THUHRILTU 5:10-20

THUHRILTU 5:10-20 MALCLBSI

പണക്കൊതിയന് എത്ര കിട്ടിയാലും തൃപ്തി വരികയില്ല; ധനമോഹിക്ക് എത്ര സമ്പാദിച്ചാലും മതിവരികയില്ല. ഇതും മിഥ്യതന്നെ. വിഭവങ്ങൾ ഏറുമ്പോൾ അവകൊണ്ടു പോറ്റേണ്ടവരുടെ എണ്ണവും പെരുകുന്നു; കണ്ണുകൊണ്ടു കാണാമെന്നല്ലാതെ ഉടമസ്ഥന് അവകൊണ്ട് എന്തു പ്രയോജനം? അല്പമോ, അധികമോ ഭക്ഷിച്ചാലും അധ്വാനിക്കുന്നവനു സുഖനിദ്ര ലഭിക്കുന്നു; എന്നാൽ അമിതസമ്പത്തു സമ്പന്നന്റെ ഉറക്കം കെടുത്തുന്നു. ആകാശത്തിനു കീഴെ ശോചനീയമായ ഒരു വസ്തുത ഞാൻ കണ്ടിരിക്കുന്നു; സമ്പന്നൻ തന്റെ അനർഥത്തിനായി ധനം കാത്തുസൂക്ഷിക്കുന്നു. താൻ ഏർപ്പെട്ട സാഹസയത്നത്തിൽ അതു നഷ്ടപ്പെടുന്നു; തന്റെ പുത്രനു നല്‌കാൻ അയാളുടെ കൈയിൽ ഒന്നും അവശേഷിക്കുന്നില്ല. അമ്മയുടെ ഉദരത്തിൽനിന്നു പുറത്തുവന്നതുപോലെ അവൻ നഗ്നനായി മടങ്ങിപ്പോകും. അവന്റെ അധ്വാനഫലത്തിൽനിന്ന് ഒന്നും കൊണ്ടുപോകാൻ അവനു സാധ്യമല്ല. ഇതും വല്ലാത്ത കഷ്ടംതന്നെ; വന്നത് എങ്ങനെയോ അതേപടി തിരിച്ചു പോകുന്നു. അധ്വാനം വ്യർഥമെങ്കിൽ എന്തു നേട്ടം? അതു മാത്രമോ, അവന്റെ ആയുഷ്കാലം മുഴുവൻ അന്ധകാരത്തിലും ദുഃഖത്തിലും രോഗത്തിലും മനശ്ശല്യത്തിലും അസംതൃപ്തിയിലും കഴിയേണ്ടി വരുന്നു. ദൈവം നല്‌കിയ ഹ്രസ്വജീവിതം തിന്നുകുടിച്ചും അധ്വാനഫലം ആസ്വദിച്ചും കഴിയുന്നതാണു മനുഷ്യന് ഉചിതവും ഉത്തമവുമായി ഞാൻ കാണുന്നത്. അതാണല്ലോ അവന്റെ ഗതി. ധനവും ഐശ്വര്യവും അവ അനുഭവിക്കാനുള്ള കഴിവും ദൈവമാണു നല്‌കുന്നത്; അവ ലഭിച്ചവൻ ദൈവത്തിന്റെ അനുഗ്രഹം സ്വീകരിച്ചു തന്റെ പ്രയത്നങ്ങളിൽ ആനന്ദിക്കട്ടെ. അത് ദൈവത്തിന്റെ ദാനമാണ്. ദൈവം അവന്റെ ദിനങ്ങളെ ആനന്ദനിർഭരമാക്കിയിരിക്കുന്നതിനാൽ തന്റെ ആയുസ്സിന്റെ ദിനങ്ങൾ കൊഴിഞ്ഞുപോകുന്നത് അവൻ അറിയുകയേയില്ല.

THUHRILTU 5 വായിക്കുക