DANIELA 2:1-16

DANIELA 2:1-16 MALCLBSI

രാജ്യഭാരം ഏറ്റതിന്റെ രണ്ടാംവർഷം നെബുഖദ്നേസർ രാജാവ് ചില സ്വപ്നങ്ങൾ കണ്ടു. അദ്ദേഹത്തിന്റെ മനസ്സ് അസ്വസ്ഥമായി തീർന്നതുകൊണ്ട് ഉറങ്ങാൻ കഴിഞ്ഞില്ല. രാജ്യത്തെ മന്ത്രവാദികളെയും ക്ഷുദ്രപ്രയോഗം ചെയ്യുന്നവരെയും ആഭിചാരകരെയും ബാബിലോണ്യരായ വിദ്വാന്മാരെയുമെല്ലാം തന്റെ സ്വപ്നം വിവരിക്കാൻവേണ്ടി വിളിച്ചുകൂട്ടാൻ രാജാവു കല്പിച്ചു. അവർ എല്ലാവരും രാജസന്നിധിയിലെത്തി. രാജാവ് അവരോടു പറഞ്ഞു: “ഞാൻ ഒരു സ്വപ്നം കണ്ടു; അതിന്റെ അർഥം അറിയാൻ എന്റെ മനസ്സു വെമ്പൽകൊള്ളുന്നു.” അപ്പോൾ ബാബിലോണ്യരായ വിദ്വാന്മാർ പറഞ്ഞു: “മഹാരാജാവേ, അങ്ങു നീണാൾ വാഴട്ടെ! അവിടുന്നു കണ്ട സ്വപ്നം എന്താണെന്ന് അടിയങ്ങളോടു പറഞ്ഞാലും; ഞങ്ങൾ അതിന്റെ അർഥം പറയാം.” രാജാവു പ്രതിവചിച്ചു: “നമ്മുടെ വാക്കിനു മാറ്റമില്ല. ഞാൻ കണ്ട സ്വപ്നവും അതിന്റെ അർഥവും എന്തെന്നു പറഞ്ഞില്ലെങ്കിൽ നിങ്ങളെ കഷണം കഷണമായി നുറുക്കുകയും നിങ്ങളുടെ ഭവനങ്ങൾ കുപ്പക്കുന്നാക്കുകയും ചെയ്യും. സ്വപ്നവും വ്യാഖ്യാനവും പറഞ്ഞാൽ നിങ്ങൾക്ക് സമ്മാനങ്ങളും ബഹുമതികളും ലഭിക്കും. അതുകൊണ്ട് സ്വപ്നവും അതിന്റെ അർഥവും എന്താണെന്നു പറയുക.” അവർ രാജാവിനോടു വീണ്ടും പറഞ്ഞു: “സ്വപ്നം എന്തെന്നു കല്പിച്ചരുളിയാലും. ഞങ്ങൾ അതിന്റെ അർഥം പറയാം.” രാജാവു മറുപടി പറഞ്ഞു: “ഞാൻ വിധി കല്പിച്ചു കഴിഞ്ഞു. എന്റെ വാക്കിനു മാറ്റമില്ലെന്നറിഞ്ഞുകൊണ്ടു കൂടുതൽ സമയം ലഭിക്കാൻവേണ്ടി നിങ്ങൾ ശ്രമിക്കയാണെന്ന് എനിക്കറിയാം. സ്വപ്നം എന്തെന്ന് പറയാതിരുന്നാൽ നിങ്ങൾക്ക് എല്ലാവർക്കും ഒരേ ശിക്ഷയായിരിക്കും ലഭിക്കുക; സമയം കുറെ കഴിയുമ്പോൾ ഈ സ്ഥിതിക്ക് മാറ്റം വരും എന്നു കരുതി എന്റെ മുമ്പിൽ പൊളിയും വ്യാജവചനങ്ങളും പറയാൻ നിങ്ങൾ ഒത്തുകൂടിയിരിക്കുന്നു. സ്വപ്നം എന്തെന്നു പറയുക. അപ്പോൾ അതിന്റെ അർഥവും പറയാൻ നിങ്ങൾക്കു കഴിയും.” ബാബിലോണ്യരായ വിദ്വാന്മാർ ഇങ്ങനെ ബോധിപ്പിച്ചു: “മഹാരാജാവേ, അങ്ങ് ആവശ്യപ്പെട്ടതു പറയാൻ കഴിവുള്ള ഒരു മനുഷ്യനും ഭൂമിയിൽ കാണുകയില്ല. മഹാനും ബലവാനുമായ ഒരു രാജാവും ഇങ്ങനെ ഒരു കാര്യം ഒരു മാന്ത്രികനോടും ആഭിചാരകനോടും ബാബിലോണിലെ വിദ്വാന്മാരോടും ആവശ്യപ്പെട്ടിട്ടില്ല. അങ്ങ് പറയുന്ന കാര്യം പ്രയാസമുള്ളതാണ്. അതു വ്യക്തമാക്കിത്തരാൻ ദേവന്മാർക്കല്ലാതെ മറ്റാർക്കും സാധ്യമല്ല. അവർ മനുഷ്യരുടെ ഇടയിൽ അല്ലല്ലോ വസിക്കുന്നത്.” ഇതു കേട്ടപ്പോൾ രാജാവ് അത്യന്തം കുപിതനായി; ബാബിലോണിലെ സകല വിദ്വാന്മാരെയും സംഹരിക്കാൻ ഉത്തരവിട്ടു. അങ്ങനെ എല്ലാ വിദ്വാന്മാരെയും വധിക്കാനുള്ള കല്പന പുറപ്പെടുവിച്ചു. ദാനിയേലിനെയും കൂട്ടുകാരെയും കൊല്ലാൻ അവർ അന്വേഷിച്ചു. എന്നാൽ ബാബിലോണിലെ വിദ്വാന്മാരെ വധിക്കാൻ പുറപ്പെട്ട രാജാവിന്റെ അകമ്പടിസേനാനായകനായ അര്യോക്കിനോടു ദാനിയേൽ ബുദ്ധിയോടും വിവേകത്തോടും സംസാരിച്ചു. ദാനിയേൽ അര്യോക്കിനോടു ചോദിച്ചു: “രാജാവ് ഇത്ര കഠിനമായ കല്പന പുറപ്പെടുവിക്കാൻ കാരണം എന്ത്?” സംഭവിച്ചതെല്ലാം അര്യോക്ക് ദാനിയേലിനെ അറിയിച്ചു. ദാനിയേൽ രാജസന്നിധിയിലെത്തി തനിക്ക് ഒരവസരം നല്‌കണമെന്നും സ്വപ്നത്തിന്റെ അർഥം താൻ പറയാമെന്നും രാജാവിനെ അറിയിച്ചു.

DANIELA 2 വായിക്കുക