TIRHKOHTE 9:10-22

TIRHKOHTE 9:10-22 MALCLBSI

ദമാസ്കസിൽ അനന്യാസ് എന്ന ഒരു ക്രിസ്തുശിഷ്യനുണ്ടായിരുന്നു. അദ്ദേഹത്തിന് ഒരു ദർശനമുണ്ടായി. ദർശനത്തിൽ “അനന്യാസേ,” എന്നു വിളിക്കുന്നതു കേട്ട്, “കർത്താവേ അടിയൻ ഇതാ” എന്ന് അദ്ദേഹം പറഞ്ഞു. അപ്പോൾ കർത്താവ് അദ്ദേഹത്തോടു കല്പിച്ചു: “നീ നേർവീഥി എന്ന തെരുവിൽ യൂദയുടെ വീട്ടിൽ ചെന്ന് തർസൊസുകാരനായ ശൗൽ എന്നയാളിനെ അന്വേഷിക്കുക; അവൻ പ്രാർഥിക്കുന്നു. തനിക്കു കാഴ്ച തിരിച്ചു കിട്ടുന്നതിനായി അനന്യാസ് എന്നൊരാൾ വന്നു തന്റെ തലയിൽ കൈകൾ വയ്‍ക്കുന്നതായി ഒരു ദർശനത്തിൽ അവൻ കണ്ടിരിക്കുന്നു.” അനന്യാസ് അതിനു മറുപടിയായി, “കർത്താവേ, യെരൂശലേമിലുള്ള അവിടുത്തെ ഭക്തജനങ്ങൾക്ക് ആ മനുഷ്യൻ വളരെ അധികം ദ്രോഹം ചെയ്തിരിക്കുന്നു എന്നു പലരും പറഞ്ഞു ഞാൻ കേട്ടിട്ടുണ്ട്; ഇവിടെയും അവിടുത്തെ നാമം വിളിച്ചപേക്ഷിക്കുന്നവരെ ബന്ധനസ്ഥരാക്കാൻ മഹാപുരോഹിതന്മാരുടെ അധികാരപത്രവുമായിട്ടാണ് അയാൾ വന്നിരിക്കുന്നത്” എന്നു പറഞ്ഞു. കർത്താവ് അനന്യാസിനോട്, “എങ്കിലും നീ പോകണം; വിജാതീയരുടെയും രാജാക്കന്മാരുടെയും ഇസ്രായേൽജനതയുടെയും മുമ്പിൽ എന്റെ നാമം വഹിക്കുന്നതിന് ഞാൻ തിരഞ്ഞെടുത്തിരിക്കുന്ന പാത്രമാണ് അയാൾ. എനിക്കുവേണ്ടി എന്തെല്ലാം കഷ്ടതകൾ അയാൾ സഹിക്കേണ്ടതുണ്ട് എന്നു ഞാൻ തന്നെ അയാൾക്കു കാണിച്ചുകൊടുക്കും” എന്നു പറഞ്ഞു. അതനുസരിച്ച് അനന്യാസ് ആ വീട്ടിൽ ചെന്നു, ശൗലിന്റെമേൽ കൈകൾ വച്ചുകൊണ്ട് പറഞ്ഞു: “ശൗലേ, സഹോദരാ, കാഴ്ചപ്രാപിക്കേണ്ടതിനും പരിശുദ്ധാത്മാവിന്റെ പൂർണമായ നിറവ് താങ്കളിലുണ്ടാകേണ്ടതിനും വഴിയിൽവച്ചു താങ്കൾക്കു പ്രത്യക്ഷനായ യേശു എന്ന കർത്താവ് എന്നെ ഇവിടേക്ക് അയച്ചിരിക്കുന്നു.” ഉടനെ ശൗലിന്റെ കണ്ണിൽനിന്ന് ചെതുമ്പൽപോലെ ഏതോ ഒന്നു താഴെ വീണു. തൽക്ഷണം അദ്ദേഹത്തിനു വീണ്ടും കാഴ്ച ലഭിച്ചു; ഉടനെതന്നെ സ്നാപനം സ്വീകരിക്കുകയും ഭക്ഷണം കഴിച്ചു ശക്തി പ്രാപിക്കുകയും ചെയ്തു. ദമാസ്കസിലുണ്ടായിരുന്ന ക്രിസ്തു ശിഷ്യന്മാരോടുകൂടി ശൗൽ കുറെനാൾ പാർത്തു. താമസംവിനാ, യേശു ദൈവപുത്രൻ തന്നെ എന്ന് അദ്ദേഹം സുനഗോഗുകളിൽ പ്രഖ്യാപനം ചെയ്തു തുടങ്ങി. അദ്ദേഹത്തിന്റെ പ്രഭാഷണം കേട്ടവരെല്ലാം അദ്ഭുതപ്പെട്ടു. അവർ ചോദിച്ചു: “ഈ മനുഷ്യനല്ലേ യെരൂശലേമിൽ യേശുവിന്റെ നാമം ഉച്ചരിക്കുന്നവരെയെല്ലാം നശിപ്പിച്ചുകൊണ്ടിരുന്നത്? അങ്ങനെയുള്ളവരെ പിടിച്ചുകെട്ടി മുഖ്യപുരോഹിതന്മാരുടെ അടുക്കൽ കൊണ്ടുപോകുവാനല്ലേ അയാൾ ഇവിടെയും വന്നത്?” ശൗലാകട്ടെ, പൂർവാധികം ശക്തിപ്രാപിക്കുകയും യേശുതന്നെ മശിഹാ എന്ന് ശക്തമായി സമർഥിച്ചുകൊണ്ട് ദമാസ്കസിൽ നിവസിച്ചിരുന്ന യെഹൂദന്മാരെ മൊഴിമുട്ടിക്കുകയും ചെയ്തു.

TIRHKOHTE 9 വായിക്കുക

TIRHKOHTE 9:10-22 യുമായി ബന്ധപ്പെട്ട സ്വതന്ത്ര വായനാ പദ്ധതികളും

ഒലിവ്  മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ TIRHKOHTE 9:10-22 സത്യവേദപുസ്തകം C.L. (BSI)

ഒലിവ് മലയിലേക്കൊരു യാത്ര (ഉദ്ദേശ്യപൂര്‍വ്വമായ പ്രാര്‍ത്ഥനയുടെ 15 ചുവടുകള്‍) - ജോസഫ് കുര്യൻ

15 ദിവസം

സഭാസ്ഥാപന പരിശീലകനും വേദാദ്ധ്യാപകനും ഉത്തരഭാരത മിഷനറിയുമായിരുന്ന പാസ്റ്റര്‍ ജോസഫ്‌ കുര്യന്‍, ദൈനംദിന ആത്മീയജീവിതത്തിലെ അവിഭാജ്യഘടകമായി പ്രാര്‍ത്ഥനയെ കാണുന്നവര്‍ക്ക് വേണ്ടിയുള്ള 15 ചുവടുകളാണ് വരച്ചു കാട്ടിയിരിക്കുന്നത്. യേശുവിന്‍റെ ഇഹലോകത്തിലെ പ്രാര്‍ത്ഥനാ ജീവിതം അതിന്‍റെ പൂര്‍ണ്ണതയില്‍ എത്തിയത് ഒലിവ് മലയിലെ പ്രാര്‍ത്ഥനയോട്‌ കൂടിയാണല്ലോ! നാം ഒരു ശുശ്രൂഷ ആരംഭിച്ചിട്ട് ദൈവാനുഗ്രഹത്തിന് വേണ്ടി പ്രാര്‍ത്ഥിക്കുകയല്ല, മറിച്ച് പ്രാര്‍ത്ഥനയാണ് യഥാര്‍ത്ഥ ശുശ്രൂഷ. അതിലൂടെ ബാക്കി എല്ലാം വെളിപ്പെട്ടുവരും.