GENESIS 25:21-34

GENESIS 25:21-34 MALCLBSI

അവർ അരാമ്യരായിരുന്നു. തന്റെ ഭാര്യ വന്ധ്യ ആയതിനാൽ ഇസ്ഹാക്ക് അവൾക്കുവേണ്ടി സർവേശ്വരനോടു പ്രാർഥിച്ചു. അവിടുന്നു പ്രാർഥന കേട്ടു; അവൾ ഗർഭിണിയായി. പ്രസവത്തിനു മുമ്പ് ഗർഭസ്ഥശിശുക്കൾ തമ്മിൽ മല്ലിട്ടപ്പോൾ അവൾ സ്വയം പറഞ്ഞു: “ഇങ്ങനെയെങ്കിൽ ഞാൻ എന്തിനു ജീവിക്കുന്നു?” അവൾ സർവേശ്വരനോടു പ്രാർഥിച്ചു. അവിടുന്ന് അരുളിച്ചെയ്തു: “നിന്റെ ഉദരത്തിൽ രണ്ടു ജനതകളാണ് ഉള്ളത്. അന്യോന്യം മത്സരിക്കുന്ന രണ്ടു ജനതകൾക്കു നീ ജന്മം നല്‌കും. ഒരു വംശം മറ്റേതിനെക്കാൾ ശക്തമായിരിക്കും; ജ്യേഷ്ഠൻ അനുജനെ സേവിക്കും.” റിബേക്കായ്‍ക്ക് പ്രസവകാലം തികഞ്ഞു. അവളുടെ ഗർഭപാത്രത്തിൽ രണ്ടു കുട്ടികൾ ഉണ്ടായിരുന്നു. ആദ്യജാതൻ ചുവന്ന നിറമുള്ളവനും അവന്റെ ശരീരം രോമാവൃതവും ആയിരുന്നു. അതുകൊണ്ട് അവനെ ഏശാവ് എന്നു വിളിച്ചു. പിന്നീട് അവന്റെ സഹോദരൻ പുറത്തുവന്നു; അവൻ ഏശാവിന്റെ കുതികാലിൽ പിടിച്ചിരുന്നു; അതുകൊണ്ട് യാക്കോബ് എന്നു പേരിട്ടു. അവർ ജനിച്ചപ്പോൾ ഇസ്ഹാക്കിന് അറുപതു വയസ്സായിരുന്നു. കുട്ടികൾ വളർന്നു; ഏശാവ് സമർഥനായ വേട്ടക്കാരനായി; വെളിമ്പ്രദേശങ്ങളിൽ താമസിക്കാൻ അവൻ ഇഷ്ടപ്പെട്ടു. എന്നാൽ ശാന്തശീലനായിരുന്നു യാക്കോബ്; കൂടാരത്തിൽ കഴിയാനാണ് അവൻ ആഗ്രഹിച്ചത്. ഏശാവു കൊണ്ടുവന്നിരുന്ന വേട്ടയിറച്ചി ഇസ്ഹാക്കിന് ഇഷ്ടമായിരുന്നു. അതുകൊണ്ട് ഏശാവിനെ കൂടുതൽ സ്നേഹിച്ചു. എന്നാൽ റിബേക്കായ്‍ക്ക് യാക്കോബിനോടായിരുന്നു കൂടുതൽ സ്നേഹം. ഒരിക്കൽ യാക്കോബ് പായസം പാകം ചെയ്തുകൊണ്ടിരിക്കുമ്പോൾ ഏശാവ് വെളിമ്പ്രദേശത്തുനിന്നു വന്നു; ഏശാവ് യാക്കോബിനോടു പറഞ്ഞു: “ഞാൻ വളരെ ക്ഷീണിച്ചിരിക്കുന്നു. ഈ ചുവന്ന പായസത്തിൽ കുറെ എനിക്കു തരാമോ?” അതുകൊണ്ട് അവന് എദോം എന്നു പേരുണ്ടായി. യാക്കോബു പറഞ്ഞു: “ആദ്യം നിന്റെ ജ്യേഷ്ഠാവകാശം എനിക്കു വിൽക്കുക.” ഏശാവ് മറുപടി പറഞ്ഞു: “വിശന്നു മരിക്കാറായ എനിക്ക് ഈ ജ്യേഷ്ഠാവകാശംകൊണ്ട് എന്തു പ്രയോജനം?” യാക്കോബു പറഞ്ഞു: “ആദ്യമേ എന്നോടു സത്യംചെയ്യുക” ഏശാവ് സത്യം ചെയ്ത് തന്റെ ജ്യേഷ്ഠാവകാശം യാക്കോബിനു വിറ്റു. അപ്പോൾ യാക്കോബു കുറെ അപ്പവും പയറുപായസവും ഏശാവിനു കൊടുത്തു. ഏശാവ് വിശപ്പടക്കി സ്ഥലം വിട്ടു. ജ്യേഷ്ഠാവകാശത്തെ അത്ര നിസ്സാരമായി മാത്രമേ ഏശാവ് ഗണിച്ചുള്ളൂ.

GENESIS 25 വായിക്കുക

GENESIS 25:21-34 - നുള്ള വീഡിയോ