GALATIA 4:4-11
GALATIA 4:4-11 MALCLBSI
എന്നാൽ കാലത്തികവിൽ ദൈവം തന്റെ പുത്രനെ അയച്ചു. അവിടുന്ന് ഒരു സ്‍ത്രീയുടെ പുത്രനായി ജനിച്ചു. യെഹൂദനിയമത്തിന് അധീനനായി അവിടുന്നു ജീവിക്കുകയും ചെയ്തു. നിയമത്തിൻ കീഴിലുള്ളവരെ വീണ്ടെടുക്കുന്നതിനും, അങ്ങനെ നമുക്കു പുത്രത്വം ലഭിക്കുന്നതിനുംവേണ്ടിയാണ് അവിടുന്നു വന്നത്. “അബ്ബാ-എന്റെ പിതാവേ!” എന്നു വിളിക്കുന്ന പുത്രന്റെ ആത്മാവിനെ ദൈവം നമ്മുടെ ഹൃദയങ്ങളിലേക്ക് അയച്ചതിൽനിന്ന് നിങ്ങൾ അവിടുത്തെ പുത്രന്മാരാണെന്നു തെളിയുന്നു. അതുകൊണ്ട് നീ ഇനി അടിമയല്ല, പുത്രനാണ്. പുത്രനായതുകൊണ്ട് തന്റെ പുത്രന്മാർക്കുള്ളതെല്ലാം ദൈവം നിനക്കു നല്‌കും. മുമ്പ് നിങ്ങൾ ദൈവത്തെ അറിഞ്ഞിരുന്നില്ല; അതുകൊണ്ട് നിങ്ങൾ സത്യദൈവമല്ലാത്ത മറ്റു ദൈവങ്ങളുടെ അടിമകളായിരുന്നു. എന്നാൽ ഇപ്പോൾ നിങ്ങൾ സാക്ഷാൽ ദൈവത്തെ അറിയുന്നു-അഥവാ ദൈവം നിങ്ങളെ അറിയുന്നു എന്നു പറയുകയായിരിക്കും കൂടുതൽ ശരി. അപ്പോൾ ദുർബലവും വ്യർഥവുമായ പ്രാപഞ്ചികശക്തികളെ അനുസരിക്കുവാൻ അവയുടെ അടുക്കലേക്കു തിരിച്ചുപോകുന്നതിന് നിങ്ങൾ എങ്ങനെ ആഗ്രഹിക്കും? വീണ്ടും അവയുടെ അടിമകളായിത്തീരുന്നതിനു നിങ്ങൾ താത്പര്യപ്പെടുന്നത് എന്തുകൊണ്ട്? ചില ദിവസങ്ങളും മാസങ്ങളും മുഹൂർത്തങ്ങളും വർഷങ്ങളും നിങ്ങൾ ആചരിക്കുന്നുവല്ലോ! നിങ്ങൾക്കുവേണ്ടിയുള്ള എന്റെ അധ്വാനം വ്യർഥമായിത്തീരുമോ എന്നു ഞാൻ ഭയപ്പെടുന്നു.

