TIRHKOHTE 27:20-44

TIRHKOHTE 27:20-44 MALCLBSI

ദിവസങ്ങളോളം സൂര്യനെയോ നക്ഷത്രങ്ങളെയോ ഞങ്ങൾക്കു കാണാൻ കഴിഞ്ഞില്ല. കൊടുങ്കാറ്റ് അവിരാമം അടിച്ചുകൊണ്ടിരുന്നു. ഒടുവിൽ രക്ഷപെടാമെന്നുള്ള ഞങ്ങളുടെ സകല ആശയും അസ്തമിച്ചു. കപ്പലിൽ ഉണ്ടായിരുന്നവർ ഭക്ഷണം കഴിക്കാതെയായിട്ട് വളരെ ദിവസങ്ങളായിരുന്നു. അപ്പോൾ പൗലൊസ് അവരുടെ മധ്യത്തിൽ നിന്നുകൊണ്ട് ഇപ്രകാരം പ്രസ്താവിച്ചു: “സ്നേഹിതരേ, നിങ്ങൾ എന്റെ വാക്കുകൾ കേൾക്കേണ്ടതായിരുന്നു. അതനുസരിച്ച് ക്രീറ്റിൽനിന്നു പുറപ്പെടാതിരുന്നെങ്കിൽ ഈ കഷ്ടനഷ്ടങ്ങൾ ഒഴിവാക്കാമായിരുന്നല്ലോ. എങ്കിലും, ഇപ്പോൾ ഞാൻ നിങ്ങളോടു പറയുന്നു: ധൈര്യപ്പെടുക; നിങ്ങളിൽ ആർക്കും തന്നെ ജീവാപായം ഉണ്ടാകുകയില്ല; കപ്പലിനുമാത്രമേ നാശമുണ്ടാകൂ. ഞാൻ സേവിക്കുന്ന എന്റെ ഉടയവനായ ദൈവം അയച്ച ഒരു മാലാഖ കഴിഞ്ഞ രാത്രിയിൽ എന്റെ അടുക്കൽ വന്നു. ‘പൗലൊസേ, നീ ഭയപ്പെടേണ്ടാ; നീ കൈസറുടെ മുമ്പിൽ നില്‌ക്കേണ്ടതാകുന്നു; നിന്റെ കൂടെ യാത്രചെയ്യുന്നവരെല്ലാം നീ മൂലം രക്ഷപെടും’ എന്നു പറഞ്ഞു. അതുകൊണ്ട് സ്നേഹിതരേ, ധൈര്യപ്പെടുക! എന്നോടു പറഞ്ഞതുപോലെതന്നെ സംഭവിക്കുമെന്ന വിശ്വാസം എനിക്കു ദൈവത്തിലുണ്ട്. എങ്കിലും നാം ഒരു ദ്വീപിൽ ചെന്നു കുടുങ്ങേണ്ടിവരും.” അദ്രിയാറ്റിക് കടലിൽ ഞങ്ങൾ അലഞ്ഞു തിരിയുന്നതിന്റെ പതിനാലാമത്തെ രാത്രിയിൽ ഏതാണ്ട് അർധരാത്രി സമയത്ത്, കരയോട് അടുത്തെത്തിയെന്നു നാവികർക്കു തോന്നി. അതുകൊണ്ട് അവർ ആഴം അളന്നുനോക്കി. ഏകദേശം നാല്പതു മീറ്റർ ആഴമുണ്ടെന്ന് അവർക്കു മനസ്സിലായി. കുറച്ചുകൂടി കഴിഞ്ഞ് അവർ വീണ്ടും അളന്നപ്പോൾ മുപ്പതു മീറ്റർ എന്നു കണ്ടു. കപ്പൽ പാറക്കെട്ടിൽ ചെന്നു മുട്ടിയേക്കുമെന്നു ഭയപ്പെട്ട് അവർ അമരത്തുനിന്ന് നാലു നങ്കൂരമിട്ടു; നേരം വെളുക്കുന്നതിന് അത്യാകാംക്ഷയോടെ കാത്തിരുന്നു. പുലർച്ചയായപ്പോൾ നാവികർ കപ്പൽ ഉപേക്ഷിച്ച് രക്ഷപെടുവാൻ ശ്രമിച്ചു. അവർ അണിയത്തുനിന്ന് നങ്കൂരമിടുവാനെന്ന ഭാവത്തിൽ തോണി കടലിലിറക്കി. അപ്പോൾ പൗലൊസ് ശതാധിപനോടും പടയാളികളോടും പറഞ്ഞു: “ഈ മനുഷ്യർ കപ്പലിൽ നിന്നിറങ്ങിയാൽ നിങ്ങൾക്കു രക്ഷപെടുവാൻ കഴിയുകയില്ല.” അതുകൊണ്ട് പടയാളികൾ തോണിയുടെ കയർ അറുത്തുവിട്ടുകളഞ്ഞു. നേരം പുലരാറായപ്പോൾ എല്ലാവരെയും ഭക്ഷണം കഴിക്കുവാൻ പൗലൊസ് നിർബന്ധിച്ചു. അദ്ദേഹം പറഞ്ഞു: “നിങ്ങൾ ഒരാഹാരവും കഴിക്കാതെയായിട്ട് പതിനാലു ദിവസമായല്ലോ. അതുകൊണ്ട്, നിങ്ങൾ എന്തെങ്കിലും കഴിക്കണമെന്ന് ഞാൻ അപേക്ഷിക്കുന്നു. നിങ്ങളുടെ ജീവൻ അവശേഷിക്കുന്നതിന് അത് അത്യാവശ്യവുമാണല്ലോ; നിങ്ങളുടെ തലയിലെ ഒരു രോമംപോലും നഷ്ടപ്പെടുകയില്ല.” ഇങ്ങനെ പറഞ്ഞശേഷം എല്ലാവരുടെയും മുമ്പിൽവച്ച് അദ്ദേഹം അപ്പമെടുത്ത് ദൈവത്തിനു സ്തോത്രം ചെയ്തശേഷം മുറിച്ചു തിന്നുവാൻ തുടങ്ങി. അപ്പോൾ എല്ലാവരും ധൈര്യംപൂണ്ടു ഭക്ഷണം കഴിച്ചു. കപ്പലിൽ ഞങ്ങൾ മൊത്തം ഇരുനൂറ്റെഴുപത്താറു പേരുണ്ടായിരുന്നു. അവർ മതിയാകുവോളം ഭക്ഷിച്ചശേഷം കോതമ്പ് കടലിൽ കളഞ്ഞ് കപ്പലിന്റെ ഭാരം കുറച്ചു. പ്രഭാതമായപ്പോൾ എവിടെയാണ് എത്തിയിരിക്കുന്നതെന്ന് നാവികർക്കു മനസ്സിലായില്ല; എങ്കിലും ഒരു ഉൾക്കടലും അതിന്റെ കരയും കണ്ടു. കഴിയുമെങ്കിൽ കപ്പൽ അവിടെ അടുപ്പിക്കണമെന്ന് അവർ തീരുമാനിച്ചു. അവർ നങ്കൂരം അറുത്തു കടലിൽ ഇട്ടു; ചുക്കാന്റെ കെട്ടും അഴിച്ചു കാറ്റിന് അഭിമുഖമായി പായ് ഉയർത്തി കരയെ ലക്ഷ്യമാക്കി കപ്പൽവിട്ടു. അത് രണ്ടു കടൽ സന്ധിക്കുന്ന സ്ഥാനമായിരുന്നതിനാൽ, കപ്പൽ മണൽത്തിട്ടയിൽ ചെന്നുകയറി അണിയം ഉറച്ചു; കപ്പൽ അവിടെനിന്ന് ഇളകാതെയായി. തിരത്തല്ലേറ്റ് കപ്പലിന്റെ അമരം തകർന്നു. തടവുകാർ നീന്തി രക്ഷപെടാതിരിക്കുന്നതിന് അവരെ കൊല്ലണമെന്ന് പടയാളികൾ വിചാരിച്ചു. ശതാധിപനാകട്ടെ പൗലൊസിനെ രക്ഷിക്കണമെന്നാഗ്രഹിച്ചതുകൊണ്ട് പടയാളികളുടെ ഉദ്യമം തടഞ്ഞു. നീന്താൻ കഴിവുള്ളവർ ആദ്യം കടലിൽ ചാടി നീന്തിയും, ബാക്കിയുള്ളവർ പലകകളിലും കപ്പലിന്റെ അവശിഷ്ടങ്ങളിലും പിടിച്ചും കരയ്‍ക്കെത്തുവാൻ അദ്ദേഹം ആജ്ഞാപിച്ചു. അങ്ങനെ എല്ലാവരും സുരക്ഷിതരായി കരയ്‍ക്കെത്തി.

TIRHKOHTE 27 വായിക്കുക