TIRHKOHTE 26:12-23

TIRHKOHTE 26:12-23 MALCLBSI

“അതിനുവേണ്ടിയാണ് പുരോഹിതമുഖ്യന്മാരിൽനിന്ന് അധികാരപത്രവും ഉത്തരവും വാങ്ങിക്കൊണ്ട് ഞാൻ ദമാസ്കസിലേക്കു പോയത്. അല്ലയോ രാജാവേ, മാർഗമധ്യേ, മധ്യാഹ്നസമയത്ത്, സൂര്യപ്രകാശത്തെ അതിശയിക്കുന്ന ഒരു പ്രകാശം ആകാശത്തുനിന്ന് എന്റെയും എന്റെകൂടെ യാത്രചെയ്തവരുടെയും ചുറ്റും മിന്നിത്തിളങ്ങി. ഉടനെ ഞങ്ങളെല്ലാവരും നിലംപതിച്ചു: ‘ശൗലേ, ശൗലേ, നീ എന്തിന് എന്നെ പീഡിപ്പിക്കുന്നു? മുള്ളിന്റെ നേരെ ഉതയ്‍ക്കുന്നതുമൂലം നിനക്കു തന്നെയാണു വേദനിക്കുന്നത്’ എന്ന് എബ്രായഭാഷയിൽ എന്നോടു പറയുന്ന ഒരു ശബ്ദം ഞാൻ കേൾക്കുകയും ചെയ്തു. ‘കർത്താവേ, അവിടുന്ന് ആരാകുന്നു?’ എന്നു ഞാൻ ചോദിച്ചു. ഉടനെ കർത്താവ് അരുൾചെയ്തു: ‘നീ ദ്രോഹിക്കുന്ന യേശുവാണു ഞാൻ. നീ എഴുന്നേറ്റ് നിവർന്നു നില്‌ക്കുക; നീ ഇന്ന് എന്നെ ദർശിച്ചു എന്നതിനും, ഇനിയും ഞാൻ നിനക്കു കാണിച്ചു തരുവാൻ പോകുന്ന കാര്യങ്ങൾക്കും സാക്ഷ്യം വഹിക്കുവാൻ, എന്റെ സേവകനായി നിന്നെ നിയമിക്കുന്നതിനാണ് ഞാൻ നിനക്കു പ്രത്യക്ഷനായത്. ഇസ്രായേൽജനങ്ങളുടെയും വിജാതീയരുടെയും അടുക്കലേക്കു ഞാൻ നിന്നെ അയയ്‍ക്കുന്നു; അവരുടെ കൈയിൽനിന്നു ഞാൻ നിന്നെ രക്ഷിക്കും. അവരുടെ കണ്ണുകൾ തുറന്ന് ഇരുളിൽനിന്നു വെളിച്ചത്തിലേക്കും സാത്താന്റെ അധികാരത്തിൽനിന്നു ദൈവത്തിങ്കലേക്കും തിരിയുന്നതിനും അങ്ങനെ അവർ പാപമോചനവും എന്നിലുള്ള വിശ്വാസത്താൽ വിശുദ്ധീകരിക്കപ്പെട്ടവരുടെ ഗണത്തിൽ ഓഹരിയും പ്രാപിക്കുന്നതിനുമാണ് ഞാൻ നിന്നെ അയയ്‍ക്കുന്നത്. “അതുകൊണ്ട്, അല്ലയോ അഗ്രിപ്പാരാജാവേ, ആ സ്വർഗീയദർശനത്തെ ഞാൻ അനുസരിക്കുക മാത്രമാണു ചെയ്തത്. എല്ലാവരും അനുതപിച്ചു ദൈവത്തിങ്കലേക്കു തിരിയണമെന്നും മാനസാന്തരത്തിനു യോഗ്യമായ പ്രവൃത്തികൾ ചെയ്യണമെന്നും, ആദ്യം ദമാസ്കസിലും പിന്നീട് യെരൂശലേമിലും അതിനുശേഷം യെഹൂദ്യനാട്ടിലെല്ലായിടത്തും, വിജാതീയരുടെ ഇടയിലും ഞാൻ പ്രസംഗിച്ചു. ഇക്കാരണത്താലാണ് യെഹൂദന്മാർ ദേവാലയത്തിൽവച്ച് എന്നെ പിടിച്ചു വധിക്കുവാൻ ഉദ്യമിച്ചത്. ഇന്നുവരെ ദൈവത്തിന്റെ സഹായം എനിക്കു ലഭിച്ചു. അതുകൊണ്ടു വലിയവരോടും ചെറിയവരോടും ഒരുപോലെ ഇവിടെ നിന്നുകൊണ്ട് എന്റെ സാക്ഷ്യം പറയുന്നു. ക്രിസ്തു കഷ്ടം അനുഭവിക്കണമെന്നും, അവിടുന്നു മരിച്ചവരിൽനിന്ന് ആദ്യമായി പുനരുത്ഥാനം ചെയ്ത് സ്വജാതീയർക്കും വിജാതീയർക്കും രക്ഷയുടെ ഉദയം വിളംബരം ചെയ്യുമെന്നും മോശയും പ്രവാചകന്മാരും പറഞ്ഞിട്ടുണ്ടല്ലോ. അതല്ലാതെ മറ്റൊന്നും ഞാൻ പറയുന്നില്ല.”

TIRHKOHTE 26 വായിക്കുക