ഞങ്ങൾ രക്ഷപെട്ടു ചെന്നെത്തിയിരിക്കുന്നത് മാൾട്ടാദ്വീപിലാണെന്നു മനസ്സിലായി. ആ ദ്വീപിലെ ജനങ്ങൾ ഞങ്ങളോട് അസാമാന്യമായ ദയ കാണിച്ചു. മഴയും തണുപ്പും ഉണ്ടായിരുന്നതുകൊണ്ട് തീ കൂട്ടിതന്ന് അവർ ഞങ്ങളെ എല്ലാവരെയും സ്വീകരിച്ചു. പൗലൊസ് കുറെ വിറകു പെറുക്കിക്കൊണ്ടു വന്ന് തീയിലിട്ടു. ചൂടേറ്റപ്പോൾ അതിൽനിന്ന് ഒരു അണലി പുറത്തു ചാടി പൗലൊസിന്റെ കൈയിൽ ചുറ്റി. അത് കൈയിൽ തൂങ്ങിക്കിടക്കുന്നതു കണ്ടപ്പോൾ “ഈ മനുഷ്യൻ നിശ്ചയമായും ഒരു കൊലപാതകി ആയിരിക്കണം; കടലിൽനിന്നു രക്ഷപെട്ടിട്ടും ജീവിച്ചിരിക്കുവാൻ നീതിദേവി ഇയാളെ അനുവദിക്കുന്നില്ലല്ലോ” എന്ന് ആ ദ്വീപുനിവാസികൾ അന്യോന്യം പറഞ്ഞു. പൗലൊസ് ആകട്ടെ, ആ പാമ്പിനെ കുടഞ്ഞു തീയിലിട്ടു; ഒരു ഉപദ്രവവും അദ്ദേഹത്തിനുണ്ടായില്ല. അദ്ദേഹം നീരുവന്നു വീർക്കുകയോ, മരിച്ചു വീഴുകയോ ചെയ്യുമെന്ന് അവർ പ്രതീക്ഷിച്ചു. എന്നാൽ ദീർഘസമയം കാത്തിരുന്നിട്ടും അദ്ദേഹത്തിന് ഒരനർഥവും ഉണ്ടായില്ലെന്നു കണ്ടപ്പോൾ അവരുടെ ചിന്താഗതി മാറി അദ്ദേഹം ഒരു ദേവനാണെന്നു പറഞ്ഞു. അവിടെയടുത്ത് ആ ദ്വീപിന്റെ അധികാരിയായ പുബ്ലിയൊസിന് കുറെ സ്ഥലമുണ്ടായിരുന്നു. അദ്ദേഹം ഞങ്ങളെ സ്വീകരിച്ച് മൂന്നു ദിവസം സൗഹൃദപൂർവം സൽക്കരിച്ചു. പുബ്ലിയൊസിന്റെ പിതാവ് പനിയും അതിസാരവും പിടിച്ചു കിടപ്പിലായിരുന്നു; പൗലൊസ് അയാളെ സന്ദർശിച്ച് കൈകൾ വച്ചു പ്രാർഥിക്കുകയും രോഗം സുഖപ്പെടുത്തുകയും ചെയ്തു. ഈ സംഭവത്തിനുശേഷം ആ ദ്വീപിലെ മറ്റു രോഗികളും അദ്ദേഹത്തിന്റെ അടുക്കൽവന്നു സുഖം പ്രാപിച്ചു.
TIRHKOHTE 28 വായിക്കുക
പങ്ക് വെക്കു
എല്ലാ പരിഭാഷളും താരതമ്യം ചെയ്യുക: TIRHKOHTE 28:1-9
വാക്യങ്ങൾ സംരക്ഷിക്കുക, ഓഫ്ലൈനിൽ വായിക്കുക, അധ്യാപന ക്ലിപ്പുകൾ കാണുക എന്നിവയും മറ്റും!
ആദ്യത്തെ സ്ക്രീൻ
വേദപുസ്തകം
പദ്ധതികൾ
വീഡിയോകൾ