ഒരു മാസം കഴിഞ്ഞ് ലാബാൻ യാക്കോബിനോടു ചോദിച്ചു: “നീ എന്റെ ബന്ധുവായതുകൊണ്ട് എനിക്കുവേണ്ടി വെറുതെ വേലചെയ്യണമെന്നുണ്ടോ? എന്തു പ്രതിഫലമാണു ഞാൻ നല്‌കേണ്ടത്. ലാബാന് രണ്ടു പുത്രിമാരുണ്ടായിരുന്നു. മൂത്തവൾ ലേയായും ഇളയവൾ റാഹേലും. ലേയായുടെ കണ്ണുകൾ അഴകു കുറഞ്ഞവ ആയിരുന്നു; എന്നാൽ റാഹേൽ സുന്ദരിയും രൂപഭംഗിയുള്ളവളും ആയിരുന്നു. റാഹേലിൽ അനുരക്തനായ യാക്കോബ് പറഞ്ഞു: “റാഹേലിനുവേണ്ടി ഞാൻ ഏഴു വർഷം അങ്ങയെ സേവിച്ചുകൊള്ളാം.” “അവളെ നിനക്കു നല്‌കുന്നതാണ് മറ്റാർക്കു നല്‌കുന്നതിലും നല്ലത്. എന്റെകൂടെ ഇവിടെ വസിക്കുക.” യാക്കോബ് ഏഴു വർഷം റാഹേലിനുവേണ്ടി ജോലിചെയ്തു. റാഹേലിനോടുണ്ടായിരുന്ന സ്നേഹംമൂലം ഈ ഏഴു വർഷങ്ങൾ ഏതാനും ദിവസങ്ങൾപോലെ മാത്രമേ അയാൾക്കു തോന്നിയുള്ളൂ. യാക്കോബു ലാബാനോടു പറഞ്ഞു: “പറഞ്ഞൊത്ത കാലാവധി കഴിഞ്ഞല്ലോ. ഇനി ഞാൻ അവളെ ഭാര്യയാക്കട്ടെ.” ലാബാൻ സ്ഥലവാസികളെയെല്ലാം വിളിച്ചുകൂട്ടി ഒരു വലിയ വിരുന്നു നടത്തി. എന്നാൽ രാത്രിയായപ്പോൾ ലാബാൻ ലേയായെ യാക്കോബിന്റെ അടുക്കൽ കൊണ്ടുവന്നു. യാക്കോബ് അവളുടെകൂടെ ശയിച്ചു. ലാബാൻ സില്പായെ ലേയായ്‍ക്കു ദാസിയായി കൊടുത്തു. പിറ്റേന്നു രാവിലെയാണ് തനിക്കു ലഭിച്ചത് ലേയാ ആയിരുന്നു എന്നു യാക്കോബിനു മനസ്സിലായത്. യാക്കോബ് ലാബാനോടു പറഞ്ഞു: “എന്നോട് അങ്ങു ചെയ്തത് എന്ത്? റാഹേലിനുവേണ്ടിയല്ലേ ഞാൻ അങ്ങയെ സേവിച്ചത്? അങ്ങ് എന്നെ എന്തിനു ചതിച്ചു?” ലാബാൻ മറുപടി പറഞ്ഞു: “ജ്യേഷ്ഠത്തിക്കു മുമ്പ് അനുജത്തിയെ വിവാഹം ചെയ്തുകൊടുക്കുന്ന പതിവ് ഈ നാട്ടിലില്ല. വിവാഹാഘോഷങ്ങളുടെ ഈ ആഴ്ച കഴിയട്ടെ. അതിനുശേഷം ഇളയവളെയും നിനക്കു തരാം. വീണ്ടും ഏഴു വർഷം കൂടി നീ എനിക്കു വേല ചെയ്യണം.” യാക്കോബ് അതിനു സമ്മതിച്ചു. റാഹേലിനു ദാസിയായി ബിൽഹായെ ലാബാൻ നല്‌കി. യാക്കോബ് റാഹേലിനെയും ഭാര്യയായി സ്വീകരിച്ചു. അയാൾ റാഹേലിനെ ലേയായെക്കാൾ അധികം സ്നേഹിച്ചു. അയാൾ ഏഴു വർഷംകൂടി ലാബാനുവേണ്ടി ജോലി ചെയ്തു. യാക്കോബ് ലേയായെ അവഗണിക്കുന്നു എന്നു കണ്ട സർവേശ്വരൻ അവൾക്കു ഗർഭധാരണശേഷി നല്‌കി. റാഹേൽ വന്ധ്യയായിരുന്നു. ലേയാ ഗർഭിണിയായി ഒരു മകനെ പ്രസവിച്ചു. “സർവേശ്വരൻ എന്റെ കഷ്ടത കണ്ടു; ഇനിയും എന്റെ ഭർത്താവ് എന്നെ സ്നേഹിക്കും” എന്നു പറഞ്ഞ് അവൾ അവനു ‘രൂബേൻ’ എന്നു പേരിട്ടു. അവൾ വീണ്ടും ഒരു മകനെക്കൂടി പ്രസവിച്ചു. “എന്നോടു പ്രിയമില്ല എന്നു കേട്ടതിനാൽ സർവേശ്വരൻ എനിക്ക് ഒരു പുത്രനെയുംകൂടി നല്‌കിയിരിക്കുന്നു” എന്നു പറഞ്ഞ് അവന് ‘ശിമെയോൻ’ എന്നു പേരിട്ടു. അവൾ പിന്നെയും ഒരു മകനെ പ്രസവിച്ചു. “ഞാൻ മൂന്നാമതൊരു പുത്രനെക്കൂടി പ്രസവിച്ചതുകൊണ്ട് എന്റെ ഭർത്താവ് എന്നോടു കൂടുതൽ ചേർന്നിരിക്കും” എന്നു പറഞ്ഞ് അവനു ‘ലേവി’ എന്നു പേരിട്ടു. അവൾ വീണ്ടും ഒരു മകനെക്കൂടി പ്രസവിച്ചു. “ഇപ്പോൾ ഞാൻ സർവേശ്വരനെ സ്തുതിക്കും” എന്നു പറഞ്ഞുകൊണ്ട് അവനെ ‘യെഹൂദാ’ എന്നു പേരിട്ടു. പിന്നീട് കുറെക്കാലത്തേക്ക് അവൾ പ്രസവിച്ചില്ല.
GENESIS 29 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: GENESIS 29:15-35
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ