GENESIS 34:13-31

GENESIS 34:13-31 MALCLBSI

തങ്ങളുടെ സഹോദരിയായ ദീനായെ മാനഭംഗപ്പെടുത്തിയതുകൊണ്ട് കൗശലപൂർവമായിരുന്നു യാക്കോബിന്റെ മക്കൾ ശെഖേമിനോടു സംസാരിച്ചത്. അവർ അവനോടു പറഞ്ഞു: “പരിച്ഛേദനം ഏറ്റിട്ടില്ലാത്ത ഒരാളിനു ഞങ്ങളുടെ സഹോദരിയെ കൊടുക്കുക സാധ്യമല്ല; അതു ഞങ്ങൾക്ക് അപമാനകരമാണ്. ഒരു വ്യവസ്ഥയിൽ ഞങ്ങൾ ഇതു സമ്മതിക്കാം; നിങ്ങളുടെ ഇടയിലുള്ള പുരുഷന്മാരെല്ലാവരും പരിച്ഛേദനം നടത്തി ഞങ്ങളെപ്പോലെയാകണം. അപ്പോൾ ഞങ്ങളുടെ പുത്രിമാരെ നിങ്ങൾക്കു തരികയും നിങ്ങളുടെ പുത്രിമാരെ ഞങ്ങൾ സ്വീകരിക്കുകയും ചെയ്യാം. ഞങ്ങൾ നിങ്ങളുടെ ഇടയിൽ പാർത്ത് ഒരു ജനതയായിത്തീരുകയും ചെയ്യും. എന്നാൽ ഞങ്ങൾ പറയുന്നതുപോലെ പരിച്ഛേദനം ഏല്‌ക്കാതെയിരുന്നാൽ ഞങ്ങൾ പെൺകുട്ടിയെയുംകൊണ്ടു ഇവിടം വിട്ടുപോകും. അവരുടെ വാക്കുകൾ ഹാമോരിനും ശെഖേമിനും സ്വീകാര്യമായി. യാക്കോബിന്റെ പുത്രിയിൽ അതിതത്പരനായിരുന്നതുകൊണ്ട് അവർ പറഞ്ഞപ്രകാരം ചെയ്യാൻ ആ യുവാവ് ഒട്ടും താമസിച്ചില്ല. അവന്റെ കുടുംബത്തിലെ ഏറ്റവും ബഹുമാന്യനായ വ്യക്തി അവനായിരുന്നു. ഹാമോരും പുത്രനായ ശെഖേമും നഗരവാതില്‌ക്കലെത്തി ജനങ്ങളോടു പറഞ്ഞു: “ഈ മനുഷ്യർ നമ്മുടെ സൃഹൃത്തുക്കളാണ്; അവർ നമ്മുടെ സ്ഥലത്തു താമസിച്ച് വ്യാപാരം ചെയ്യട്ടെ; അവർക്കും കൂടി പാർക്കത്തക്കവിധം നമ്മുടെ ദേശം വിസ്തൃതമാണല്ലോ. അവരുടെ പുത്രിമാരെ നാം വിവാഹം കഴിക്കുകയും നമ്മുടെ പുത്രിമാരെ അവർക്കു വിവാഹം ചെയ്തുകൊടുക്കുകയും ചെയ്യാം. ഒരു വ്യവസ്ഥയിൽ മാത്രമേ അവർ നമ്മുടെ ഇടയിൽ പാർത്ത് ഒരു ജനതയായിത്തീരുന്നതിനു സമ്മതിക്കുകയുള്ളൂ; നമ്മുടെ കൂട്ടത്തിലുള്ള പുരുഷന്മാരെല്ലാവരും അവരെപ്പോലെ പരിച്ഛേദനം ഏല്‌ക്കണം. അവരുടെ കന്നുകാലികളും വസ്തുക്കളും മൃഗങ്ങളുമെല്ലാം നമ്മുടേതായിത്തീരുമല്ലോ. നാം ഇതൊന്നു സമ്മതിച്ചാൽ മതി. അവർ നമ്മുടെ ഇടയിൽത്തന്നെ പാർക്കും. ഹാമോരും ശെഖേമും പറഞ്ഞതിനോടു നഗരവാതിലിനു പുറത്തുവന്ന എല്ലാ പുരുഷന്മാരും യോജിച്ചു. അങ്ങനെ ആ നഗരത്തിലെ പുരുഷന്മാരെല്ലാം പരിച്ഛേദനം ഏറ്റു. മൂന്നാം ദിവസം പരിച്ഛേദനം നിമിത്തമുള്ള വേദന മാറുന്നതിനു മുമ്പുതന്നെ യാക്കോബിന്റെ പുത്രന്മാരും ദീനായുടെ സഹോദരന്മാരുമായ ശിമെയോനും ലേവിയും വാളുകളുമായി സംശയം തോന്നാത്തവിധം നഗരത്തിൽ പ്രവേശിച്ച് പുരുഷന്മാരെയെല്ലാം കൊന്നുകളഞ്ഞു. അവർ ഹമോരിനെയും ശെഖേമിനെയും വാളുകൊണ്ടു കൊന്നതിനുശേഷം ദീനായെ ശെഖേമിന്റെ ഭവനത്തിൽനിന്ന് മോചിപ്പിച്ചു കൊണ്ടുപോയി. പിന്നീട് യാക്കോബിന്റെ പുത്രന്മാർ നഗരത്തിൽ പ്രവേശിച്ചു കൊള്ളചെയ്തു; അങ്ങനെ അവർ തങ്ങളുടെ സഹോദരിയെ അപമാനിച്ചതിനു പകരംവീട്ടി. അവരുടെ ആട്ടിൻപറ്റങ്ങളെയും കന്നുകാലികളെയും കഴുതകളെയും പട്ടണത്തിലും വയലിലുമുള്ള സകലത്തെയും അവർ അപഹരിച്ചു. ഹിവ്യരുടെ സർവസമ്പത്തും കുട്ടികളും സ്‍ത്രീകളും ഭവനത്തിലുള്ള സകലതും അവർ കൊള്ളയടിച്ചു. അപ്പോൾ യാക്കോബ് ശിമെയോനോടും ലേവിയോടും പറഞ്ഞു: “ഈ ദേശവാസികളായ കനാന്യരുടെയും പെരിസ്യരുടെയും മധ്യത്തിൽ നിങ്ങൾ എന്നെ അപഹാസ്യനാക്കി കുഴപ്പത്തിൽ ചാടിച്ചിരിക്കുന്നു. എനിക്കു സംഖ്യാബലം കുറവാണല്ലോ; അവർ ഒന്നിച്ചുചേർന്ന് എന്നെ ആക്രമിച്ചാൽ ഞാനും എന്റെ കുടുംബവും നശിച്ചുപോകും.” അവർ ചോദിച്ചു: “വേശ്യയോടെന്നപോലെയല്ലേ അവർ ഞങ്ങളുടെ സഹോദരിയോടു പെരുമാറിയത്?”

GENESIS 34 വായിക്കുക

GENESIS 34:13-31 - നുള്ള വീഡിയോ