TIRHKOHTE 4:1-12

TIRHKOHTE 4:1-12 MALCLBSI

പത്രോസും യോഹന്നാനും ജനത്തോടു സംസാരിച്ചുകൊണ്ടിരിക്കുമ്പോൾത്തന്നെ, പുരോഹിതന്മാരും ദേവാലയത്തിലെ പടനായകനും സാദൂക്യരും അവരുടെനേരെ ചെന്നു. അപ്പോസ്തോലന്മാർ പ്രബോധിപ്പിക്കുകയും മരണത്തിൽനിന്ന് ഉയിർത്തെഴുന്നേറ്റ യേശുവിന്റെ ദൃഷ്ടാന്തം ഉദ്ധരിച്ചുകൊണ്ട് പുനരുത്ഥാനത്തെപ്പറ്റി പ്രസംഗിക്കുകയും ചെയ്തതിനാൽ അവർക്ക് അമർഷമുണ്ടായി. അവർ അപ്പോസ്തോലന്മാരെ ബന്ധനസ്ഥരാക്കുകയും നേരം വൈകിപ്പോയതിനാൽ പിറ്റേന്നാൾവരെ തടങ്കലിൽ വയ്‍ക്കുകയും ചെയ്തു. എന്നാൽ അവരുടെ സന്ദേശം ശ്രദ്ധിച്ച അനേകമാളുകൾ വിശ്വസിച്ചു. വിശ്വസിച്ച പുരുഷന്മാരുടെ സംഖ്യ അങ്ങനെ അയ്യായിരത്തോളമായി. പിറ്റേദിവസം അവരുടെ അധികാരികളും ജനപ്രമുഖന്മാരും മതപണ്ഡിതന്മാരും യെരൂശലേമിൽ ഒരുമിച്ചുകൂടി. മഹാപുരോഹിതനായ ഹന്നാസും കയ്യഫാസും യോഹന്നാനും അലക്സാണ്ടറും മഹാപുരോഹിതകുടുംബത്തിൽപ്പെട്ട എല്ലാവരും അവിടെ കൂടിയിരുന്നു. അവർ അപ്പോസ്തോലന്മാരെ മധ്യത്തിൽ നിറുത്തിക്കൊണ്ടു ചോദിച്ചു: “എന്തധികാരംകൊണ്ട് അഥവാ ആരുടെ നാമത്തിലാണ് നിങ്ങൾ ഇതു ചെയ്തത്?” അപ്പോൾ പത്രോസ് പരിശുദ്ധാത്മപൂർണനായി ഇപ്രകാരം പറഞ്ഞു: “ഭരണാധിപന്മാരേ, ജനപ്രമുഖന്മാരേ, മുടന്തനായ ഈ മനുഷ്യനു ചെയ്ത ഉപകാരത്തെയും അയാൾ എങ്ങനെ സുഖം പ്രാപിച്ചു എന്നതിനെയും സംബന്ധിച്ചാണ് ഇന്നു ഞങ്ങളെ വിസ്തരിക്കുന്നതെങ്കിൽ, നിങ്ങൾ ക്രൂശിക്കുകയും മരിച്ചവരിൽനിന്നു ദൈവം ഉയിർപ്പിക്കുകയും ചെയ്ത നസറായനായ യേശുവിന്റെ നാമത്തിൽത്തന്നെയാണ് ഈ മനുഷ്യൻ പൂർണമായ ആരോഗ്യം പ്രാപിച്ചു നിങ്ങളുടെ മുമ്പിൽ നില്‌ക്കുന്നതെന്നു നിങ്ങളും ഇസ്രായേലിലെ ജനങ്ങൾ എല്ലാവരും അറിഞ്ഞുകൊള്ളുക. ‘വീടു പണിയുന്നവരായ നിങ്ങൾ തള്ളിക്കളഞ്ഞ കല്ല് മൂലക്കല്ലായിത്തീർന്നിരിക്കുന്നു.’ ആ കല്ലാണ് ഈ യേശു. മറ്റൊരുവനിലും രക്ഷയില്ല. നമുക്കു രക്ഷ പ്രാപിക്കുവാൻ ആകാശത്തിന്റെ കീഴിൽ മറ്റൊരു നാമവും മനുഷ്യർക്കു നല്‌കപ്പെട്ടിട്ടില്ല.”

TIRHKOHTE 4 വായിക്കുക