TIRHKOHTE 4:13-31

TIRHKOHTE 4:13-31 MALCLBSI

പത്രോസിന്റെയും യോഹന്നാന്റെയും ധൈര്യം കാണുകയും അവർ വിദ്യാവിഹീനരായ വെറും സാധാരണക്കാരാണെന്ന് അറിയുകയും ചെയ്തപ്പോൾ, അവിടെ കൂടിയിരുന്നവർ ആശ്ചര്യപ്പെടുകയും അവർ യേശുവിന്റെ സഹചാരികൾ ആയിരുന്നു എന്നു മനസ്സിലാക്കുകയും ചെയ്തു. എന്നാൽ സൗഖ്യം പ്രാപിച്ച മനുഷ്യൻ അപ്പോസ്തോലന്മാരുടെകൂടെ നില്‌ക്കുന്നതു കണ്ടതുകൊണ്ട് അവർക്ക് ഒന്നും എതിർത്തു പറയുവാൻ കഴിഞ്ഞില്ല. അപ്പോസ്തോലന്മാർ പുറത്തിറങ്ങി നില്‌ക്കാൻ സന്നദ്രിംസംഘം ആജ്ഞാപിച്ചു. പിന്നീട് അവർ പരസ്പരം ആലോചിച്ചു: “ഈ മനുഷ്യരെ നാം എന്താണു ചെയ്യുക? പ്രത്യക്ഷമായ ഒരദ്ഭുതം ഇവരിലൂടെ നടന്നിരിക്കുന്നു. അത് യെരൂശലേമിൽ നിവസിക്കുന്ന എല്ലാവരും അറിഞ്ഞുകഴിഞ്ഞു; അതു നിഷേധിക്കുവാൻ നമുക്കു സാധ്യവുമല്ല. എന്നാൽ ജനങ്ങളുടെ ഇടയിൽ ഈ വാർത്ത ഇനിയും പരക്കാതിരിക്കേണ്ടതിന്, അവർ മേലിൽ ആരോടും ഒരിക്കലും ഈ നാമത്തിൽ സംസാരിക്കരുതെന്നു താക്കീതു നല്‌കാം.” അനന്തരം അവർ അപ്പോസ്തോലന്മാരെ വിളിച്ച് യേശുവിന്റെ നാമത്തിൽ സംസാരിക്കുകയോ പഠിപ്പിക്കുകയോ ചെയ്തുപോകരുതെന്ന് കർശനമായി ആജ്ഞാപിച്ചു. എന്നാൽ പത്രോസും യോഹന്നാനും പ്രതിവചിച്ചു: “ദൈവത്തെ അനുസരിക്കുന്നതിലും അധികം നിങ്ങളെ അനുസരിക്കുന്നത് ദൈവത്തിന്റെ ദൃഷ്‍ടിയിൽ ശരിയാണോ? നിങ്ങൾതന്നെ വിധിക്കുക. ഞങ്ങൾ കാണുകയും കേൾക്കുകയും ചെയ്ത കാര്യങ്ങളെക്കുറിച്ചു പ്രസ്താവിക്കാതിരിക്കാൻ ഞങ്ങൾക്കു സാധ്യമല്ല.” എന്നാൽ ആ സംഭവംമൂലം എല്ലാവരും ദൈവത്തെ പുകഴ്ത്തിയതിനാൽ അപ്പോസ്തോലന്മാരെ ശിക്ഷിക്കുവാൻ ഒരു പഴുതും കണ്ടില്ല. അതിനാൽ അവർക്കു വീണ്ടും ശക്തമായ താക്കീതു നല്‌കി വിട്ടയച്ചു. അദ്ഭുതകരമായി സൗഖ്യം ലഭിച്ച ആ മനുഷ്യനു നാല്പതു വയസ്സിനുമേൽ പ്രായമുണ്ടായിരുന്നു. സ്വതന്ത്രരായ ഉടനെ അവർ സഹവിശ്വാസികളുടെ അടുക്കൽ ചെന്ന് പുരോഹിതമുഖ്യന്മാരും ജനപ്രമുഖന്മാരും തങ്ങളോടു പറഞ്ഞ കാര്യങ്ങൾ അവരെ അറിയിച്ചു. ഇതുകേട്ടപ്പോൾ അവർ ഏകമനസ്സോടെ ശബ്ദമുയർത്തി ദൈവത്തോടു പ്രാർഥിച്ചു: “ആകാശവും ഭൂമിയും സമുദ്രവും അവയിലുള്ള സകലവും സൃഷ്‍ടിച്ച സർവേശ്വരാ, ഞങ്ങളുടെ പിതാവും അവിടുത്തെ ദാസനുമായ ദാവീദിനെക്കൊണ്ടു പരിശുദ്ധാത്മാവിനാൽ അങ്ങ് ഇപ്രകാരം പറയിച്ചുവല്ലോ: വിജാതീയർ കോപാകുലരാകുന്നതും, ജനങ്ങൾ വ്യർഥമായതു വിഭാവനം ചെയ്യുന്നതും എന്തുകൊണ്ട്? സർവേശ്വരനും അവിടുത്തെ അഭിഷിക്തനും എതിരെ ഭൂമിയിലെ രാജാക്കന്മാർ അണിനിരക്കുകയും ഭരണാധിപന്മാർ സംഘടിക്കുകയും ചെയ്തിരിക്കുന്നു. “വാസ്തവത്തിൽ അങ്ങയുടെ പരിശുദ്ധദാസനും അങ്ങ് അഭിഷേകം ചെയ്തവനുമായ യേശുവിന് എതിരെ ഈ നഗരത്തിൽ ഹേരോദായും പൊന്തിയോസ് പീലാത്തോസും ഇസ്രായേൽജനത്തോടും വിജാതീയരോടും ഒത്തുചേർന്നു. അതിന്റെ ഫലമായി സംഭവിച്ചത് അങ്ങയുടെ കരബലവും കർമപദ്ധതിയുമനുസരിച്ചു മുൻകൂട്ടി നിശ്ചയിച്ചിരുന്ന കാര്യങ്ങൾ തന്നെയാണ്. അതുകൊണ്ട് കർത്താവേ, ഇപ്പോൾ അവരുടെ ഭീഷണികളെ ശ്രദ്ധിക്കണമേ. അവിടുത്തെ സന്ദേശം സധൈര്യം ഘോഷിക്കുവാൻ അവിടുത്തെ ദാസന്മാർക്കു കൃപയരുളണമേ. രോഗശാന്തിക്കായി അവിടുത്തെ കൈനീട്ടുകയും അവിടുത്തെ പരിശുദ്ധദാസനായ യേശുവിന്റെ നാമത്തിൽ അദ്ഭുതങ്ങളും അടയാളങ്ങളും പ്രവർത്തിക്കുകയും ചെയ്യണമേ”. അവർ ഇങ്ങനെ പ്രാർഥിച്ചപ്പോൾ അവർ കൂടിയിരുന്ന സ്ഥലം കുലുങ്ങി. അവരെല്ലാവരും പരിശുദ്ധാത്മാവുകൊണ്ടു നിറഞ്ഞു; ദൈവത്തിന്റെ സന്ദേശം അവർ സധൈര്യം തുടർന്നു ഘോഷിക്കുകയും ചെയ്തു.

TIRHKOHTE 4 വായിക്കുക