DANIELA 1:1-8

DANIELA 1:1-8 MALCLBSI

യെഹൂദാരാജാവായ യെഹോയാക്കീമിന്റെ വാഴ്ചയുടെ മൂന്നാംവർഷം ബാബിലോൺരാജാവായ നെബുഖദ്നേസർ യെരൂശലേമിനെ ഉപരോധിച്ചു. യെഹോയാക്കീംരാജാവിനെ കീഴടക്കാനും ദൈവത്തിന്റെ ആലയത്തിലെ ചില പാത്രങ്ങൾ കൈവശപ്പെടുത്താനും സർവേശ്വരൻ അദ്ദേഹത്തെ അനുവദിച്ചു. നെബുഖദ്നേസർ യെഹോയാക്കീമിനെ ആ പാത്രങ്ങളോടൊപ്പം ശിനാർദേശത്തുള്ള തന്റെ ദേവന്റെ ക്ഷേത്രത്തിലേക്ക് കൊണ്ടുവന്നു. പാത്രങ്ങൾ ക്ഷേത്രഭണ്ഡാരത്തിൽ വച്ചു. പിന്നീട് രാജാവ് തന്റെ രാജകൊട്ടാരത്തിലെ സേവകന്മാരിൽ മുഖ്യനായ അശ്പെനാസിനെ വിളിച്ച് കല്പിച്ചു: കൊട്ടാരത്തിൽ സേവനം അനുഷ്ഠിക്കാൻ യോഗ്യരായ ഏതാനും പേരെ ഇസ്രായേല്യരിൽനിന്ന് കൊണ്ടുവരിക; അവർ രാജകുടുംബാംഗങ്ങളും കുലീനത്വം ഉള്ളവരും അംഗവൈകല്യമില്ലാത്തവരും സുമുഖരും പ്രതിഭാശാലികളും അഭിഞ്ജരും വിവേകശാലികളും ആയിരിക്കണം. ബാബിലോണ്യരുടെ എഴുത്തും വായനയും അവരെ അഭ്യസിപ്പിക്കണം. രാജാവു ഭക്ഷിക്കുന്ന വിശിഷ്ടഭോജ്യങ്ങളും അദ്ദേഹം പാനംചെയ്യുന്ന വീഞ്ഞും അവർക്കു നല്‌കണമെന്നും മൂന്നുവർഷത്തെ പരിശീലനം കഴിഞ്ഞ് അവരെ രാജസമക്ഷം ഹാജരാക്കണമെന്നും കല്പിച്ചിരുന്നു. ഇങ്ങനെ തിരഞ്ഞെടുക്കപ്പെട്ടവരിൽ യെഹൂദാഗോത്രക്കാരായ ദാനിയേൽ, ഹനന്യാ, മീശായേൽ, അസര്യാ എന്നിവർ ഉണ്ടായിരുന്നു. രാജകൊട്ടാരത്തിലെ സേവകപ്രമാണി ദാനിയേലിനു ബേൽത്ത്ശസ്സർ എന്നും ഹനന്യാക്കു ശദ്രക് എന്നും മീശായേലിനു മേശക് എന്നും അസര്യാക്കു അബേദ്-നെഗോ എന്നും പേരിട്ടു. രാജാവിന്റെ വിശിഷ്ടഭോജ്യങ്ങളും അദ്ദേഹം പാനം ചെയ്യുന്ന വീഞ്ഞും കഴിച്ചു താൻ ആചാരപരമായി അശുദ്ധനാകുകയില്ലെന്നു ദാനിയേൽ നിശ്ചയിച്ചു. അതിനാൽ താൻ മലിനനാകാതിരിക്കാൻ അനുവദിക്കണമെന്ന് രാജസേവകപ്രമാണിയോടു ദാനിയേൽ അപേക്ഷിച്ചു.

DANIELA 1 വായിക്കുക