ബാബിലോണിലെ വിദ്വാന്മാരെ സംഹരിക്കാൻ രാജാവു നിയോഗിച്ച അര്യോക്കിനെ സമീപിച്ചു ദാനിയേൽ പറഞ്ഞു: “ബാബിലോണിലെ വിദ്വാന്മാരെ നശിപ്പിക്കരുത്; എന്നെ രാജസന്നിധിയിലേക്കു കൊണ്ടുപോകുക; സ്വപ്നസാരം ഞാൻ രാജാവിനെ അറിയിക്കാം.” അര്യോക്ക് ഉടൻതന്നെ ദാനിയേലിനെ രാജാവിന്റെ അടുക്കൽ കൂട്ടിക്കൊണ്ടു ചെന്നു പറഞ്ഞു: “അവിടുത്തെ സ്വപ്നത്തിന്റെ പൊരുൾ അറിയിക്കാൻ കഴിവുള്ള ഒരാളെ യെഹൂദാപ്രവാസികളുടെ ഇടയിൽ ഞാൻ കണ്ടെത്തിയിരിക്കുന്നു.” അപ്പോൾ രാജാവ് ബേൽത്ത്ശസ്സർ എന്നും പേരുള്ള ദാനിയേലിനോട് ചോദിച്ചു: “നാം കണ്ട സ്വപ്നവും അതിന്റെ അർഥവും നിനക്കു പറയാമോ?” ദാനിയേൽ പറഞ്ഞു: “അവിടുന്നു ചോദിച്ച നിഗൂഢകാര്യം വിദ്വാന്മാർക്കോ ആഭിചാരകന്മാർക്കോ ജ്യോതിശാസ്ത്രജ്ഞർക്കോ മന്ത്രവാദികൾക്കോ അങ്ങയെ അറിയിക്കാൻ കഴിയുന്നതല്ല; എന്നാൽ നിഗൂഢരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ഒരു ദൈവം സ്വർഗത്തിലുണ്ട്; ഭാവികാലത്ത് എന്താണു സംഭവിക്കാൻ പോകുന്നതെന്ന് ആ ദൈവം നെബുഖദ്നേസർരാജാവിനെ അറിയിച്ചിരിക്കുന്നു. അവിടുന്നു കിടക്കയിൽവച്ചു കണ്ട സ്വപ്നവും ദർശനങ്ങളും എന്തായിരുന്നെന്നു ഞാൻ പറയാം.” “മഹാരാജാവേ, ഇനി സംഭവിക്കാൻ പോകുന്നത് എന്താണെന്നുള്ള ചിന്ത കിടക്കയിൽവച്ച് തിരുമനസ്സിലുണ്ടായി. നിഗൂഢരഹസ്യങ്ങൾ വെളിപ്പെടുത്തുന്ന ദൈവം സംഭവിക്കാൻ പോകുന്നത് എന്തെന്ന് അങ്ങയെ അറിയിച്ചിരിക്കുന്നു. മറ്റാരേക്കാളും അധികമായ ജ്ഞാനം എനിക്കുണ്ടായിട്ടല്ല, ഈ നിഗൂഢരഹസ്യം എനിക്കു വെളിപ്പെടുത്തപ്പെട്ടിരിക്കുന്നത്. പിന്നെയോ ഇതിന്റെ പൊരുൾ അങ്ങ് അറിയാനും അങ്ങയുടെ ഹൃദയവിചാരം ഗ്രഹിക്കാനുമാണ്. രാജാവേ, അങ്ങു കണ്ട ദർശനം ഇതാണ്. ഒരു വലിയ പ്രതിമ, വലുതും ശോഭയേറിയതുമായ ആ പ്രതിമ അവിടുത്തെ മുമ്പിൽ നിന്നു. ഭീതി ജനിപ്പിക്കുന്ന ഒരു ദൃശ്യമായിരുന്നു അത്. അതിന്റെ ശിരസ്സ് തനിത്തങ്കംകൊണ്ടും നെഞ്ചും കരങ്ങളും വെള്ളികൊണ്ടും വയറും തുടകളും ഓടുകൊണ്ടും കാലുകൾ ഇരുമ്പുകൊണ്ടും പാദങ്ങൾ ഇരുമ്പും കളിമണ്ണുംകൊണ്ടുമാണ് നിർമിച്ചിരുന്നത്. അവിടുന്ന് ആ പ്രതിമയിൽ നോക്കിക്കൊണ്ടിരിക്കുമ്പോൾ ആരും തൊടാതെ ഒരു കല്ല് അടർന്നുവീണ് ബിംബത്തിന്റെ ഇരുമ്പും കളിമണ്ണും കൊണ്ടു നിർമിച്ച പാദങ്ങൾ ഇടിച്ചു തകർത്തു. അപ്പോൾ ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും പൊന്നുമെല്ലാം വേനൽക്കാലത്ത് മെതിക്കളത്തിലെ പതിരുപോലെ തവിടുപൊടിയായി. അവയുടെ പൊടിപോലും എങ്ങും കാണാത്തവിധം കാറ്റ് അവയെ പറത്തിക്കൊണ്ടുപോയി. പ്രതിമയുടെമേൽ വന്നുവീണ കല്ല് ഒരു മഹാപർവതമായി വളർന്നു ഭൂമിയിൽ എല്ലായിടവും നിറഞ്ഞു. ഇതായിരുന്നു രാജാവിന്റെ സ്വപ്നം. ഇതിന്റെ സാരവും ഞാൻ അവിടുത്തോടു പറയാം: മഹാരാജാവേ, അങ്ങു രാജാധിരാജനാകുന്നു; സ്വർഗസ്ഥനായ ദൈവം അങ്ങേക്കു രാജ്യവും ശക്തിയും മഹത്ത്വവും ബഹുമാനവും നല്‌കിയിരിക്കുന്നു. സർവമനുഷ്യരെയും മൃഗങ്ങളെയും പക്ഷികളെയും ദൈവം അങ്ങയെ ഏല്പിച്ചു; അങ്ങയെ എല്ലാറ്റിന്റെയും അധിപതിയാക്കിയിരിക്കുന്നു. അങ്ങാണ് തങ്കനിർമിതമായ ശിരസ്സ്. അങ്ങേക്കു ശേഷം ഒരു രാജ്യവുംകൂടി ഉണ്ടാകും. അത് അങ്ങയുടേതിനൊപ്പം വലുതായിരിക്കുകയില്ല. മൂന്നാമത്തെ രാജ്യം ഓടുകൊണ്ടുള്ളതാണ്. അതു ഭൂമി മുഴുവൻ അടക്കി ഭരിക്കും; നാലാമത്തെ രാജ്യം ഇരുമ്പുപോലെ ബലമുള്ളതായിരിക്കും; ഇരുമ്പ്, സകലത്തെയും ഇടിച്ചു തകർത്തുകളയുന്നതുപോലെ അത് എല്ലാറ്റിനെയും ഇടിച്ചു തകർക്കും. അങ്ങു ദർശിച്ചതുപോലെ പാദങ്ങളും വിരലുകളും ഇരുമ്പും കളിമണ്ണും കൊണ്ടാണല്ലോ നിർമിച്ചിരിക്കുന്നത്. അത് വിഭജിക്കപ്പെട്ട ഒരു രാജ്യമായിരിക്കും. അതിന് ഇരുമ്പിൻറേതുപോലെ ശക്തിയുണ്ടായിരിക്കും. അത് ഇരുമ്പും കളിമണ്ണും ചേർന്നതാണല്ലോ. കാലിന്റെ വിരലുകൾ ഭാഗികമായി ഇരുമ്പും കളിമണ്ണും കൊണ്ടുള്ളതായിരുന്നതുപോലെ ആ രാജ്യം ഭാഗികമായി ശക്തവും ഭാഗികമായി ദുർബലവുമായിരിക്കും. ഇരുമ്പും കളിമണ്ണും സമ്മിശ്രിതമായിരിക്കുന്നതായി അങ്ങു കണ്ടതുപോലെ ഈ രാജാക്കന്മാരുടെ കാലത്ത് അവരുടെ കുടുംബങ്ങൾ അന്യോന്യം വിവാഹബന്ധത്തിൽ ഏർപ്പെടും. എന്നാൽ ഇരുമ്പും കളിമണ്ണും തമ്മിൽ ചേരാതിരിക്കുന്നതുപോലെ അവർ തമ്മിൽ ചേരുകയില്ല. ഈ രാജാക്കന്മാരുടെ കാലത്തു സ്വർഗസ്ഥനായ ദൈവം ഒരു രാജ്യം സ്ഥാപിക്കും. അത് അനശ്വരമായിരിക്കും. അതു വേറൊരു ജനതയ്‍ക്ക് ഏല്പിച്ചു കൊടുക്കുകയുമില്ല. ഈ രാജ്യങ്ങളെയെല്ലാം അതു പൂർണമായി നശിപ്പിക്കുകയും അത് എന്നേക്കും നിലനില്‌ക്കുകയും ചെയ്യും. ആരും തൊടാതെ ഒരു കല്ല് പർവതത്തിൽനിന്ന് അടർന്നു വീണ് ഇരുമ്പും കളിമണ്ണും ഓടും വെള്ളിയും സ്വർണവും തകർത്തുകളഞ്ഞതായി അവിടുന്നു കണ്ടല്ലോ. ഭാവിയിൽ സംഭവിക്കാൻ പോകുന്നത് ഉന്നതനായ ദൈവം അങ്ങയെ അറിയിക്കുകയാണു അതുമൂലം ചെയ്തിരിക്കുന്നത്. സ്വപ്നവും അതിന്റെ സാരവും ഇതുതന്നെ. അപ്പോൾ നെബുഖദ്നേസർരാജാവു സാഷ്ടാംഗം വീണു ദാനിയേലിനെ നമസ്കരിച്ചു. അദ്ദേഹത്തിനുവേണ്ടി ഒരു വഴിപാടും ധൂപാർച്ചനയും നടത്തണമെന്നും രാജാവു കല്പിച്ചു. പിന്നീടു ദാനിയേലിനോടു പറഞ്ഞു: “താങ്കൾ ഈ രഹസ്യം വെളിപ്പെടുത്താൻ പ്രാപ്തനായതുകൊണ്ടു നിശ്ചയമായും നിങ്ങളുടെ ദൈവം ദൈവാധിദൈവവും രാജാധിരാജനും ആകുന്നു. അവിടുന്നു നിഗൂഢരഹസ്യങ്ങൾ വെളിപ്പെടുത്തുന്നു.
DANIELA 2 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: DANIELA 2:24-47
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ