സർവേശ്വരൻ മോശയോടും അഹരോനോടും അരുളിച്ചെയ്തു: “ചൂളയിൽനിന്നു കൈ നിറയെ വെണ്ണീർ വാരി ഫറവോ കാൺകെ മോശ ആകാശത്തേക്കു വിതറണം. അതു കാറ്റിൽ പറന്ന് ഈജിപ്തിലെ ജനങ്ങളുടെയും മൃഗങ്ങളുടെയുംമേൽ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കും.” അവർ വെണ്ണീറുമായി ഫറവോയുടെ മുമ്പിൽ ചെന്നു; മോശ അത് ആകാശത്തേക്കു വിതറി; അതു മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ പൊട്ടിയൊലിക്കുന്ന വ്രണങ്ങളുണ്ടാക്കി. മന്ത്രവാദികളുടെയും സകല ഈജിപ്തുകാരുടെയുംമേൽ വ്രണങ്ങൾ ഉണ്ടായി. അതുകൊണ്ട് മന്ത്രവാദികൾക്ക് മോശയുടെ മുമ്പിൽ നില്‌ക്കാൻപോലും കഴിഞ്ഞില്ല. മോശയോടു പറഞ്ഞിരുന്നതുപോലെ സർവേശ്വരൻ ഫറവോയുടെ ഹൃദയം കഠിനമാക്കി. ഫറവോ അവരുടെ വാക്കു ശ്രദ്ധിച്ചില്ല. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “അതിരാവിലെ എഴുന്നേറ്റുചെന്ന് രാജാവിനോടു പറയുക: എബ്രായരുടെ ദൈവമായ സർവേശ്വരൻ കല്പിക്കുന്നു: എന്നെ ആരാധിക്കാൻവേണ്ടി എന്റെ ജനത്തെ വിട്ടയയ്‍ക്കുക. ഇത്തവണ നിന്റെയും ഉദ്യോഗസ്ഥന്മാരുടെയും നിന്റെ ജനങ്ങളുടെയുംമേൽ ഞാൻ സകല വ്യാധികളും അയയ്‍ക്കും. ഞാൻ ഭൂമിയിൽ അതുല്യനെന്നു നീ അറിയും. നിന്നെയും നിന്റെ ജനങ്ങളെയും ബാധകളാൽ ശിക്ഷിച്ച് ഭൂമിയിൽനിന്ന് എനിക്കു നീക്കിക്കളയാമായിരുന്നു. എങ്കിലും എന്റെ ശക്തി നീ മനസ്സിലാക്കാനും എന്റെ നാമം ഭൂമി മുഴുവൻ പ്രസിദ്ധമാക്കാനും ഞാൻ നിന്നെ ഇതുവരെ ജീവിക്കാൻ അനുവദിച്ചു. നീ ഇപ്പോഴും അഹങ്കാരത്തോടെ എന്റെ ജനത്തെ വിട്ടയയ്‍ക്കാതെ തടഞ്ഞു വച്ചിരിക്കുന്നു. ഈജിപ്തിന്റെ ആരംഭംമുതൽ ഇന്നുവരെ ഉണ്ടായിട്ടില്ലാത്തവിധം അതികഠിനമായ കന്മഴ നാളെ ഈ നേരത്തുണ്ടാകും. ഇപ്പോൾ ആളയച്ചു കന്നുകാലികളെയും വയലിലുള്ള സകലതിനെയും സുരക്ഷിതസ്ഥാനങ്ങളിൽ എത്തിക്കുക; വീട്ടിലെത്താതെ വയലിൽ നില്‌ക്കുന്ന സകല മനുഷ്യരുടെയും മൃഗങ്ങളുടെയുംമേൽ കന്മഴ പെയ്യിക്കും. അവയെല്ലാം ചത്തുപോകും.” ഫറവോയുടെ ജോലിക്കാരിൽ സർവേശ്വരന്റെ വാക്കുകൾ കേട്ടു ഭയപ്പെട്ടവർ തങ്ങളുടെ അടിമകളെയും കന്നുകാലികളെയും വീടുകൾക്കുള്ളിലാക്കി രക്ഷിച്ചു; എന്നാൽ അവിടുത്തെ വാക്കുകൾ ശ്രദ്ധിക്കാതെയിരുന്നവർ തങ്ങളുടെ അടിമകളെയും കന്നുകാലികളെയും വയലിൽത്തന്നെ നിർത്തി. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഈജിപ്തിൽ എങ്ങുമുള്ള വയലുകളിലെ ചെടികളുടെയും, മൃഗങ്ങളുടെയും, മനുഷ്യരുടെയുംമേൽ കന്മഴ പെയ്യിക്കാൻ കൈ ആകാശത്തേക്കു നീട്ടുക.” അപ്പോൾ മോശ തന്റെ വടി ആകാശത്തേക്കുയർത്തി; അവിടുന്ന് ഇടിയും കന്മഴയും അയച്ചു. തീ ഭൂമിയിലേക്കിറങ്ങി. ഈജിപ്തിലെല്ലാം സർവേശ്വരൻ കന്മഴ പെയ്യിച്ചു. അതികഠിനമായ കന്മഴയും അതോടൊപ്പം ഇടിമിന്നലും തുടരെ ഉണ്ടായി. ഈജിപ്തുകാർ ഒരു ജനത ആയതിനുശേഷം ഇതുപോലൊരു കന്മഴ വർഷിച്ചിട്ടില്ല. വയലുകളിലുണ്ടായിരുന്ന സകലവും കന്മഴ നശിപ്പിച്ചു; മനുഷ്യരും മൃഗങ്ങളും സസ്യങ്ങളും നശിച്ചു; മരങ്ങളെല്ലാം തകർന്നു. ഇസ്രായേൽജനം വസിച്ചിരുന്ന ഗോശെൻപ്രദേശത്തു മാത്രം കന്മഴ പെയ്തില്ല.
EXODUS 9 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: EXODUS 9:8-26
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ