുടെയും ആട്ടുകൊറ്റന്മാരുടെയും രക്തമെടുത്തു വെള്ളത്തിൽ കലർത്തി, ഈസ്സോപ്പുചില്ലയും ചെമന്ന ആട്ടുരോമവുപയോഗിച്ചു നിയമപുസ്തകത്തിന്മേലും ജനത്തിന്മേലും തളിച്ചു. ‘ഇത് ദൈവം നിങ്ങൾക്കു നല്‌കിയ ഉടമ്പടിയുടെ രക്തം’ എന്നു പ്രസ്താവിച്ചുകൊണ്ടാണ് ഇപ്രകാരം ചെയ്തത്. അങ്ങനെതന്നെ കൂടാരത്തിന്മേലും ആരാധനയ്‍ക്കുപയോഗിക്കുന്ന എല്ലാ ഉപകരണങ്ങളിന്മേലും അദ്ദേഹം രക്തം തളിച്ചു. നിയമപ്രകാരം എല്ലാംതന്നെ രക്തംകൊണ്ട് ശുദ്ധീകരിക്കപ്പെടുന്നു. രക്തം അർപ്പിക്കാതെ പാപങ്ങൾ ക്ഷമിക്കപ്പെടുകയില്ലല്ലോ.

HEBRAI 9 വായിക്കുക