EXODUS 21:22-36

EXODUS 21:22-36 MALCLBSI

“പുരുഷന്മാർ കലഹിക്കുന്നതിനിടയിൽ ഒരു ഗർഭിണിക്ക് പരുക്കേല്‌ക്കുകയും ഗർഭം അലസുകയും മറ്റ് ഉപദ്രവമൊന്നും ഏല്‌ക്കാതിരിക്കുകയും ചെയ്താൽ പരുക്കേല്പിച്ചയാൾ അവളുടെ ഭർത്താവിന്റെ ആവശ്യപ്രകാരം മധ്യസ്ഥന്മാർ നിശ്ചയിക്കുന്ന തുക പിഴയായി നല്‌കണം. എന്നാൽ അവൾക്ക് ഉപദ്രവം ഏറ്റാൽ ജീവനു പകരം ജീവൻ, കണ്ണിനു പകരം കണ്ണ്, പല്ലിനു പകരം പല്ല്, കൈക്കു പകരം കൈ, കാലിനു പകരം കാൽ, പൊള്ളലിനു പകരം പൊള്ളൽ, മുറിവിനു പകരം മുറിവ്, ചതവിനു പകരം ചതവ് എന്ന ക്രമത്തിൽ ശിക്ഷ നല്‌കണം. ഒരുവന്റെ പ്രഹരമേറ്റ് അടിമയുടെ ആണോ പെണ്ണോ ആകട്ടെ-കണ്ണു നഷ്ടപ്പെട്ടാൽ ആ അടിമയ്‍ക്കു സ്വാതന്ത്ര്യം നല്‌കണം. ദാസന്റെയോ ദാസിയുടെയോ പല്ല് അടിച്ചു കൊഴിച്ചാലും പകരം സ്വാതന്ത്ര്യം നല്‌കണം. പുരുഷനെയോ സ്‍ത്രീയെയോ ഒരു കാള കുത്തിക്കൊന്നാൽ കാളയെ കല്ലെറിഞ്ഞു കൊല്ലണം. അതിന്റെ മാംസം ഭക്ഷിക്കരുത്. കാളയുടെ ഉടമസ്ഥൻ കുറ്റക്കാരനല്ല. എന്നാൽ, ആ കാള മനുഷ്യരെ കുത്തുന്ന ശീലമുള്ളതും ഉടമസ്ഥൻ അതറിഞ്ഞിട്ടും കെട്ടി സൂക്ഷിക്കാത്തതും ആയിരിക്കെ അത് ആരെയെങ്കിലും കുത്തിക്കൊന്നാൽ അതിനെ കല്ലെറിഞ്ഞു കൊല്ലണം. അതിന്റെ ഉടമസ്ഥനെയും വധിക്കണം. എന്നാൽ, മോചനദ്രവ്യം ചുമത്തപ്പെട്ടാൽ ആ തുക അടച്ച് അയാൾക്കു ജീവൻ വീണ്ടെടുക്കാം. കാള കുത്തിക്കൊല്ലുന്നത് ആൺകുട്ടിയെയോ പെൺകുട്ടിയെയോ ആയാലും ഈ ചട്ടം പാലിക്കണം. കാള കുത്തിക്കൊല്ലുന്നത് ഒരു ദാസനെയോ ദാസിയെയോ ആണെങ്കിൽ കാളയുടെ ഉടമസ്ഥൻ മുപ്പതു ശേക്കെൽ വെള്ളി അടിമയുടെ ഉടമസ്ഥനു കൊടുക്കണം. കാളയെ കല്ലെറിഞ്ഞു കൊല്ലുകയും വേണം. “ഒരുവൻ ഒരു കുഴി തുറന്നിടുകയോ കുഴിച്ചശേഷം അതു മൂടാതിരിക്കുകയോ ചെയ്തിട്ട് ആ കുഴിയിൽ ഒരു കാളയോ കഴുതയോ വീണു ചത്താൽ കുഴിയുടെ ഉടമസ്ഥൻ മൃഗത്തിന്റെ ഉടമസ്ഥന് അതിന്റെ വില കൊടുക്കണം; ചത്തമൃഗം കുഴിയുടെ ഉടമസ്ഥനുള്ളതായിരിക്കും. ഒരാളുടെ കാള മറ്റൊരുവന്റെ കാളയെ കുത്തിക്കൊന്നാൽ ജീവനുള്ള കാളയെ വിറ്റ് അതിന്റെ വില രണ്ടുപേരും വീതിച്ചെടുക്കണം; ചത്ത മൃഗത്തെയും അവർ വീതിച്ചെടുക്കണം. തന്റെ കാള കുത്തുന്നതാണെന്നറിഞ്ഞിട്ടും ഉടമസ്ഥൻ അതിനെ സൂക്ഷിക്കാതെയിരുന്നാൽ അതിന്റെ കുത്തേറ്റു ചാകുന്ന കാളയ്‍ക്കു പകരം കാളയെ കൊടുക്കണം. ചത്തമൃഗം അയാൾക്കുള്ളതായിരിക്കും.”

EXODUS 21 വായിക്കുക

EXODUS 21:22-36 - നുള്ള വീഡിയോ