ESTHERI 2:10-18

ESTHERI 2:10-18 MALCLBSI

എസ്ഥേർ തന്റെ ജാതിയും വംശവും ആരെയും അറിയിച്ചില്ല; അറിയിക്കരുതെന്നു മൊർദ്ദെഖായി അവളോടു നിഷ്കർഷിച്ചിരുന്നു. അവളുടെ ക്ഷേമം അന്വേഷിക്കാൻ അന്തഃപുരത്തിന്റെ അങ്കണത്തിലൂടെ മൊർദ്ദെഖായി എല്ലാ ദിവസവും നടക്കുമായിരുന്നു. യുവതികൾക്ക് നിശ്ചയിക്കപ്പെട്ടിട്ടുളള പന്ത്രണ്ടു മാസത്തെ സൗന്ദര്യ പരിചരണത്തിനുശേഷം അതായത് ആറു മാസം മീറാതൈലവും ആറു മാസം സുഗന്ധലേപനങ്ങളും ഉപയോഗിച്ചശേഷം ഓരോ യുവതിയും മുറയനുസരിച്ച് അഹശ്വേരോശ്‍രാജാവിന്റെ സന്നിധിയിലേക്ക് ചെല്ലും. ഇങ്ങനെ രാജസന്നിധിയിലേക്കു പോകുമ്പോൾ അവർക്ക് ഇഷ്ടമുള്ളത് എന്തും അന്തഃപുരത്തിൽനിന്നു രാജകൊട്ടാരത്തിലേക്കു കൊണ്ടുപോകാമായിരുന്നു. മുറപ്രകാരം സന്ധ്യക്ക് ഒരാൾ കൊട്ടാരത്തിലേക്കു പോകും; രാവിലെ ഉപഭാര്യമാരുടെ ചുമതലക്കാരനായ ശയസ്ഗസ് എന്ന ഷണ്ഡന്റെ മേൽനോട്ടത്തിലുള്ള രണ്ടാം അന്തഃപുരത്തിലേക്കു മടങ്ങും. രാജാവിനു പ്രീതി തോന്നി പേരു പറഞ്ഞു വിളിച്ചാലല്ലാതെ വീണ്ടും അവൾക്ക് രാജസന്നിധിയിൽ പ്രവേശിക്കാൻ അനുവാദമില്ലായിരുന്നു. മൊർദ്ദെഖായി സ്വന്തം മകളായി സ്വീകരിച്ചിരുന്നവളും പിതൃസഹോദരൻ അബീഹയിലിന്റെ പുത്രിയുമായ എസ്ഥേറിനു രാജസന്നിധിയിൽ ചെല്ലാനുള്ള ഊഴമായപ്പോൾ അന്തഃപുരപാലകനായ ഹേഗായി എന്ന ഷണ്ഡൻ നിർദ്ദേശിച്ചവയല്ലാതെ മറ്റൊന്നും അവൾ ആവശ്യപ്പെട്ടില്ല. എസ്ഥേറിനെ കണ്ട എല്ലാവർക്കും അവളിൽ പ്രീതി തോന്നി. അഹശ്വേരോശ്‍രാജാവിന്റെ വാഴ്ചയുടെ ഏഴാം വർഷം പത്താം മാസമായ തേബേത്ത് മാസത്തിൽ എസ്ഥേറിനെ രാജസന്നിധിയിൽ കൊണ്ടുചെന്നു. മറ്റെല്ലാ സ്‍ത്രീകളെക്കാളും കൂടുതലായി രാജാവ് എസ്ഥേറിനെ സ്നേഹിച്ചു. അങ്ങനെ എല്ലാ കന്യകമാരെക്കാളും രാജാവിന്റെ പ്രസാദത്തിനും പ്രീതിക്കും അവൾ പാത്രമായി; അതുകൊണ്ടു രാജകിരീടം അവളുടെ തലയിൽവച്ച് അവളെ വസ്ഥിക്കു പകരം രാജ്ഞിയാക്കി. പിന്നീട് രാജാവ് തന്റെ എല്ലാ പ്രഭുക്കന്മാർക്കും ഉദ്യോഗസ്ഥന്മാർക്കും എസ്ഥേറിന്റെ പേരിൽ ഒരു വലിയ വിരുന്നു കഴിച്ചു. സംസ്ഥാനങ്ങൾക്ക് നികുതിയിളവ് അനുവദിക്കുകയും രാജപദവിക്കൊത്ത് ഉദാരമായി സമ്മാനങ്ങൾ കൊടുക്കുകയും ചെയ്തു.

ESTHERI 2 വായിക്കുക