EXODUS 13:1-16

EXODUS 13:1-16 MALCLBSI

സർവേശ്വരൻ മോശയോട് അരുളിച്ചെയ്തു: “ഇസ്രായേലിലെ എല്ലാ ആദ്യജാതന്മാരെയും എനിക്കു സമർപ്പിക്കുക; മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യസന്താനം എനിക്കുള്ളതാണ്.” മോശ ജനത്തോടു പറഞ്ഞു: “അടിമവീടായിരുന്ന ഈജിപ്തിൽനിന്നു നിങ്ങളെ മോചിപ്പിച്ചു കൊണ്ടുവന്ന ഈ ദിവസം ഓർത്തുകൊള്ളുക; സർവേശ്വരൻ തന്റെ ഭുജബലത്താൽ നിങ്ങളെ അവിടെനിന്നു കൂട്ടിക്കൊണ്ടുവന്നു; അതുകൊണ്ടു പുളിപ്പുള്ള അപ്പം നിങ്ങൾ ഈ ദിവസം ഭക്ഷിക്കരുത്. ആബീബ് മാസത്തിലെ ഈ ദിവസം നിങ്ങൾ അവിടെനിന്നു പുറപ്പെട്ടുപോന്നു. കനാന്യർ, ഹിത്യർ, അമോര്യർ, ഹിവ്യർ, യെബൂസ്യർ എന്നീ ജനവർഗങ്ങൾ പാർക്കുന്ന സ്ഥലം നിങ്ങളുടെ പിതാക്കന്മാർക്കു നല്‌കുമെന്ന് അവിടുന്ന് വാഗ്ദാനം ചെയ്തിരുന്നു; പാലും തേനും ഒഴുകുന്ന ആ സ്ഥലത്തു സർവേശ്വരൻ നിങ്ങളെ എത്തിച്ചശേഷം വർഷംതോറും ഈ മാസത്തിൽതന്നെ ഈ പെരുന്നാൾ നിങ്ങൾ ആചരിക്കണം. ഏഴു ദിവസം നിങ്ങൾ പുളിപ്പില്ലാത്ത അപ്പം ഭക്ഷിക്കണം. ഏഴാം ദിവസം സർവേശ്വരന് ഉത്സവം ആചരിക്കണം; ഏഴു ദിവസവും പുളിപ്പില്ലാത്ത അപ്പംതന്നെ നിങ്ങൾ ഭക്ഷിക്കണം; നിങ്ങളുടെയിടയിൽ പുളിപ്പുള്ള അപ്പം കാണരുത്; നിങ്ങളുടെ ദേശത്തൊരിടത്തും പുളിമാവുണ്ടായിരിക്കരുത്; ഞാൻ ഈജിപ്തു വിട്ടുപോരുമ്പോൾ എനിക്കുവേണ്ടി സർവേശ്വരൻ ചെയ്ത കാര്യങ്ങൾ നിമിത്തം ഞാൻ ഇത് ആചരിക്കുന്നു എന്ന് ഉത്സവദിവസം നിന്റെ പുത്രനോടു നീ പറയണം. സർവേശ്വരന്റെ നിയമം നിന്റെ അധരങ്ങളിൽ ഉണ്ടായിരിക്കാൻ ഈ ആചാരം കൈയിൽ അടയാളമായും നെറ്റിയിൽ ഒരു സ്മാരകചിഹ്നമായും ഇരിക്കട്ടെ. അവിടുന്നു കരുത്തുറ്റ കരത്താൽ നിങ്ങളെ ഈജിപ്തിൽനിന്നു മോചിപ്പിച്ചുവല്ലോ. വർഷംതോറും നിശ്ചിതസമയത്ത് ഇത് നിങ്ങൾ ആചരിക്കണം. “നിങ്ങളോടും നിങ്ങളുടെ പിതാക്കന്മാരോടും സർവേശ്വരൻ വാഗ്ദാനം ചെയ്തിരിക്കുന്നതുപോലെ കനാന്യരുടെ ദേശത്തു നിങ്ങളെ എത്തിക്കുകയും ആ ദേശം നിങ്ങൾക്കു നല്‌കുകയും ചെയ്തശേഷം, നിങ്ങളുടെ കടിഞ്ഞൂൽസന്തതികളെയെല്ലാം സർവേശ്വരനായി വേർതിരിക്കണം. മൃഗങ്ങളുടെ കടിഞ്ഞൂലുകളിലും ആൺകുട്ടികൾ സർവേശ്വരനുള്ളതാണ്. ഒരു ആട്ടിൻകുട്ടിയെ നല്‌കി കഴുതയുടെ കടിഞ്ഞൂൽക്കുട്ടിയെ വീണ്ടെടുക്കാം; വീണ്ടെടുക്കുന്നില്ലെങ്കിൽ അതിനെ കഴുത്തു പിരിച്ചു കൊല്ലണം; നിങ്ങളുടെ ആദ്യപുത്രന്മാരെയെല്ലാം നിങ്ങൾ വീണ്ടെടുക്കണം. പിൽക്കാലത്ത് നിന്റെ പുത്രൻ ഇതിന്റെ അർഥമെന്തെന്നു ചോദിച്ചാൽ അവനോടു പറയണം: ‘അടിമവീടായ ഈജിപ്തിൽനിന്ന് സർവേശ്വരൻ തന്റെ ഭുജബലത്താൽ ഞങ്ങളെ വിമോചിപ്പിച്ചു കൊണ്ടുവന്നു. ഫറവോ കഠിനഹൃദയനായി ഞങ്ങളെ വിട്ടയയ്‍ക്കാൻ വിസമ്മതിച്ചപ്പോൾ ഈജിപ്തിലെ മനുഷ്യരുടെയും മൃഗങ്ങളുടെയും ആദ്യസന്തതികളെ അവിടുന്നു സംഹരിച്ചു. അതുകൊണ്ടാണ് കടിഞ്ഞൂലായ ആൺസന്തതികളെ മുഴുവൻ സർവേശ്വരനു യാഗമായി അർപ്പിക്കുന്നത്.’ എന്നാൽ എന്റെ പുത്രന്മാരിൽ ആദ്യജാതനെ ഞാൻ വീണ്ടെടുക്കുന്നു. ഇത് നിന്റെ കൈകളിൽ അടയാളമായും നെറ്റിയിൽ സ്മാരകചിഹ്നമായും ഇരിക്കട്ടെ; സർവേശ്വരൻ കരുത്തുറ്റ കൈകൾകൊണ്ട് നമ്മെ ഈജിപ്തിൽനിന്നു വിടുവിച്ചുവല്ലോ.”

EXODUS 13 വായിക്കുക

EXODUS 13:1-16 - നുള്ള വീഡിയോ