ESTHERI 1:10-22

ESTHERI 1:10-22 MALCLBSI

ഏഴാം ദിവസം വീഞ്ഞുകുടിച്ച് ആനന്ദിച്ചിരിക്കുമ്പോൾ അഹശ്വേരോശ്‍രാജാവ് രാജസേവകരായ മെഹൂമാൻ, ബിസ്ഥാ, ഹർബോനാ, ബിഗ്ധാ, അബഗ്ധാ, സേഥർ, കർക്കസ് എന്നീ ഏഴു ഷണ്ഡന്മാരോട് കല്പിച്ചു: ജനത്തെയും പ്രഭുക്കന്മാരെയും രാജ്ഞിയുടെ സൗന്ദര്യം കാണിക്കാൻ അവരെ രാജകീയകിരീടം ധരിപ്പിച്ചു രാജസന്നിധിയിൽ കൊണ്ടുവരിക.” രാജ്ഞി കാഴ്ചയിൽ സുമുഖി ആയിരുന്നു. എന്നാൽ രാജകല്പന അനുസരിച്ചു രാജസന്നിധിയിൽ ചെല്ലാൻ രാജ്ഞി വിസമ്മതിച്ചു. അപ്പോൾ രാജാവിന്റെ കോപം ജ്വലിച്ചു. നിയമത്തിലും ന്യായത്തിലും പാണ്ഡിത്യമുള്ളവരോട് ആലോചന ചോദിക്കുക രാജാവിന്റെ പതിവായിരുന്നു. രാജാവ് അവരോട് അന്വേഷിച്ചു. രാജാവിനോട് അടുത്തു കഴിയുന്നവരും തന്റെ രാജ്യത്തെ പ്രമുഖരും പേർഷ്യയിലെയും മേദ്യയിലെയും പ്രഭുക്കന്മാരുമായ കെർശനാ, ശേഥാർ, അദ്മാഥ, തർശീശ്, മേരെസ്, മർസെന, മെമൂഖാൻ എന്നീ ഏഴു പേരോടു രാജാവ് ചോദിച്ചു: “നിയമമനുസരിച്ച് വസ്ഥിരാജ്ഞിയോട് എന്തു ചെയ്യണം? അഹശ്വേരോശ്‍രാജാവ് ഷണ്ഡന്മാർ മുഖേന അറിയിച്ച കല്പന അവർ അനുസരിച്ചില്ലല്ലോ.” രാജാവിനോടും പ്രഭുക്കന്മാരോടുമായി മെമൂഖാൻ പറഞ്ഞു: “വസ്ഥിരാജ്ഞി രാജാവിനോടു മാത്രമല്ല, എല്ലാ പ്രഭുക്കന്മാരോടും രാജാവിന്റെ എല്ലാ സംസ്ഥാനങ്ങളിലുമുള്ള സകല ജനത്തോടും തെറ്റു ചെയ്തിരിക്കുന്നു. രാജ്ഞിയുടെ ഈ പെരുമാറ്റം സ്‍ത്രീകളെല്ലാം അറിയും. “തന്റെ മുമ്പിൽ വരാൻ അഹശ്വേരോശ്‍രാജാവ് കല്പിച്ചിട്ടും വസ്ഥിരാജ്ഞി ചെന്നില്ലല്ലോ’ എന്നു പറഞ്ഞ് അവർ ഭർത്താക്കന്മാരെ നിന്ദിക്കും. രാജ്ഞിയുടെ പെരുമാറ്റത്തെക്കുറിച്ചു കേട്ട പേർഷ്യയിലെയും മേദ്യയിലെയും പ്രഭുപത്നിമാരും ഭർത്താക്കന്മാരോട് അങ്ങനെതന്നെ പറയും; അങ്ങനെ അനാദരവും അമർഷവും ദേശത്തെല്ലാം ഉണ്ടാകും. രാജാവിനു സമ്മതമെങ്കിൽ വസ്ഥിരാജ്ഞി മേലിൽ അഹശ്വേരോശ്‍രാജാവിന്റെ സന്നിധിയിൽ വരരുത് എന്നു കല്പന പുറപ്പെടുവിക്കണം; അതിനു മാറ്റം വരാതിരിക്കാൻ പേർഷ്യരുടെയും മേദ്യരുടെയും നിയമപുസ്തകത്തിൽ അത് എഴുതിച്ചേർക്കണം. രാജ്ഞിസ്ഥാനം അവരെക്കാൾ ഉത്തമയായ മറ്റൊരുവൾക്കു കൊടുക്കുകയും വേണം. വിസ്തൃതമായ രാജ്യമെങ്ങും കല്പന പ്രസിദ്ധമാകുമ്പോൾ വലിയവരും ചെറിയവരുമായ സകല സ്‍ത്രീകളും തങ്ങളുടെ ഭർത്താക്കന്മാരെ ബഹുമാനിക്കും.” ഇതു രാജാവിനും പ്രഭുക്കന്മാർക്കും ഹിതകരമായി; രാജാവ് മെമൂഖാന്റെ നിർദ്ദേശംപോലെ പ്രവർത്തിച്ചു. ഓരോ പുരുഷനും തന്റെ വീട്ടിൽ അധിപനായിരിക്കണമെന്നും സ്വന്തഭാഷ സംസാരിക്കണമെന്നും ആജ്ഞാപിച്ചുകൊണ്ട് രാജാവ് എല്ലാ സംസ്ഥാനങ്ങളിലേക്കും കത്തുകൾ അയച്ചു. ഓരോ സംസ്ഥാനത്തേക്കും അതിന്റെ ലിപിയിലും ഓരോ ജനതയ്‍ക്കും അവരുടെ ഭാഷയിലും ആയിരുന്നു കത്തുകൾ അയച്ചത്.

ESTHERI 1 വായിക്കുക