EXODUS 17:8-16

EXODUS 17:8-16 MALCLBSI

അമാലേക്യർ വന്ന് രെഫീദീമിൽ വച്ച് ഇസ്രായേൽജനത്തെ ആക്രമിച്ചു. മോശ യോശുവയോടു പറഞ്ഞു: “നീ നാളെ തിരഞ്ഞെടുത്ത ഏതാനും ആളുകളുമായി ചെന്ന് അമാലേക്യരോടു യുദ്ധം ചെയ്യുക; ദിവ്യശക്തിയുള്ള വടി പിടിച്ചുകൊണ്ട് ഞാൻ കുന്നിന്റെ മുകളിൽ നില്‌ക്കും.” മോശ പറഞ്ഞതുപോലെ യോശുവ അമാലേക്യരോടു യുദ്ധം ചെയ്തു; മോശയും അഹരോനും ഹൂരും കുന്നിന്റെ മുകളിൽ കയറിനിന്നു. മോശയുടെ കൈ ഉയർത്തിപ്പിടിച്ചിരുന്നപ്പോൾ ഇസ്രായേല്യർ ജയിച്ചു. കൈ താഴ്ത്തിയപ്പോൾ അമാലേക്യർ ജയിച്ചു. കുറെ കഴിഞ്ഞപ്പോൾ മോശയുടെ കൈകൾ കുഴഞ്ഞു; അപ്പോൾ അഹരോനും ഹൂരും ചേർന്ന് മോശയ്‍ക്ക് ഇരിക്കാൻ ഒരു കല്ല് കൊണ്ടുവന്നു; മോശ അതിൽ ഇരുന്നു. അവർ മോശയുടെ കൈകൾ ഉയർത്തിപ്പിടിച്ചുകൊണ്ട് ഇരുവശങ്ങളിലും നിന്നു. അങ്ങനെ സന്ധ്യവരെ മോശയുടെ കൈകൾ ഉയർന്നുനിന്നു. യോശുവ അമാലേക്യരെ വാളുകൊണ്ട് അരിഞ്ഞുവീഴ്ത്തി. സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇതിന്റെ ഓർമ നിലനില്‌ക്കാനായി ഈ വിവരം ഒരു പുസ്തകത്തിലെഴുതി വയ്‍ക്കുക; യോശുവയെ അതു വായിച്ചു കേൾപ്പിക്കണം; അമാലേക്യരെക്കുറിച്ചുള്ള ഓർമപോലും ഞാൻ ഭൂമിയിൽനിന്നു മായിച്ചുകളയും. മോശ അവിടെ ഒരു യാഗപീഠം പണിത് അതിനു ‘സർവേശ്വരൻ എന്റെ വിജയക്കൊടി’ എന്നു പേരിട്ടു. മോശ പറഞ്ഞു: “സർവേശ്വരന്റെ സിംഹാസനം ഉയർന്നിരിക്കട്ടെ. അമാലേക്യരോടുള്ള അവിടുത്തെ യുദ്ധം തലമുറകളിലൂടെ തുടർന്നുകൊണ്ടിരിക്കും.”

EXODUS 17 വായിക്കുക

EXODUS 17:8-16 - നുള്ള വീഡിയോ