GENESIS 39:6-20

GENESIS 39:6-20 MALCLBSI

പൊത്തീഫർ തനിക്കുള്ള സകലതും യോസേഫിന്റെ ചുമതലയിലാക്കി; സ്വന്തം ഭക്ഷണകാര്യങ്ങൾ ഒഴിച്ചു മറ്റു യാതൊന്നിലും അയാൾക്ക് ശ്രദ്ധിക്കേണ്ടിവന്നില്ല. യോസേഫ് സുമുഖനും കോമളരൂപം ഉള്ളവനുമായിരുന്നു. കുറച്ചുനാളുകൾക്കു ശേഷം യജമാനന്റെ ഭാര്യ അവനിൽ നോട്ടമിട്ട് തന്റെ കൂടെ ശയിക്കാൻ അവനോട് ആവശ്യപ്പെട്ടു. യോസേഫ് അതു നിരസിച്ചു. അവൻ പറഞ്ഞു: “ഈ ഭവനത്തിലുള്ള യാതൊന്നിനെക്കുറിച്ചും യജമാനൻ എന്നോട് അന്വേഷിക്കാറില്ല. സകലതും എന്റെ ചുമതലയിൽ ഏല്പിച്ചിരിക്കുകയാണ്. “ഈ ഭവനത്തിൽ എനിക്കു മീതെ ആരെയും നിയമിച്ചിട്ടില്ല. അദ്ദേഹത്തിന്റെ ഭാര്യയായ നിങ്ങളെ ഒഴിച്ചു യാതൊന്നും എന്റെ അധികാരത്തിൽനിന്നു മാറ്റിനിർത്തിയിട്ടുമില്ല. അതുകൊണ്ട് എങ്ങനെ ഈ മഹാപാതകം ഞാൻ ചെയ്യും? അതു ഞാൻ ദൈവത്തിനെതിരായി ചെയ്യുന്ന പാപമാണല്ലോ?” അവൾ ദിനംതോറും നിർബന്ധിച്ചിട്ടും അവളുടെ പ്രലോഭനത്തിനു യോസേഫ് വഴങ്ങിയില്ല. ഒരു ദിവസം തന്റെ ജോലി ചെയ്യാൻ യോസേഫ് വീട്ടിനുള്ളിലേക്കു ചെന്നു. അപ്പോൾ പുരുഷന്മാരാരും അവിടെ ഉണ്ടായിരുന്നില്ല. അവൾ അവന്റെ അങ്കിയിൽ കടന്നുപിടിച്ച് “എന്റെകൂടെ ശയിക്കുക” എന്നു പറഞ്ഞു. എന്നാൽ യോസേഫ് അങ്കി ഉപേക്ഷിച്ച് പുറത്തേക്കോടി. ഉടനെ അവൾ ഭവനത്തിലുള്ള വേലക്കാരെ വിളിച്ചു പറഞ്ഞു: “കണ്ടില്ലേ, നമ്മെ അപമാനിക്കാൻ ഒരു എബ്രായനെ കൂട്ടിക്കൊണ്ടു വന്നിരിക്കുന്നു അവൻ എന്റെകൂടെ ശയിക്കാൻ അകത്തു വന്നു; ഞാൻ ഉച്ചത്തിൽ നിലവിളിച്ചു; അപ്പോൾ അവൻ അങ്കി ഉപേക്ഷിച്ച് ഓടിക്കളഞ്ഞു.” ഭർത്താവ് വരുന്നതുവരെ അവൾ ആ വസ്ത്രം തന്റെ കൈവശം സൂക്ഷിച്ചു. അദ്ദേഹം വന്നപ്പോൾ അവൾ ആ കഥ ആവർത്തിച്ചു. “അങ്ങു കൊണ്ടുവന്നിരിക്കുന്ന എബ്രായഅടിമ എന്നെ അപമാനിക്കാൻ കയറിവന്നു; എന്നാൽ ഞാൻ ഉറക്കെ കരഞ്ഞതുകൊണ്ട് അവൻ വസ്ത്രം ഉപേക്ഷിച്ച് പുറത്തേക്ക് ഓടിപ്പോയി.” ഭാര്യയുടെ വാക്കുകൾ കേട്ടപ്പോൾ യോസേഫിന്റെ യജമാനന്റെ കോപം ജ്വലിച്ചു; യോസേഫിനെ പിടിച്ചു രാജാവിന്റെ തടവുകാരെ പാർപ്പിക്കുന്ന കാരാഗൃഹത്തിൽ അടച്ചു.

GENESIS 39 വായിക്കുക

GENESIS 39:6-20 - നുള്ള വീഡിയോ